'ആ കുട്ടികളുടെ പടം കണ്ട് ഉമ്മന്‍ ചാണ്ടി ഞെട്ടി, ഈ കൊച്ചു പിള്ളേരെയാണോ കൊന്നത് എന്നു പറഞ്ഞാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്': രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുളിപ്പിച്ച് ഒരുക്കി കണ്ണെഴുതി പൊട്ടു കുത്തിച്ച കുഞ്ഞുങ്ങളെയാണ് അരുകൊല ചെയ്തത്: ജ്യോതികുമാര്‍ ചാമക്കാല ഓര്‍ത്തെടുക്കുന്നു അഞ്ചല്‍ കൂട്ടക്കൊലപാതക നാള്‍വഴികള്‍

ജ്യോതികുമാര്‍ ചാമക്കാല ഓര്‍ത്തെടുക്കുന്നു അഞ്ചല്‍ കൂട്ടക്കൊലപാതക നാള്‍വഴികള്‍

Update: 2025-01-04 13:23 GMT

കൊല്ലം: അഞ്ചല്‍ കൂട്ടക്കൊലക്കേസ് അന്വേഷണം ഊര്‍ജ്ജിതമായത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപടലോടെ. ഉമ്മന്‍ചാണ്ടിയെ കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആയിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. പിന്നീട് പ്രതികളെ പിടികൂടാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും തേടി. 2006 ഫെബ്രുവരി 10 നാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ, അലയമണ്‍ രജനി വിലാസത്തില്‍, അവിവാഹിതയായ രഞ്ജിനി എന്ന യുവതിയും രണ്ട് ഇരട്ടപെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. പ്രതികളായ ദിവില്‍ കുമാറും, രാജേഷ് കുമാറും പുതുച്ചേരിയില്‍ നിന്നും പിടിയിലായതോടെയാണ് അന്നത്തെ സംഭവം അഞ്ചല്‍ സ്വദേശികളുടെ മനസ്സിലേക്ക് വീണ്ടും ഓടിയെത്തിയത്.

അന്ന് കേസ് അന്വേഷണത്തിനും മറ്റും രഞ്ജിനിയുടെ അമ്മ ശാന്തമ്മയ്ക്ക് സഹായങ്ങളുമായി എത്തിയത് ജ്യോതികുമാര്‍ ചാമക്കാല അടക്കമുള്ളവരായിരുന്നു. മകളുടെയും ചെറുമക്കളുടെയും ഘാതകരെ കണ്ടെത്താന്‍ വേണ്ടി അവര്‍ എല്ലാ തലത്തിലും പരിശ്രമങ്ങള്‍ നടത്തി. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അടക്കം ഉണ്ടായി. കേസ് അന്വേഷണം തുടക്കത്തില്‍ ഇഴഞ്ഞു നീങ്ങിയപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ചാമക്കാല ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. അന്നത്തെ സംഭവങ്ങള്‍ ജ്യോതികുമാര്‍ ചാമക്കാല ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ:

' കൊല്ലപ്പെട്ട രഞ്ജിനിയും അയല്‍ക്കാരനായ ദിവില്‍ കുമാറും പ്രണയത്തിലായിരുന്നു. ദിവില്‍ പട്ടാളത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനിയെ ഗര്‍ഭിണിയാക്കിയ ശേഷം ദിവില്‍ കുമാര്‍ നാടുവിട്ടു. ഇതു വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. ദിവില്‍ കുമാര്‍ പിതൃത്വം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് രഞ്ജിനിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ദിവിലിന്റെ സുഹൃത്തായ രാജേഷ് അവിടെ അവരെ സഹായിക്കാനെത്തി. കുടുംബത്തിന്റെ വിശ്വാസം രാജേഷ് നേടിയെടുത്തു. ആശുപത്രിയില്‍ ചെലവ് അടക്കം എല്ലാ കാര്യങ്ങളും അയാളാണു നോക്കിയിരുന്നത്. മറ്റ് ആരുടെയും മുന്നില്‍ പ്രത്യക്ഷപ്പെടാതെയാണ് അയാള്‍ നടന്നിരുന്നത്.

രഞ്ജിനി ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വന്നു. സംഭവം നടന്ന ദിവസം രാജേഷ് വീട്ടിലെത്തി. ഈ സമയം രഞ്ജിനിയുടെ അമ്മ പഞ്ചായത്ത് ഓഫിസില്‍ പോവുകയായിരുന്നു. രാജേഷ് വന്നതുകൊണ്ട് സംസാരിച്ചുനിന്ന അവരെ അയാള്‍ നിര്‍ബന്ധിച്ചു ജോലിക്കു പറഞ്ഞയച്ചു. അതിനുശേഷമാണു രഞ്ജിനിയെയും കുട്ടികളെയും കൊന്നത്.'

''ദിവില്‍ കുമാര്‍ പട്ടാളത്തിലേക്കു തിരികെ മടങ്ങുന്നുവെന്നു പറഞ്ഞാണു നാട്ടില്‍ നിന്നു പോയത്. പക്ഷേ, അവിടെ എത്തിയിരുന്നില്ല. രാജേഷും പിന്നീട് അങ്ങോട്ടേക്കു പോയില്ല. കൊലപാതകങ്ങള്‍ക്കുശേഷം രഞ്ജിനിയുടെ അമ്മയുടെ മനോനില തെറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിശേഷം ശാന്തി കവാടത്തില്‍ ഞാന്‍ മുന്‍കൈയ്യെടുത്താണ് സംസ്‌കാരം നടത്തിയത്. ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പ്രതികള്‍ പട്ടാളക്കാരായതു കൊണ്ടു തന്നെ നമുക്കു പല പരിമിതികളും ഉണ്ടായിരുന്നു. അന്ന് ഞാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ടു നിവേദനവുമായി ഞാന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ പോയി കണ്ടു. ആ കുട്ടികളുടെ പടം കണ്ട് ഉമ്മന്‍ ചാണ്ടി ഞെട്ടി. ഈ കൊച്ചു പിള്ളേരെയാണോ കൊന്നത് എന്നു പറഞ്ഞാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

രഞ്ജിനിയുടെ അമ്മ ആ കുഞ്ഞുങ്ങളെ വലിയ കരുതലോടെയാണു നോക്കിയിരുന്നത്. കുളിപ്പിച്ച് ഒരുക്കി അവര്‍ക്കു കണ്ണെഴുതി നല്‍കി പൊട്ടു കുത്തിച്ച് അഞ്ചലിലേക്കു പോകാന്‍ നിന്നപ്പോഴാണ് രാജേഷ് ആ വീട്ടിലേക്കു വന്നത്. വേറെ വരുമാന മാര്‍ഗമൊന്നും ഇല്ലാത്തതിനാല്‍ രഞ്ജിനിക്ക് ഒരു തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തിരുന്നു. അതില്‍ ജോലി ചെയ്താണ് രഞ്ജിനി വീട്ടിനുള്ളില്‍ ഇരുന്നത്. ഈ രാജേഷ് ആരാണെന്നോ അയാളുടെ മേല്‍വിലാസമോ ഒന്നും ഇവര്‍ക്ക് അറിയില്ലായിരുന്നു.

എന്റെ വീട്ടിനടുത്തായിരുന്നു ഈ സംഭവമുണ്ടായത്. ഈ കുട്ടികളുടെ അച്ഛനായ, കൊലപാതകം ആസൂത്രണം ചെയ്ത ദിവില്‍ കുമാര്‍ എനിക്ക് അറിയാവുന്ന ആളായിരുന്നു. അതിന്റെ പേരില്‍ നാട്ടിലൊക്കെ ഒരുപാടു നഷ്ടം എനിക്കുണ്ടായിട്ടുണ്ട്. രഞ്ജിനിയുടെ അമ്മ അവസാനം എന്നെ വിളിച്ചപ്പോള്‍ പറഞ്ഞത് വെഞ്ഞാറമൂട്ടിലേക്കു താമസം മാറിയെന്നായിരുന്നു. ഈ അടുത്തകാലം വരെയും ഉമ്മന്‍ ചാണ്ടിക്ക് അവര്‍ കൊടുത്ത നിവേദനം എന്റെ കൈയ്യിലുണ്ടായിരുന്നു. വീട് മാറിയപ്പോഴാണ് അതു നഷ്ടപ്പെട്ടത്'' -ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.

2006 ജനുവരി 26 നാണ് രഞ്ജിനി ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. കുഞ്ഞുങ്ങളുടെ പിതൃത്വം ദിവില്‍കുമാര്‍ ഏറ്റെടുക്കണമെന്ന് യുവതി ആവശ്യമുന്നയിച്ചപ്പോഴാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്. കൃത്യമായ പ്ലാനിംഗോടെയായിരുന്നു കൊലപാതകം. 2006 ഫെബ്രുവരിയിലാണ് രഞ്ജിനിയെയും മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സെന്യത്തില്‍ നിന്ന് അവധിയെടുത്ത ദിവില്‍കുമാറും രാജേഷും സംഭവശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാതെ ഒളിവില്‍ പോകുകയായിരുന്നു.

പ്രസവത്തിനുമുമ്പ് ജോലിക്കുപോയ ദിവില്‍കുമാറുമായി ഫോണിലൂടെയും കത്തിലൂടെയും ബന്ധപ്പെടാന്‍ രഞ്ജിനി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികളുടെ പിതൃത്വം ഇയാള്‍ നിഷേധിച്ചു. രഞ്ജിനി വനിതാകമീഷന് പരാതിനല്‍കുകയും ഡി.എന്‍.എ പരിശോധനക്ക് വിധേയനാകാന്‍ ദിവില്‍കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ഇയാള്‍ തയാറായിരുന്നില്ല. പ്രസവത്തിനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിനിയെ കാണാന്‍ മറ്റൊരു പേരില്‍ എത്തിയ രാജേഷ് അവരുമായി അടുപ്പം സ്ഥാപിക്കുകയും ദിവില്‍കുമാറിനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കുകയുംചെയ്തു.

സംഭവദിവസം ഇയാള്‍ രഞ്ജിനിയുടെ വീട്ടിലെത്തിയതായും രേഖകള്‍ വ്യക്തമാക്കുന്നു. രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പഞ്ചായത്തോഫിസില്‍ പോയിരുന്ന സമയത്താണ് കൊല നടന്നത്. ലോക്കല്‍പൊലീസ് നടത്തിയ അന്വേഷണം പിന്നീട് ഹൈകോടതി ഉത്തരവ് പ്രകാരം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. ദിവിലും രാജേഷും പോണ്ടിച്ചേരിയില്‍ കുടുംബജീവിതം നയിച്ചുവരുന്നു എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 19 വര്‍ഷക്കാലം പോണ്ടിച്ചേരിയില്‍ മറ്റൊരു പേരിലും വിലാസത്തിലും ആധാര്‍ കാര്‍ഡിലുമാണ് പ്രതികള്‍ ഇത്രയും കാലം ജീവിച്ചതെന്ന് സി.ബി.ഐ പറഞ്ഞു. പോണ്ടിച്ചേരിയിലുള്ള രണ്ട് അധ്യാപികമാരെ വിവാഹം കഴിച്ച് കുട്ടികളുമായി അവിടെത്തന്നെ താമസിക്കുകയായിരുന്നു. ഇരുവര്‍ക്കുമായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം വ്യാപിച്ചിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.

സി.ബി.ഐയുടെ ചെന്നൈ യൂണിറ്റ് പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. സി.ജെ.എം കോടതിയില്‍ ഹാജരാക്കി. ജനുവരി 18 വരെ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കും. അഞ്ചലില്‍ സംഭവം നടന്ന സ്ഥലത്തടക്കം പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

Tags:    

Similar News