'അവന്‍ എന്നെ ബൈക്ക് ഇടിച്ചുതെറിപ്പിക്കാന്‍ നോക്കി; ഞാന്‍ എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് ': രാജേഷ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രഞ്ജിനിയുടെ അമ്മ ശാന്തമ്മ; താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മകളെ ദിവില്‍ കുമാര്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു; അരുംകൊലയ്ക്ക് ശേഷം പെണ്ണുംകെട്ടി സുഖിച്ചു ജീവിച്ച പ്രതികളെ തൂക്കി കൊല്ലണമെന്നും ശാന്തമ്മ
രാജേഷ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രഞ്ജിനിയുടെ അമ്മ ശാന്തമ്മ
കൊല്ലം: താന്‍ എസ് എ ടി ആശുപത്രിയില്‍ മേജര്‍ ശസ്ത്രക്രിയയ്ക്കായി കിടന്നപ്പോള്‍ തന്റെ മകള്‍ രഞ്ജിനിയെ ദിവില്‍ കുമാര്‍ ബലമായി പീഡിപ്പിക്കുകയായിരുന്നെന്ന് അമ്മ ശാന്തമ്മ. ശസ്ത്രക്രിയയുടെ ആവശ്യത്തിന് കുറച്ച് പണം ആവശ്യമായി വന്നപ്പോള്‍ അയല്‍വാസികളോട് കടമായി തുക പറഞ്ഞുവച്ചിരുന്നു.
പണം വാങ്ങാന്‍ ചെന്നപ്പോഴാണ് രഞ്ജിനിയെ ബലമായി മൂക്കും വായുമൊക്കെ പൊത്തിപ്പിടിച്ച് പീഡിപ്പിച്ചത്്. ഇക്കാര്യം അന്ന് മകള്‍ പറഞ്ഞില്ലെങ്കിലും പിന്നീട് ശാരീരികാസ്വാസ്ഥ്യം വന്ന് ആശുപത്രിയില്‍ ആയപ്പോഴാണ് വിവരം അറിഞ്ഞത്. അഞ്ചലില്‍ രഞ്ജിനിയെയും രണ്ടുഇരട്ട കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ 19 വര്‍ഷത്തിന് ശേഷം പിടികൂടിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ശാന്തമ്മ.
.
തന്റെ മകള്‍ ഒരു വക്കീലിന്റെ ക്ലര്‍ക്കായിരുന്നുവെന്നും എല്ലാവരോടും വളരേയധികം സൗഹൃദത്തോടെ പെരുമാറിയിരുന്ന ആളായിരുന്നുവെന്നും ശാന്തമ്മ പറഞ്ഞു. സഹോദരന്റെ സ്ഥാനത്താണ് ദിവില്‍ കുമാറിനെ തങ്ങളുടെ കുടുംബം കണ്ടിരുന്നത്. എന്നാല്‍ തെറ്റിപ്പോയി. മകള്‍ ഗര്‍ഭിണിയായപ്പോള്‍, അവളെ ഭീഷണിപ്പെടുത്തി നിശ്ശബ്്ദയാക്കുകയായിരുന്നു. 'നിനക്കെന്റ ശാപം കിട്ടും, നീ എന്നെ നശിപ്പിച്ചു' എന്നൊക്കെ പറഞ്ഞ് മകള്‍ എഴുതിവച്ച കത്തുകള്‍ ഇപ്പോഴും തന്റെ കൈയിലുണ്ടെന്നും ശാന്തമ്മ പറഞ്ഞു.
കുഞ്ഞുങ്ങളെ ഇല്ലാതാക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും രഞ്ജിനി വഴങ്ങിയില്ല. തന്റെ ജീവിതം ഏതായാലും നശിച്ചു, കുഞ്ഞുങ്ങളെ വളര്‍ത്തി ജീവിച്ചോളാം എന്നാണ് മകള്‍ അന്ന് ഉറച്ച നിലപാട് എടുത്തത്. തനിക്ക് രഞ്ജിനി വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ ദിവില്‍ കുമാര്‍ വാശി തീര്‍ക്കുകയായിരുന്നു. നാട്ടുകാരില്‍ നിന്ന് അപമാനം നേരിടുകയും, പലരില്‍ ഒരാള്‍ മാത്രമാണ് ദിവില്‍ കുമാര്‍ എന്ന് അയാളുടെ വീട്ടുകാര്‍ നിലപാട് സ്വീകരിക്കുകയും ചെയ്തപ്പോഴാണ് മകള്‍ പിതൃത്വ പരിശോധനയ്ക്കായി നീങ്ങിയത്.
താന്‍ പഞ്ചായത്തില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. വാടയ്ക്കുള്ള വീട്ടിലെ മറ്റുതാമസക്കാരെ മകളെ നോക്കാന്‍ ഏല്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്തില്‍ പോയി തിരിച്ചുവന്നപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. 'അവന്മാര്‍ ഇത്രയുംനാള്‍ പെണ്ണുംകെട്ടി സുഖിച്ചു ജീവിക്കുകയായിരുന്നില്ലേ, അപ്പോഴെല്ലാം ഞാന്‍ കണ്ണീരോടെ അലഞ്ഞുനടക്കുകയായിരുന്നു. ഈ ഒരു നിമിഷത്തിനുവേണ്ടിയാണ് ഞാന്‍ പ്രാര്‍ഥിച്ചിരുന്നത്. ഇവന്മാരെ തൂക്കിക്കൊല്ലണം, എനിക്ക് നീതികിട്ടണമെങ്കില്‍ ഇവന്മാര്‍ ജീവനോടെയുണ്ടാകരുത്. ഇവന്മാര്‍ മാത്രമാകില്ല, ഇതിനുപുറകില്‍ വേറെയും ആളുകള്‍ ഉണ്ടാവണം.'-ശാന്തമ്മ പറഞ്ഞു.
രാജേഷിന്റെ കളികളും വഞ്ചനയും
ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെ്ന്ന് ശാന്തമ്മ പറഞ്ഞു. ''ദിവില്‍ കുമാറിന്റെ കൂട്ടുകാരനെന്നു പറഞ്ഞാണ് ഞങ്ങളെ രാജേഷ് പരിചയപ്പെട്ടത്. എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ മരുമകന്‍ പറഞ്ഞയച്ചു എന്നും പറഞ്ഞിരുന്നു. രാജേഷ് കൂടെയുണ്ടായിരുന്നതു കൊണ്ട് ഞാനും എന്റെ മകളും ഒരുപാട് അപവാദങ്ങള്‍ കേട്ടിരുന്നു. പല ബന്ധുക്കളും ഞങ്ങളെ വിട്ടുപോയി. എത്ര പറഞ്ഞിട്ടും രാജേഷ് പോയിരുന്നില്ല. അണ്ണന്‍ ഇവിടെ നില്‍ക്കേണ്ടെന്നും ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മകള്‍ പലതവണ അവനോട് പറഞ്ഞു. ബലാല്‍ക്കാരമായാണ് ആശുപത്രിയില്‍ നിന്നും അവന്‍ ഞങ്ങള്‍ക്കൊപ്പം വന്നത്'' ശാന്തമ്മ പറഞ്ഞു.
''ഒരു ദിവസം ദിവിലിനെ കണ്ടുപിടിച്ചെന്നും കല്യാണം നടത്താമെന്നും പറഞ്ഞാണ് രാജേഷ് വീട്ടിലെത്തിയത്. കുട്ടികളെയും രഞ്ജിനിയേയും അവന്റെ കൂടെ വിടാന്‍ പറഞ്ഞു. അയക്കത്തില്ലെന്ന് ഞാനും വരത്തില്ലെന്നു മോളും പറഞ്ഞു. കുട്ടികളെ കുളിപ്പിച്ച് കിടത്തിയപ്പോള്‍ മറ്റൊരു ദിവസം രാജേഷ് അവിടെയെത്തി. കൊച്ചുങ്ങളെ കാണണമെന്ന് പറഞ്ഞു കുളിപ്പിച്ചു കൊണ്ടിരുന്ന പിള്ളേരില്‍ ഒരെണ്ണത്തിനെ അവന്‍ കയ്യില്‍ മേടിച്ചു. കുറേ നേരം അവന്‍ ആ കൊച്ചിനെ നോക്കി നിന്നു. അപ്പോഴേക്കും കൊച്ചിനെ കയ്യില്‍ നിന്നും മേടിക്കാന്‍ മകള്‍ പറഞ്ഞു. അതിനിടയില്‍ അവനൊരു ഫോണ്‍ കോള്‍ വന്നു. അന്നും കൊലപാതകത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല.
ബൈക്ക് ഇടിപ്പിച്ച് കൊല്ലാന്‍ നോക്കി
'അന്നേദിവസം അവന്‍ എന്നെ ബൈക്ക് ഇടിച്ചുതെറിപ്പിക്കാന്‍ നോക്കി. ഞാന്‍ എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ആ ദിവസം ഡിഎന്‍എ ടെസ്റ്റ് ചെയ്യാനുള്ള പേപ്പര്‍ വന്നിരുന്നു. ടെസ്റ്റ് നടത്തണമെന്ന് ദിവിലിന്റെ ബന്ധുക്കളോട് ഞാന്‍ പറഞ്ഞപ്പോള്‍ രാജേഷ് എന്നെ അടിക്കാന്‍ വന്നു. അന്നാണ് അവന്റെ യഥാര്‍ഥ സ്വഭാവം എനിക്ക് മനസിലായത്. പിറ്റേന്ന് ഞാന്‍ പഞ്ചായത്ത് ഓഫിസില്‍ പോയപ്പോഴാണ് കൊലപാതകം നടക്കുന്നത്'' ശാന്തമ്മ പറഞ്ഞു.
2006 ജനുവരി 26 നാണ് രഞ്ജിനി ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. കുഞ്ഞുങ്ങളുടെ പിതൃത്വം ദിവില്‍കുമാര്‍ ഏറ്റെടുക്കണമെന്ന് യുവതി ആവശ്യമുന്നയിച്ചപ്പോഴാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്. കൃത്യമായ പ്ലാനിംഗോടെയായിരുന്നു കൊലപാതകം. 2006 ഫെബ്രുവരിയിലാണ് രഞ്ജിനിയെയും മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സെന്യത്തില്‍ നിന്ന് അവധിയെടുത്ത ദിവില്‍കുമാറും രാജേഷും സംഭവശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാതെ ഒളിവില്‍ പോകുകയായിരുന്നു.
പ്രസവത്തിനുമുമ്പ് ജോലിക്കുപോയ ദിവില്‍കുമാറുമായി ഫോണിലൂടെയും കത്തിലൂടെയും ബന്ധപ്പെടാന്‍ രഞ്ജിനി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികളുടെ പിതൃത്വം ഇയാള്‍ നിഷേധിച്ചു. രഞ്ജിനി വനിതാകമീഷന് പരാതിനല്‍കുകയും ഡി.എന്‍.എ പരിശോധനക്ക് വിധേയനാകാന്‍ ദിവില്‍കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ഇയാള്‍ തയാറായിരുന്നില്ല. പ്രസവത്തിനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിനിയെ കാണാന്‍ മറ്റൊരു പേരില്‍ എത്തിയ രാജേഷ് അവരുമായി അടുപ്പം സ്ഥാപിക്കുകയും ദിവില്‍കുമാറിനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കുകയുംചെയ്തു.
സംഭവദിവസം ഇയാള്‍ രഞ്ജിനിയുടെ വീട്ടിലെത്തിയതായും രേഖകള്‍ വ്യക്തമാക്കുന്നു. രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പഞ്ചായത്തോഫിസില്‍ പോയിരുന്ന സമയത്താണ് കൊല നടന്നത്. ലോക്കല്‍പൊലീസ് നടത്തിയ അന്വേഷണം പിന്നീട് ഹൈകോടതി ഉത്തരവ് പ്രകാരം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. ദിവിലും രാജേഷും പോണ്ടിച്ചേരിയില്‍ കുടുംബജീവിതം നയിച്ചുവരുന്നു എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 19 വര്‍ഷക്കാലം പോണ്ടിച്ചേരിയില്‍ മറ്റൊരു പേരിലും വിലാസത്തിലും ആധാര്‍ കാര്‍ഡിലുമാണ് പ്രതികള്‍ ഇത്രയും കാലം ജീവിച്ചതെന്ന് സി.ബി.ഐ പറഞ്ഞു. പോണ്ടിച്ചേരിയിലുള്ള രണ്ട് അധ്യാപികമാരെ വിവാഹം കഴിച്ച് കുട്ടികളുമായി അവിടെത്തന്നെ താമസിക്കുകയായിരുന്നു. ഇരുവര്‍ക്കുമായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം വ്യാപിച്ചിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.
സി.ബി.ഐയുടെ ചെന്നൈ യൂണിറ്റ് പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. സി.ജെ.എം കോടതിയില്‍ ഹാജരാക്കി. ജനുവരി 18 വരെ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കും. അഞ്ചലില്‍ സംഭവം നടന്ന സ്ഥലത്തടക്കം പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.