റോയിയെ ഉദ്യോഗസ്ഥര്‍ അപായപ്പെടുത്തിയതോ? ഫോണ്‍ പോലും വാങ്ങി വെക്കുമ്പോള്‍ കൈയില്‍ എങ്ങനെ തോക്ക് വന്നു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുടെ മരണത്തില്‍ ഗൂഢാലോചന മണത്ത് മല്ലൂസ്; ഐടി റെയ്ഡിലെ ആ 20 മിനിറ്റില്‍ സംഭവിച്ചത് എന്ത്? വിശകലനവുമായി ബൈജു സ്വാമി
ഐടി റെയ്ഡിലെ ആ 20 മിനിറ്റില്‍ സംഭവിച്ചത് എന്ത്? വിശകലനവുമായി ബൈജു സ്വാമി
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിയോഗത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ബിസിനസ് ലോകത്തും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. മൊബൈല്‍ ഫോണ്‍ പോലും വാങ്ങിവെച്ച് റെയ്ഡ് നടത്തുന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ എങ്ങനെ തോക്ക് എത്തി എന്നതടക്കമുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ (Conspiracy Theories) ഉയരുമ്പോള്‍, ഇതിനെ വസ്തുതകള്‍ നിരത്തി വിശകലനം ചെയ്യുകയാണ് പ്രമുഖ ബിസിനസ് നിരീക്ഷകനായ ബൈജു സ്വാമി
റെയ്ഡും കൊലപാതക വാദവും
ബൈജു സ്വാമിയുടെ കുറിപ്പില്‍ റോയിയുടെ മരണത്തെക്കുറിച്ച് ചില നിര്‍ണ്ണായക നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. റെയ്ഡ് നടത്തിയത് ആദായനികുതി വകുപ്പാണ്, ഇ.ഡി അല്ല. നികുതി വെട്ടിപ്പിന്റെ പേരില്‍ ആരെയെങ്കിലും ജയിലിലടക്കാന്‍ ഐടി വകുപ്പിന് പെട്ടെന്ന് സാധിക്കില്ല. ബിനാമി ആക്ട് പ്രകാരമുള്ള രേഖകള്‍ ശേഖരിക്കാനാണ് സാധാരണ ഇത്തരം റെയ്ഡുകള്‍ നടക്കുന്നത്.
ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ ഉണ്ടായ മാനസിക തകര്‍ച്ചയാകാം ആത്മഹത്യയിലേക്ക് നയിച്ചത്. കുടുംബം കൂടി പ്രതിക്കൂട്ടിലാകുമെന്ന ഭയം ഒരു മനുഷ്യനെ തകര്‍ക്കാന്‍ പര്യാപ്തമാണ്. സംരംഭകര്‍ (Entrepreneurs - അന്ത്രുമാന്‍മാര്‍) തങ്ങളുടെ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുമ്പോള്‍ പാലിക്കേണ്ട ചില മുന്‍കരുതലുകളെക്കുറിച്ച് ബൈജു സ്വാമി ഓര്‍മ്മിപ്പിക്കുന്നു:
ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ എത്തുന്നതുവരെ കണക്കുകള്‍ സുതാര്യമായിരിക്കണം. ഇതിനായി മികച്ച സിഇഒമാരെയും ഗ്ലോബല്‍ ഓഡിറ്റര്‍മാരെയും നിയമിക്കണം. ബിസിനസ്സില്‍ പുക ഉയരാതിരിക്കാന്‍ നല്ലൊരു സിഎഫ്ഒയ്ക്കും കോര്‍പ്പറേറ്റ് ലോയര്‍ക്കും വേണ്ടി പണം ചെലവഴിക്കുന്നത് വീടിന് ഫയര്‍ എക്സ്റ്റിംഗുഷര്‍ വാങ്ങുന്നത് പോലെയാണ്. അത് 99% അപകടങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.
സാമ്പത്തിക കുറ്റകൃത്യങ്ങളെ പോക്‌സോ കേസുകളെക്കാള്‍ കഠിനമായ രീതിയില്‍ കാണുന്ന വ്യവസ്ഥിതി മാറണം. അന്വേഷണ ഘട്ടത്തില്‍ പ്രതികള്‍ക്ക് അന്തസ്സുള്ള സാഹചര്യം ഒരുക്കേണ്ടത് അനിവാര്യമാണ്.
'ചിരിച്ചുകൊണ്ട് ജയിലിലേക്ക് പോകുന്ന കട്ടിള വാസുവിനെപ്പോലെയുള്ളവരെ റോള്‍ മോഡലായി കണ്ടിരുന്നെങ്കില്‍ റോയ് ഇങ്ങനെയൊരു തീരുമാനമെടുക്കില്ലായിരുന്നു.' - ബൈജു സ്വാമി പരിഹാസരൂപേണ കുറിക്കുന്നു.
സി.ജെ. റോയിയുടെ മരണം ഇന്ത്യന്‍ ബിസിനസ് ലോകത്തിന് വലിയൊരു പാഠമാണ്. വിജയത്തിന്റെ ഉത്തുംഗതയില്‍ നില്‍ക്കുമ്പോഴും നിയമപരമായ പഴുതുകള്‍ അടച്ചുമാത്രം മുന്നോട്ടുപോവുക എന്നതാണ് ഒരു സംരംഭകന് ചെയ്യാവുന്ന ഏറ്റവും വലിയ സുരക്ഷാ മുന്‍കരുതല്‍.
ബൈജു സ്വാമിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ റോയ് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയമുണ്ട്, അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പോലും വാങ്ങി എടുക്കുമ്പോള്‍ കൈയില്‍ എങ്ങനെ റിവോള്‍വര്‍ ഉണ്ടാകും, ഉദ്യോഗസ്ഥര്‍ അപായപ്പെടുത്തിയതാകാന്‍ സാധ്യതയുണ്ട്..ഇങ്ങനെ കോണ്‍സ്പിരസി തിയറികള്‍ ഇറക്കുകയാണ് ഒരു വിഭാഗം മല്ലൂസ്.
ഒന്നാമതായി പറയട്ടെ, റോയിയെ റെയ്ഡ് ചെയ്തത് ആദായ നികുതി വകുപ്പാണ്, അല്ലാതെ ഇ ഡി അല്ല. ഇ ഡി ആണെങ്കില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഭീഷണിപ്പെടുത്തി ജി യ്ക്ക് ഇലക്ടറല്‍ ബോണ്ട് ഒപ്പിക്കാനുള്ള പണിയാണെന്നൊക്കെ ഒരു വാദത്തിന് സമ്മതിക്കാം. പക്ഷെ ആദായ നികുതി വകുപ്പിന് ആരെയെങ്കിലും നേരെ ചെന്ന് പിടിച്ച് ജയിലില്‍ ആക്കാന്‍ ഒന്നും ആകില്ല. കൂടാതെ ആദായ നികുതി വകുപ്പ് റെയ്ഡിന് മുന്‍പ് നോട്ടീസ് അയക്കുന്ന പതിവുണ്ട്. തുടര്‍ന്ന് കൃത്യമായ നികുതി വെട്ടിപ്പ് ഉണ്ടെന്ന ബോധ്യം വരുമ്പോള്‍ ആണ് റെയ്ഡും, ഓഫീസ് സീല്‍ ചെയ്യാനുമൊക്കെ ശ്രമിക്കുന്നത്. ചെറുകിട നികുതി വെട്ടിപ്പ് ഒന്നും റെയ്ഡില്‍ എത്താറില്ല എന്ന് മാത്രമല്ല രേഖകള്‍ പൂഴ്ത്തുന്നതും എന്തെങ്കിലും വന്‍ തിരിമറി ഉണ്ടെങ്കില്‍ മാത്രമേ സാധാരണ ഗതിയില്‍ റെയ്ഡിന് തുനിയാറുള്ളൂ. ബിനാമി ആക്റ്റ് വന്നതിന് ശേഷം ഡോക്യൂമെന്റസ് പിടിച്ചെടുക്കാനാണ് റെയ്ഡുകള്‍ നടത്താറുള്ളത്. കാരണം ബിനാമി ആക്റ്റ് വെച്ച് കോടതിയില്‍ ചോദ്യം ചെയ്യുമ്പോള്‍ റെവന്യു രേഖകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പായ വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടാനുള്ള വിഷമം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നത് കൊണ്ടാണ്.
റോയിയുടെ ആത്മഹത്യ നമ്മളെ ഞെട്ടിക്കുന്നതും വാര്‍ത്താ പ്രാധാന്യം ഉള്ളതും ആക്കിയത് അദ്ദേഹം ഒരു ലാര്‍ജര്‍ ദാന്‍ ലൈഫ് ജീവിത ശൈലിയും റാഗ് ടു റിച്ചസ് സ്റ്റോറി ആയത് കൊണ്ടുമുള്ള, വിനോദ് വ്യവസായത്തില്‍ ഉള്ളയാളായതും എല്ലാം കൊണ്ടാണ്. നിര്‍ഭാഗ്യകരമായ സംഭവം എന്ന് പറയാമെങ്കിലും ഖേരളാ പൗലോസ് പിടിച്ചു കൊണ്ട് പോയി ഉരുട്ടിക്കൊല്ലുന്നത് പോലെ ഒന്നിന് മുകളില്‍ അതിനെ കാണുമ്പോള്‍ എന്തോ ഒരു വല്ലായ്ക തോന്നുന്നു. എത്രയോ നിസാര കുറ്റത്തിന് പോലീസ് ഹരാസ്‌മെന്റ്‌റ് നിത്യേന സാധാരണ മലയാളി അനുഭവിക്കുന്നുവെന്ന് ആലോചിക്കൂ.
സംരംഭകര്‍ക്ക് രക്ഷപ്പെടാനുള്ള ഏകമാര്‍ഗ്ഗം തന്റെ മറ്റൊരു പോസ്റ്റില്‍ ബൈജു സ്വാമി വിശദീകരിക്കുന്നുണ്ട്.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ റോയിയുടെ ആത്മഹത്യ കേട്ടപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല. കാരണം ആദ്യ തലമുറ ബിസിനസ്മാന്‍ എല്ലാം ഒരിക്കലെങ്കിലും ഇന്‍കം ടാക്സ് റെയ്ഡ് ഉറപ്പായും നേരിടേണ്ടി വരും. വീട്ടില്‍ അല്ലെങ്കില്‍ ഓഫീസില്‍ നാമെല്ലാം ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ വാങ്ങി വെയ്ക്കുന്നത് വീട് തീപിടുത്തത്തില്‍ പെട്ട് നശിക്കാതെ ഇരിക്കാനാണ്. എന്ന് പറഞ്ഞത് പോലെ ഞാന്‍ പരിചയപ്പെടുന്ന എല്ലാ ഫസ്റ്റ് ജെനെറേഷന്‍ അന്ത്രൂസിനോടും (എന്റര്‍പ്രെന്യുറിന്റെ പ്ലൂറല്‍) ഞാന്‍ പറയാറുണ്ട്. till you make it to the billion dollar club keep your books clean. അങ്ങനെ പറയാന്‍ കാരണം നികുതി വെട്ടിപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു റെയ്ഡില്‍ കുരുങ്ങിയാല്‍ പിന്നെ വീടിന്റെയും ഓഫീസിന്റെയും പുക കാണുമെന്ന് ഉറപ്പാണ്.
ഒരു ഐ ടി റെയ്ഡ് വഴി ഒരു അന്ത്രുവിനെയല്ല ഐ ടി ബാബൂസ് പിടിക്കുന്നത്. അത് ഒരു സപ്പ്‌ളൈ ചെയിന്‍ ആണ്. അന്ത്രുവുമായി സാമ്പത്തികവും 'സാങ്കേതികവുമായ' ബന്ധങ്ങള്‍ ഉള്ളവരിലേക്കുള്ള ബി നിലവറയുടെ വാതിലാണ് തുറന്ന് കിട്ടുന്നത്. അതില്‍ നിന്നൊക്കെ രക്ഷപെടാനുള്ള ഏക മാര്‍ഗം അന്ത്രൂസ് തുടക്കത്തില്‍ തന്നെ എക്‌സ്പീരിയന്‍സ്ഡ് ആയ സി ഇ ഓ, ബിഗ് ഫോര്‍ ഗ്ലോബല്‍ ഓഡിറ്റര്‍, നല്ലൊരു കോര്‍പറേറ്റ് ലോയര്‍ എന്നിവരുടെ ടീം ഉണ്ടാക്കുക. വെറും കണക്കപ്പിള്ള മാത്രമായ ബി കോം ഫസ്റ്റ് ക്ളാസിനപ്പുറം ലോകമുണ്ടെന്ന് അറിയാവുന്ന നല്ലൊരു CFO യെ നിയമിക്കുക. ഇതിനൊക്കെ വേണ്ടി ഫയര്‍ എക്സ്റ്റിംഗ്വിഷറിന് മുടക്കുന്നത് പോലെ ടേണ്‍ ഓവറിന്റെ 3 % വേണ്ടി വന്നേക്കാം. പക്ഷെ അത് ചിതയിലെ തീ പിടിക്കാതെ അന്ത്രുമാന്‍മാരെ 99% സമയത്തും രക്ഷിക്കും. ബാക്കി ഒരു ശതമാനം രാഷ്ട്രീയ പകപോക്കല്‍ വഴിയുള്ള തീവെപ്പാണ്. അത് ഇന്ത്യയില്‍ മാത്രമല്ല അമേരിക്കാവില്‍ പോലും ഉള്ള തീ വെയ്പ്പ് ആണ്. അത് തടയാന്‍ തീ കൊളുത്തുന്നവര്‍ക്കെ കഴിയൂ.
ഞാന്‍ ഈ എഴുതിയതിന്റെ അര്‍ഥം റോയ് അങ്ങനെ ഉള്ള സംവിധാനം ഇല്ലാത്ത അന്ത്രു ആയിരുന്നെന്ന് വ്യാഖ്യാനിക്കരുത്. റോയിയുടെ പ്രശ്നം അദ്ദേഹം എന്തെങ്കിലും ഗുലുമാല്‍ ആയാല്‍ കുടുംബം അടക്കം ജയിലില്‍ ആകുമെന്നോ മറ്റോ ഉള്ള ഭീഷണിയില്‍ ഭയന്നതാകാം. അല്ലെങ്കില്‍ മേല്‍പറഞ്ഞ ഏതോ അന്ത്രുമാനെ റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ എന്തെങ്കിലും രേഖകളുടെ പശ്ചാത്തലത്തില്‍ ഉള്ള രൂക്ഷമായ ചോദ്യത്തിന് ഉത്തരം ഇല്ലാതെ വന്നപ്പോള്‍ കുറെ ദിവസങ്ങളായി തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ മാനസികമായ ക്ഷീണം മൂലം തകര്‍ന്നത് കൊണ്ട് ആകാം. എത്ര ഗ്‌ളോബല്‍ എക്‌സ്‌പോഷറും കംപോഷര്‍ നഷ്ടമാകാതെ ഇരിക്കാന്‍ ആരെയും പഠിപ്പിക്കില്ലല്ലോ?
പിന്നെ എന്റെ ഒരു വിലയിരുത്തലില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ നമ്മുടെ നാട്ടില്‍ എന്തിനാണ് വല്ലാതെ ക്രിമിനലൈസ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അന്വേഷണം നടത്തുന്നവര്‍ക്ക് ഒരു തരം അണ്‍ഫെറ്റേര്‍ഡ് റൈറ്‌സ് ഓണ്‍ അക്യൂസ്ഡ് എന്നത് കൂടാതെ പോക്‌സോ കേസുകളെക്കാള്‍ കഠിനമായ രീതിയില്‍ അന്വേഷണ കാലഘട്ടത്തില്‍ പീഡിപ്പിക്കുന്നത് എന്നറിയില്ല. ആ കുറ്റകൃത്യങ്ങളെ ക്രൈം എന്ന നിര്‍വചനത്തില്‍ നിന്ന് മാറ്റേണ്ട കാലം കഴിഞ്ഞുവെന്നാണ് എന്റെ തോന്നല്‍.
ക്രൈം ആയികാണേണ്ടത് രാഷ്ട്രീയക്കാരനും അധികാര സ്ഥാനത്ത് ഇരുന്ന് ചെയ്യുന്ന അഴിമതിയെ മാത്രമായി വേണം കാണാന്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുമ്പോള്‍ ഉള്ള ജയിലിലേക്ക് പോക്ക് എന്തിനാണ് അന്ത്രുമാന്‍മാര്‍ ഭയക്കുന്നത്. ഒരിക്കല്‍ ഞാന്‍ എഴുതിയത് പോലെ സുഖകരമായ ജീവിതം നയിച്ചവര്‍ക്ക് ജയില്‍ പേടിസ്വപ്നം ആണെന്ന വസ്തുത ആയിരിക്കണം. അന്ത്രുമാന്‍മാര്‍ക്ക് വേണ്ടി പണം കൊടുത്ത് ഉപയോഗിക്കാവുന്ന എ ക്ളാസ് ജയില്‍ അന്വേഷണ കാലഘട്ടത്തില്‍ ഉണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം. കേസ് തെളിഞ്ഞിട്ട് ശിക്ഷ വിധിച്ച ശേഷം സാധാരണ ജയില്‍ പോലെയല്ലല്ലോ അന്വേഷണ ഘട്ടത്തില്‍ കുറ്റാരോപിതര്‍ പോലുമല്ലാത്ത കാലത്തേ ജയില്‍ വാസം.
അവസാനമായി പറയട്ടെ. അന്ത്രുമാന്‍മാര്‍ക്ക് നല്ല രണ്ടോ മൂന്നോ റോള്‍ മോഡലുകള്‍ കേരളത്തില്‍ തന്നെയുണ്ട്. ചിരിച്ചു കൊണ്ട് ജയിലിലേക്ക് പോകുന്ന കട്ടിള വാസു മുതല്‍ തട്ടിപ്പ് ജന്മാവകാശം പോലെ കൊണ്ട് നടക്കുന്ന ബോ ചെ എല്ലാം ഉള്ള സമൂഹത്തില്‍ ആണ് ജീവിക്കുന്നത് എന്നോര്‍ത്താല്‍ ആത്മഹത്യക്കുള്ള തീരുമാനം ഉപേക്ഷിക്കും.
