'സ്‌കൂള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തലകുത്തിവീണു; മറ്റുള്ളവര്‍ക്ക് കൊടുത്തത് കാത്തോലിക്കര്‍ക്കും കിട്ടണം'; വിമോചന സമരം ഓര്‍മിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍; രാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ചു കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് മുന്നറിയിപ്പ്

'സ്‌കൂള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ്

Update: 2025-10-22 06:11 GMT

കോട്ടയം: തെരഞ്ഞെടുപ്പു അടുത്തു നില്‍ക്കവേ സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദ തന്ത്രവുമായി കത്തോലിക്ക സഭ. അധ്യാപക നിയമനത്തില്‍ സഭയ്ക്ക് അര്‍ഹിക്കുന്ന അവകാശം കിട്ടണമെന്നാണ് ആവശ്യം. വിമോചന സമരം ഓര്‍മിപ്പിച്ചു കൊണ്ട് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ രംഗത്തുവന്നിരുന്നു.

സ്‌കൂള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തലകുത്തി വീണു. മറ്റുള്ളവര്‍ക്ക് കൊടുത്തത് കാത്തോലിക്കര്‍ക്കും കിട്ടണം. അവഗണന തിരിച്ചറിഞ്ഞു വോട്ട് ചെയ്യാന്‍ ഉള്ള ബോധം 50 ലക്ഷം വരുന്ന സഭാംഗങ്ങള്‍ക്ക് ഉണ്ടെന്നും പിടിച്ചു വാങ്ങാന്‍ ഉള്ള ശക്തി കാത്തോലിക്കര്‍ക്ക് ഇല്ലെന്ന് ധരിക്കുന്നുവെങ്കില്‍ തെറ്റിപ്പോയിയെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു.

സമുദായത്തിന്റെ സംഭാവനകള്‍ നിങ്ങളാരും അംഗീകരിച്ചില്ലെങ്കിലും കേരള ചരിത്രം നിഷ്പക്ഷമായി എഴുതുന്നവര്‍ അത് മറക്കില്ല. സാക്ഷരതയില്‍, ആരോഗ്യ മേഖലയില്‍, സാമൂഹ്യരംഗത്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരികയാണ്. അതുകഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു. ഒരു കക്ഷിയും ഞങ്ങളെ പരിഗണിക്കുന്നില്ലെങ്കില്‍ തിരിച്ചുകുത്താനുള്ള ബോധമുള്ളവരാണ് സമുദായംഗങ്ങളെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.

അനാവശ്യമായതോ അന്യായമായതോ ആയ കാര്യമല്ല ചോദിക്കുന്നത്. ധാരാളം പിന്നോക്കമായിട്ടുള്ളവര്‍ അംഗങ്ങളായ സമുദായമാണ് ഞങ്ങളുടേത്. കര്‍ഷകര്‍ എല്ലുമുറിയെ പണിയെടുത്തിട്ട് കാര്‍ഷിക ഉത്പന്നം വില്‍ക്കാന്‍ ചെല്ലുമ്പോള്‍ വില കിട്ടുന്നില്ല. ജനാധിപത്യ പരീക്ഷ ശാലയിലേക്ക് നാം അടുക്കുകയാണ്. ഒരു കക്ഷിക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞ് സമര്‍ദനം ചെലുത്താറില്ല. പക്ഷേ, സമുദായത്തോട് കാണിക്കുന്ന അനീതി നിറഞ്ഞ അവഗണനയെ തിരിച്ചറിയാനും തിരിച്ചുകുത്താനുമുള്ള ബോധം സമുദായത്തിനുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ എന്‍എസ്എസിന് ലഭിച്ച അനുകൂലവിധി എല്ലാവര്‍ക്കും ബാധകമാണന്ന് പകല്‍ പോലെ വ്യക്തമായിട്ടും അതിനെ തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടിയാണന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ചോദിച്ചു. ഇടപെടുന്നു എന്ന് വരുത്തി വച്ചിട്ട് കാര്യമില്ല. വിവേചനപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് കോട്ടയം ജില്ലയിലെ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായത്തിന് സര്‍ക്കാര്‍ തയ്യാറായിരുന്നു. കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് കെഎസ്ഇബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാബാവയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ്. പ്രശ്‌നത്തിന് ഉടന്‍ നിയമപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ വലിയ തര്‍ക്കവും പോര്‍വിളിയ നടന്നിരുന്നു. എന്‍എസ്എസ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തില്‍ അംഗീകാരം നല്‍കാനുള്ള് സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും മറ്റു സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടിയിരുന്നില്ല. ഇതിലാണ് സഭക്കുള്ള പരാതി.

അതേ സമയം എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപകകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബര്‍ 25 നകം പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇല്ലാതാക്കാന്‍ കൈ പുസ്തകം പുറത്തിറക്കിയിരുന്നു. പരാതി ഉള്ളവര്‍ക്ക് അറിയിക്കാനായി ജില്ലാ തല സമിതി രൂപീകരിച്ചു. നവംബര്‍ 10 നകം അദാലത്ത് സംഘടിപ്പിക്കും. 7000 ഒഴിവുകള്‍ മാനേജ്മെന്റുകള്‍ മാറ്റിവെക്കണം എന്നാണ് മന്ത്രി വി ശിവന്‍ കുട്ടി വ്യക്തമാക്കിയത്.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയത്. ഇതിനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ ഉദ്യോഗസ്ഥ സമിതികള്‍ രൂപീകരിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പട്ടികയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജില്ലാതല സമിതി റാങ്ക് പട്ടിക തയ്യാറാക്കി. ജില്ലാതല സമിതി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് നിയമനത്തിനായി ശുപാര്‍ശ ചെയ്യും. ഈ ശുപാര്‍ശകള്‍ അനുസരിച്ച് നിയമനം നടത്തേണ്ടത് മാനേജര്‍മാരുടെ നിയമപരമായ ബാധ്യതയാണെന്നാണ് കോടതി വിധി.

Tags:    

Similar News