ആറ്റുകാല്‍ അമ്മയ്ക്ക് പ്രാര്‍ത്ഥനകളോടെ പൊങ്കാലയര്‍പ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍; ഈ വര്‍ഷത്തെ് ആറ്റുകാല്‍ പൊങ്കാല അവസാനിച്ചു; 1.15-ഓടെ പൊങ്കാല നിവേദിച്ചതോടെ ആത്മനിര്‍വൃതിയില്‍ ഭക്തര്‍ മടങ്ങി; രാത്രി 1ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനം

Update: 2025-03-13 08:53 GMT

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍. ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല അവസാനിച്ചു. രാവിലെ 10.15ന് പണ്ടാരയടുപ്പില്‍ തീപകര്‍ന്നതോടെ പൊങ്കാല ആരംഭിച്ചു. ഉച്ചയ്ക്ക് 1.15-ഓടെ പൊങ്കാല നിവേദിച്ചതോടെ ആത്മനിര്‍വൃതിയില്‍ ഭക്തര്‍ മടങ്ങി. ദിവസങ്ങള്‍ക്കു മുമ്പു തന്നെ പൊങ്കാലയ്ക്കായി നിരവധി പേര്‍ ക്ഷേത്ര സന്നിയില്‍ എത്തിയിരുന്നു.

ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ഇത്തവണ പൊങ്കാല നടന്നത്. കര്‍ശന സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പൊങ്കാലയിട്ടു മടങ്ങുന്നവര്‍ക്ക് പോകുന്നതിനായി കെഎസ്ആര്‍ടിസിയും റെയില്‍വെയും വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ നഗരം വൃത്തിയാക്കും.

തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകര്‍ന്നതോടെയാണു പൊങ്കാലയ്ക്കു തുടക്കമായത്. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകര്‍ന്നു. പിന്നാലെ ഭക്തര്‍ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകി. ഉച്ചയ്ക്ക് 1.15ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു.

ദുഃഖങ്ങളെ കനലിലെരിയിച്ച്, ജീവിതാനന്ദത്തിന്റെ മധുരം നിവേദിച്ച പൊങ്കാലയുമായി മടങ്ങാന്‍ ഭക്തലക്ഷങ്ങളാണു തലസ്ഥാനത്ത് എത്തിയിട്ടുള്ളത്. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍കുത്തും. 11.15ന് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

Tags:    

Similar News