ബിഹാറിന്റെ ജനമനസ്സറിയാന്‍ ഇനി മണിക്കൂറുകള്‍; വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ 8 മണിയോടെ; പൂര്‍ണ്ണചിത്രം ഉച്ചയ്ക്ക് 12 മണിയോടെ; പ്രതീക്ഷയില്‍ ഇരുമുന്നണികളും; എന്‍ഡിഎയ്ക്ക് അനുകൂലമായി ഭൂരിപക്ഷം എക്സിറ്റ് പോളുകളും; ഫോട്ടോ ഫിനിഷെന്ന് ചിലതും; പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുമോ?

ബിഹാറിന്റെ ജനമനസ്സറിയാന്‍ ഇനി മണിക്കൂറുകള്‍

Update: 2025-11-13 18:32 GMT

പട്ന: നിതീഷ് കുമാറിന്റെ ബിഹാര്‍ ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമോ, അതോ തേജസ്വി യാദവ് പുതിയ യാത്ര ആരംഭിക്കുമോ ബിഹാറിന്റെ ജനമനസ്സറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രണ്ട് ഘട്ടങ്ങളായി നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച നടക്കും.രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പൂര്‍ണചിത്രം അറിയാന്‍ കഴിയും. വോട്ടെണ്ണലിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാം. കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്ന എക്്‌സിറ്റു പോളുകളെല്ലാം എന്‍ഡിഎയ്ക്ക് അനുകൂലമാണ്. എന്നാല്‍ വോട്ടെണ്ണുമ്പോള്‍ ചിത്രം മാറുമെന്നാണ് ഇന്ത്യസഖ്യ നേതാക്കള്‍ പറയുന്നത്. ഇത്തവണ റെക്കോര്‍ഡ് പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 71 ശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്.

നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു അത്. എന്നാല്‍ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം തന്നെ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ്. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്.

എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ അധികവും എന്‍ഡിഎയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ എക്‌സിറ്റ് പോളിനെ തള്ളിയ ചരിത്രങ്ങളാണുള്ളത്. 2020 എക്‌സിറ്റ് പോളുകള്‍ അധികവും മഹാസഖ്യത്തിന് അനുകൂലമായിരുന്നു. ആര്‍ജെഡി തൂത്തുവാരുമെന്നോ ഫോട്ടോഫിനിഷ് ഉണ്ടാകുമെന്നോ മിക്ക പോളുകളും അന്ന് പ്രവചിച്ചു. എക്സിറ്റ് പോളുകളെ വെല്ലുന്ന അട്ടിമറികള്‍ വല്ലതുമുണ്ടാകുമോയെന്നാണ് രാജ്യം തന്നെ ഉറ്റുനോക്കുന്നത്.

എന്നാല്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നാണ് ഇന്ത്യാസഖ്യം വാദിക്കുന്നത്. എന്‍ഡിഎ സര്‍ക്കാരിന് വന്‍ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കുകയാണെന്ന് ബിജെപി അവകാശപ്പെട്ടു. ബിഹാര്‍ കാണാന്‍ പോകുന്നത് വലിയ മാറ്റമാണെന്ന് ജന്‍സുരാജ് നേതാവ് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ 64.69% പോളിംഗാണ് രേഖപ്പെടുത്തിയത്. ചരിത്രപരമായ പോളിംഗ് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 9 ശതമാനം പോളിംഗ് ഉയര്‍ന്നത് ആര്‍ക്ക് ഗുണം ചെയ്യുമെന്നതില്‍ രാഷ്ട്രീയ തര്‍ക്കം മുറുകുകയാണ്. സര്‍ക്കാറിനെതിരെ ജനം ആവേശത്തോടെ വോട്ട് ചെയ്തു എന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സ്ത്രീകള്‍ വലിയ സംഖ്യയില്‍ പോളിംഗ് ബൂത്തിലെത്തിയത് സര്‍ക്കാറിന് അനുകൂലമായ സാഹചര്യമെന്ന് ബിജെപി പ്രതികരിച്ചു.

പോളിംഗ് ശതമാനം ഉയര്‍ന്നതോടെ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയിലേക്ക് വീണ്ടും ശ്രദ്ധ തിരിയുകയാണ്. ജന്‍ സുരാജ് ഉണ്ടാക്കിയ ഇളക്കവും വോട്ടര്‍മാരില്‍ ആവേശത്തിന് കാരണമായെന്നാണ് സൂചനകള്‍. ബിഹാര്‍ കാണാന്‍ പോകുന്നത് രാഷ്ട്രീയ വഴിത്തിരിവാണെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. പലയിടത്തും എതിരാളികള്‍ വോട്ട് ചെയ്യുന്നത് തടയാന്‍ പോലീസിനെ ഉപയോഗപ്പെടുത്തിയെന്ന് ആര്‍ജെഡി ആരോപിച്ചു.

വിവിധ വിഭാഗങ്ങളിലായി നടത്തിയ സര്‍വേയുടെ വിവരങ്ങള്‍ പുറത്ത് വിടുമ്പോള്‍ 43% വോട്ടര്‍മാരുടെ പിന്തുണ എന്‍ഡിഎക്കാണ്. തൊട്ട് പിന്നില്‍ 41 ശതമാനത്തിന്റെ പിന്തുണയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. വോട്ടര്‍മാരില്‍ പുരുഷന്മാരുടെ പിന്തുണ കൂടുതല്‍ മഹാസഖ്യത്തിന് പ്രവചിക്കുമ്പോള്‍ സ്ത്രീകള്‍ എന്‍ഡിഎക്കൊപ്പമാണ്. ജാതി തിരിച്ചുള്ള കണക്കില്‍ എന്‍ഡിഎയാണ് മുന്നില്‍. തൊഴില്‍രഹിതര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ മഹാസഖ്യത്തിനൊപ്പം നില്‍ക്കുമ്പോള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാര്‍ തുടങ്ങിയവരുടെ പിന്തുണ എന്‍ഡിഎക്കാണ്. ഗ്രാമപ്രദേശങ്ങളിലും, നഗരങ്ങളിലും എന്‍ഡിഎ മുന്നേറ്റമാണ് കാണുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് 4 ശതമാനം പേരുടെ പിന്തുണയുണ്ട്. എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളെയും തേജസ്വി യാദവ് തള്ളിയിരുന്നു.

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് 121 മുതല്‍ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്.തൊഴില്‍രഹിതരുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ മഹാസഖ്യത്തിനാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാര്‍ എന്നിവരുടെ പിന്തുണ എന്‍ഡിഎയ്ക്കാണ് എന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

130ലേറെ സീറ്റുകളാണ് മറ്റ് പല എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. 122 സീറ്റാണ് ബിഹാറില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം. മഹാസഖ്യം നൂറിലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത് നാല് എക്സിറ്റ് പോളുകള്‍ മാത്രമാണ്. ചില എക്സിറ്റ് പോളുകള്‍ ജന്‍ സുരാജിന് പരമാവധി അഞ്ച് സീറ്റ് പ്രവചിക്കുമ്പോള്‍ മറ്റു ചിലത് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന ഫലമാണ് പുറത്തുവിട്ടത്. ചാണക്യ സ്ട്രാറ്റജീസ്, ദൈനിക് ഭാസ്‌കര്‍, ഡി വി റിസേര്‍ച്ച്, ജെവിസി, മാട്രിസ്, പി മാര്‍ക്, പീപ്പിള്‍ ഇന്‍സൈറ്റ്, പീപ്പിള്‍സ് പള്‍സ്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍ അടക്കം പുറത്തുവന്ന സര്‍വ്വേ ഫലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും മുഖമായ എന്‍ഡിഎ സഖ്യത്തിന് 130 ല്‍ കുറയാത്ത സീറ്റ് നിലയാണ് പ്രവചിക്കുന്നത്.

എക്സിറ്റ് പോളുകളെല്ലാം എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ചിത്രം മാറുമെന്നാണ് മഹാസഖ്യത്തിന്റെ നേതാക്കള്‍ പറയുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ വന്‍ പ്രചാരണമാണ് മഹാസഖ്യം ബിഹാറില്‍ നടത്തിയത്. രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും മറ്റ് സഖ്യ കക്ഷികളിലെ നേതാക്കളുടെയും നിരവധി തെരഞ്ഞെടുപ്പ് റാലികള്‍ നടന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്ര സംസ്ഥാനത്തെ മിക്ക ജില്ലകളിലൂടെയും കടന്നുപോയി.

തേജസ്വി യാദവിന് പുറമേ ഇന്‍ഡ്യാ സഖ്യത്തിലെ ദേശീയ നേതാക്കളെല്ലാം ആ യാത്രയില്‍ പങ്കെടുത്തു.

Tags:    

Similar News