യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ; ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; നിരപരാധിക്ക് നീതി കിട്ടണം; വൈറല്‍ ആകാന്‍ എന്ത് നെറികേടും ചെയ്യാമോ? സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളെന്ന് ഭാഗ്യലക്ഷ്മി
യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ
തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയുള്ള യുവതിയുടെ ആരോപണ വീഡിയോ വന്നതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും യുവാവിന്റെ മരണത്തിന് ഉത്തരവാദികളെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
വീഡിയോ പ്രചരിപ്പിച്ച സ്ത്രീയും സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. വ്യക്തമായ ചോദ്യമില്ലാതെ അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ നിശബ്ദമായി ഒരു ജീവന്‍ നഷ്ടമായെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
''ബസ്സില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലര്‍ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വിഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു.
ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷേ ഈ വിഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്? ഒരു ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതില്‍ ഒന്നുപോലും നഷ്ടമായാല്‍, അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണ്.
ഒരാളുടെ നിരപരാധിത്വം തെളിയിക്കാന്‍ /വിശ്വസിപ്പിക്കാന്‍ ആ വ്യക്തിക്ക് സ്വന്തം ജീവന്‍ നല്‍കേണ്ടിവരുന്നു. അയാള്‍ മരിച്ചില്ലായിരുന്നു എങ്കില്‍ സോഷ്യല്‍ മീഡിയയിലെ ജഡ്ജിമാര്‍ രണ്ട് വിഭാഗമായേനെ. വിഡിയോ വന്ന ഉടനെ അയാള്‍ക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാള്‍ ജീവനൊടുക്കിയത്. അപ്പോള്‍ ആ പെണ്ണിനും അവരുടെ വിഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.
കാള പെറ്റു എന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തില്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ നിശബ്ദമായി ഒരു ജീവന്‍ പോയി.''ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
