ഭൂനിരപ്പില്‍ നിന്ന് 25 അടി ഉയരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ചൂൡള്‍; നിര്‍മാര്‍ജനം ചെയ്യുന്നത് 337 മെട്രിക് ടണ്‍ മാലിന്യം; 12 കണ്ടെയ്നര്‍ ലോറികളില്‍ നീക്കം ചെയ്യുന്ന മാല്യനം സംസ്‌കരിക്കുന്നത് 250 കിലോമീറ്റര്‍ അകലെ; 5000 പേരുടെ ജീവന്‍ എടുത്ത ഭോപ്പാല്‍ വിഷവാതാ ദുരന്തം; 40 വര്‍ഷത്തിന് ശേഷം യൂണിയന്‍ കാര്‍ബൈഡില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കുന്നു
ഭോപാല്‍: 1984 ഡിസംബര്‍ 2-3 തീയതികളിലാണ് ലോകത്തെ തന്നെ നടുക്കിയ ഭോപ്പാല്‍ വിഷവാതക ദുരന്തം സംഭവിച്ചത്. വിഷവാതക ദുരന്തത്തിലെ മാലിന്യങ്ങള്‍ ദുരന്തം നടന്ന് 40 വര്‍ഷത്തിനു ശേഷം നീക്കം ചെയ്യുന്നു. യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന വിഷാംശമുള്ള മീഥൈല്‍ ഐസോസയനേറ്റ് (എംഐസി) വാതകമാണ് ദുരന്തത്തിന് കാരണമായത്. വിഷപ്പുക ശ്വസിച്ച് 5,479 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായി.
377ടണ്‍ മാലിന്യമാണ് ഇന്ന് രാത്രിയോടെ നീക്കം ചെയ്യുന്നത്. മാലിന്യം 250 കിലോമീറ്റര്‍ അകലെയുള്ള സംസ്‌കരണ സ്ഥലത്തെത്തിക്കും. ഇന്‍ഡോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള പീതാംപുര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മാലിന്യം സംസ്‌കരിക്കുന്നത്. തുടക്കത്തില്‍ കുറച്ചു മാലിന്യം പരീക്ഷണാടിസ്ഥാനത്തിലാവും സംസ്‌കരിക്കുക. തുടര്‍ന്ന് 3 മാസം കൊണ്ട് പൂര്‍ണമായ മാലിന്യ സംസ്‌കരണം നടത്തും.
12 കണ്ടെയ്നര്‍ ലോറികളിലാണ് അപകടകരമായ വിഷവസ്തുക്കള്‍ നീക്കം ചെയ്തത്. ആംബുലന്‍സുകള്‍, അഗ്‌നിശമന സേന, പോലീസ് എന്നിവയുടെ അകമ്പടിയോടെയാണ് വിഷമാലിന്യങ്ങള്‍ നീക്കം ചെയ്തത്. ഇവയിനി ഉയര്‍ന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പ്രകാരം സൂക്ഷിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് പിതാംപുരിലെ രാംകി എന്‍വിറോ എന്‍ജിനീയേഴ്സിന്റെ കീഴിലുള്ള പ്രത്യേക പ്ലാന്റില്‍ വെച്ച് കത്തിച്ച് നിര്‍മാര്‍ജനം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് ജര്‍മന്‍ കമ്പനിയായ ജിഐഇസഡ് 22 കോടി രൂപ ചെലവില്‍ മാലിന്യം നീക്കം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിരുന്നു എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിക്ക് മുന്നില്‍ മുഖം തിരിച്ചതോടെ പദ്ധതി പാതി വഴിയില്‍ നിലച്ചു.
ഭൂനിരപ്പില്‍ നിന്ന് 25 അടി ഉയരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ചൂളയിലാകും ഇവ കത്തിക്കുക. മണിക്കൂറില്‍ 90 കിലോ മാലിന്യം എന്നനിലയില്‍ ഇവിടെവെച്ച് കത്തിച്ച് നിര്‍മാര്‍ജനം ചെയ്യും. ഇത്രയും മാലിന്യം കത്തിച്ച് തീര്‍ക്കാന്‍ കുറഞ്ഞത് 153 ദിവസം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിരീക്ഷണത്തിലാകും ഈ പ്രവര്‍ത്തനങ്ങളെല്ലാം. പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരിക്കും. പരിധിയില്‍കൂടുതല്‍ അന്തരീക്ഷമലിനീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.
337 മെട്രിക് ടണ്‍ മാലിന്യമാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഫാക്ടറിയില്‍ നിന്ന് നീക്കം ചെയ്തത്. മാലിന്യം കൊണ്ടുപോകാനായി പ്രത്യേകം തയ്യാര്‍ ചെയ്ത കണ്ടെയ്നറുകളാണ് ഉപയോഗിച്ചത്. തീപ്പിടിത്തത്തെയും വെള്ളത്തിനെയും പ്രതിരോധിക്കുന്ന തരത്തിലാണ് കണ്ടെയ്നറുകള്‍ തയ്യാറാക്കിയത്. ഓരോ കണ്ടെയ്നറുകളിലും 30 ടണ്‍ മാലിന്യമാണുള്ളത്. ഹൈഡെന്‍സിറ്റി പോളിഎത്തിലീനില്‍ ( എച്ച്.ഡി.പി.ഇ) നിര്‍മ്മിച്ച വലിയ ബാഗുകളിലാണ് മാലിന്യം നിറച്ച് കണ്ടെയ്നറുകളിലാക്കിയത്. മാലിന്യങ്ങള്‍ കൂടിക്കിടന്ന് രാസപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഫാക്ടറിയുടെ 200 മീറ്റര്‍ ചുറ്റളവ് നിരോധിതമേഖലയായി മാറ്റിയിരുന്നു. 200 തൊഴിലാളികളെ ഉപയോഗിച്ചാണ് മാലിന്യങ്ങള്‍ തരംതിരിച്ച് കണ്ടെയ്നറുകളിലേക്ക് മാറ്റിയത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തൊഴിലാളികള്‍ക്ക് പരമാവധി അരമണിക്കൂര്‍ വീതമുള്ള ഷിഫ്റ്റ് പ്രകാരമാണ് ജോലി നല്‍കിയത്. ദീര്‍ഘനേരം വിഷമാലിന്യങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന ഭയത്തെ തുടര്‍ന്നാണ് ഇങ്ങനെ ക്രമീകരണം നടത്തിയത്.
പിപിഇ കിറ്റടക്കമുള്ള സുരക്ഷാമുന്‍കരുതലുകള്‍ എടുത്താണ് മാലിന്യനീക്കം തുടങ്ങിയത്. അതേസമയം മാലിന്യം പിതാംപുരില്‍ നിക്ഷേപിക്കുന്നതിനെതിരെ പ്രദേശവാസികളില്‍ നിന്ന് കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെതിരെ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് മാലിന്യനീക്കം നടന്നത്.