തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായുള്ള മാറ്റത്തിനെതിരെ ബി അശോക് ഐഎഎസ് നിയമനടപടിക്ക്; ചുമതല ഏറ്റെടുക്കില്ലെന്ന് സൂചന; ഐഎഎസുകാര്‍ക്കിടയിലെ ചേരി പോരിന് പുതിയ മുഖം; അശോകിന് വിനായായത് വയനാട് പുനരധിവാസത്തിലെ എതിര്‍പ്പുകളോ? ഊരാളുങ്കല്‍ ഫാക്ടറും ചര്‍ച്ചകളില്‍

Update: 2025-01-11 01:56 GMT

തിരുവനന്തപുരം: തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായുള്ള മാറ്റത്തിനെതിരെ ബി അശോക് ഐഎഎസ് നിയമനടപടിക്ക്. ചികിത്സാ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ചുമതല ഏറ്റെടുക്കില്ല. കമ്മിഷന്‍ ഇതുവരെ രൂപീകരിക്കുകയോ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിക്കുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരുടെ സമ്മതത്തോടെയാണ് ഡപ്യൂട്ടേഷനില്‍ നിയമിക്കേണ്ടതെങ്കിലും അശോകിന്റെ സമ്മതം വാങ്ങുകയോ വകുപ്പിനെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇതു നിയമപരമായി ചോദ്യം ചെയ്യാനാകും. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റിനെ സെക്രട്ടറിയേറ്റില്‍ നിന്നും മാറ്റുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

വകുപ്പു സെക്രട്ടറിമാരുടെ പല യോഗങ്ങളിലും സര്‍ക്കാര്‍ തീരുമാനങ്ങളുടെ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങള്‍ അശോക് ചൂണ്ടികാട്ടിയതും പ്രശ്‌നമായി എന്നാണ് റിപ്പോര്‍ട്ട്. വയനാട് പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ അശോക് എതിര്‍ത്തിരുന്നു. പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ് നിര്‍മാണക്കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു ടെന്‍ഡറില്ലാതെ നല്‍കിയതും ചോദ്യം ചെയ്യപ്പെട്ടു. ഇതോടെയാണ് അശോകിനെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റുന്നത്. കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കൃഷിവകുപ്പില്‍നിന്ന് ബി.അശോകിനെയും മാറ്റിയതോടെ മന്ത്രി പി പ്രസാദും വെട്ടിലായി. സര്‍ക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു പക്ഷത്തും സര്‍ക്കാരിന്റെ ചില തീരുമാനങ്ങളെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ മറുപക്ഷത്തുമായി.

സെക്രട്ടറിയേറ്റിലെ വകുപ്പില്‍നിന്ന് മാറ്റിയായിരിക്കും അശോകിനെ നിയമിക്കുക. പ്രശാന്തിന് പരോക്ഷപിന്തുണ നല്‍കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് അശോകിന് കമ്മിഷന്റെ ചുമതല നല്‍കിയതെന്ന സൂചനയുണ്ട്. ചീഫ് സെക്രട്ടറിയാണ് ഉദ്യോഗസ്ഥമാറ്റം സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭയിലവതരിപ്പിച്ചത്. ഐ.എ.എസ്. തലത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുംദിവസങ്ങളിലുണ്ടായേക്കും. തദ്ദേശ സ്വയംഭരണവകുപ്പില്‍ നിലവിലുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെകൂടി അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുകയാണ് കമ്മിഷന്റെ ഉദ്ദേശ്യം

മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരായ വകുപ്പ് തല അന്വേണഷം വെറുതെയായി. കുറ്റമൊന്നും കണ്ടെത്താന്‍ കഴിയാതെ രണ്ടു മാസം കൊണ്ട് ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു. ഇതോടെ ക്ലീന്‍ ചിറ്റ് കിട്ടുകയാണ് ഗോപാലകൃഷ്ണന്. അതിനിടെ ബി.അശോകിനെ കൃഷിവകുപ്പില്‍ നിന്നു മാറ്റി തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് വകുപ്പുമന്ത്രി പോലും അറിയാതെയാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതിന് പിന്നിലെ ഗൂഡാലോചന ഐഎഎസുകാര്‍ക്കിടയില്‍ ചേരിപോരായി മാറും. സര്‍ക്കാരിനെ അനുകൂലിക്കുന്നവരും ചോദ്യം ചെയ്യുന്നവരുമെന്ന രണ്ട് ഗ്രൂപ്പ് ഉണ്ടാകുന്നുണ്ട്.

മന്ത്രിസഭയില്‍ വിഷയം എത്തിയപ്പോഴാണ് മന്ത്രി അറിയുന്നത്. കൃഷിവകുപ്പില്‍ ഒട്ടേറെ വന്‍കിട പദ്ധതികള്‍ക്കു തുടക്കമിട്ടിരിക്കെ ഇതിനു ചുക്കാന്‍ പിടിക്കുന്ന സെക്രട്ടറിയെ മാറ്റിയതിനാല്‍ വകുപ്പിനു കടുത്ത അതൃപ്തിയുണ്ട്. സെക്രട്ടറിയെ മാറ്റുന്ന കാര്യം കൃഷിമന്ത്രിയുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യാത്തതിനാല്‍ നീക്കത്തെ തടയാനും കഴിഞ്ഞില്ല. കൃഷി മന്ത്രി പി പ്രസാദ് തീര്‍ത്തും അതൃപ്തനാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയാണ്. അധികാരവും മുഖ്യമന്ത്രിക്കുണ്ട്. ഇതുപയോഗിച്ചാണ് അശോകനെ മാറ്റുന്നത്. ഐഎഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് പി അശോക്. മുമ്പും ഇത്തരത്തിലുള്ള അപ്രതീക്ഷിത മാറ്റങ്ങള്‍ അശോകനെതിരെ ഉണ്ടായിട്ടുണ്ട്.

ആരോഗ്യ കാരണങ്ങളാല്‍ അവധിയെടുക്കുന്നതിനാല്‍ അദ്ദേഹം ഉടന്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളിലേക്കു കടക്കില്ലെന്നാണു സൂചന. അശോകിനു പകരം ആരെ കൃഷിവകുപ്പിലേക്കു നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല. സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍.പ്രശാന്തിനു ബി.അശോകിന്റെ പിന്തുണയുണ്ടെന്ന ധാരണയിലാണ് വകുപ്പില്‍ നിന്നുള്ള മാറ്റമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സംസാരം. കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പദവിയില്‍ നിന്നാണ് പ്രശാന്തിനെ സസ്പെന്റ് ചെയ്തത്. അടുത്ത കാലത്തൊന്നും പ്രശാന്തിനെ തിരിച്ചെടുക്കില്ലെന്നാണ് വിലയിരുത്തല്‍.

ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അശോക്. കമ്മിഷന്‍ അധ്യക്ഷനാകുന്നതോടെ ഈ പദവി ഒഴിയണമെന്ന ആവശ്യം ഐഎഎസിലെ എതിര്‍ലോബി ശക്തമാക്കും. ഇതിന് വേണ്ടി കൂടിയാണ് മാറ്റമെന്നാണ് സൂചന. തദ്ദേശ വകുപ്പിലെ നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടാണ് തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ രൂപീകരിക്കുന്നത്. ഐഎഎസ് അസോസിയേഷനെ കുറേ നാളായി നയിക്കുന്നത് ബി അശോകാണ്. ഇത് കാരണം പല വിഷയങ്ങളിലും നീതിയുടെ ഭാഗത്ത് അസോസിയേഷന്‍ നില്‍ക്കുന്നു. പ്രശാന്തിന് പോലും അസോസിയേഷനില്‍ നിന്നും നിയമോപദേശം കിട്ടുമോ എന്ന സംശയം ഇടതു കേന്ദ്രങ്ങള്‍ക്കുണ്ട്.ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റായി ഇടതു സര്‍ക്കാരിന്റെ അതിവിശ്വസ്തനായ ഒരാളെ എത്തിക്കാനാണ് നീക്കം.

ബി അശോക്‌

Tags:    

Similar News