അന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍; അതില്‍ കേവലം 52 ദിവസം മാത്രം ചുമതല വഹിച്ച സുഷമ സ്വരാജും; വീണ്ടും അധികാരത്തിലേറുമ്പോള്‍ 'തലമുറ മാറ്റത്തിന്' ബിജെപി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പര്‍വേശ് വര്‍മയും ബന്‍സൂരി സ്വരാജും; ഡല്‍ഹി 'മക്കള്‍' രാഷ്ട്രീയത്തിലേക്കോ?
ഡല്‍ഹി 'മക്കള്‍' രാഷ്ട്രീയത്തിലേക്കോ?
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 27 വര്‍ഷത്തെ വനവാസത്തിനു ശേഷം ബിജെപി വീണ്ടും അധികാരത്തിലേറുകയാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും താമര വിരിഞ്ഞതോടെ 48 സീറ്റെന്ന റെക്കോര്‍ഡുമായാണ് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി ആരെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഭരണം ലഭിച്ച കാലയളവില്‍ അന്ന് മൂന്ന് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത ചരിത്രം ഡല്‍ഹിയിലെ ബിജെപിക്കുണ്ട്. ഡല്‍ഹിയില്‍ അവസാനമായി ഭരിച്ച ബിജെപി മുഖ്യമന്ത്രി സുഷമ സ്വരാജിന്റെ ഭരണകാലയളവ് 52 ദിവസം മാത്രം നീണ്ടു നില്‍ക്കുന്നതായിരുന്നുവെന്നതാണ് കൗതുകം.
ബിജെപി രാജ്യതലസ്ഥാനം ഭരിച്ച 1993 നും 1998 നും ഇടയില്‍ ബിജെപിക്ക് മൂന്ന് മുഖ്യമന്ത്രിമാരാണ് ഉണ്ടായത്. മദന്‍ ലാല്‍ ഖുറാന, സാഹിബ് സിംഗ് വര്‍മ, സുഷമ സ്വരാജ് എന്നിവരായിരുന്നു അവര്‍. ഇതില്‍ ഡല്‍ഹിയിലെ ആദ്യ വനിത മുഖ്യമന്ത്രിയാകുന്ന വ്യക്തി കൂടിയായിരുന്നു സുഷമ സ്വരാജ്. എന്നാല്‍ 52 ദിവസം മാത്രമായിരുന്ന ആ സ്ഥാനത്തിന് ആയുസ്. 1998 ഒക്ടോബര്‍ 13 ന് സാഹിബ് സിംഗ് വര്‍മ്മയില്‍ നിന്ന് സുഷമ സ്വരാജ് അധികാരമേറ്റെടുത്ത് ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ജനരോഷം, ഉള്ളിയുടെ വിലക്കയറ്റം, ആഭ്യന്തര കലഹങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍, ഭരണവിരുദ്ധ പ്രചാരണത്തിന് ഒരു പുതിയ മുഖം സഹായിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി ഒരു പുതുമുഖത്തെ പരീക്ഷിച്ചത്.
സുഷമ മന്ത്രിസഭയില്‍ ഹര്‍ഷ് വര്‍ദ്ധന്‍, ജഗദീഷ് മുഖി, പൂര്‍ണിമ സേഥി, ദേവേന്ദര്‍ സിംഗ് ഷോക്കീന്‍, ഹര്‍ശരണ്‍ സിംഗ് ബല്ലി, സുരേന്ദ്ര പാല്‍ രതവാല്‍ എന്നിവരും ഭാഗമായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ എറ്റവും പ്രിയപ്പെട്ട രാഷ്ട്രീയനേതാവ് എന്ന് വിശേഷിപ്പിച്ച സുഷമയ്ക്ക് 52 ദിവസ കാലയളവില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.
അന്ന് വലിയ പ്രശ്നമായി നേരിടേണ്ടി വന്ന ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ അവര്‍ തന്നാലാവും വിധം ശ്രമിച്ചു. ഉള്ളിയുടെ വില കുറയ്ക്കാനുള്ള ശ്രമത്തില്‍ ഉള്ളിയുടെ വിതരണം പുനഃസ്ഥാപിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. ഡല്‍ഹിയിലുടനീളം ഉള്ളി എത്തിക്കാന്‍ അവര്‍ വാഹനങ്ങള്‍ സജ്ജമാക്കി. എങ്കിലും അവരുടെ ഹ്രസ്വമായ ഭരണം ബിജെപിയെ അധികാരത്തില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചില്ല.
പ്രത്യേക പദവി ലഭിച്ചശേഷം 1993-ലാണ് ആദ്യമായി ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് 49 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി അധികാരത്തിലെത്തി. മദന്‍ ലാല്‍ ഖുറാനയായിരുന്നു മുഖ്യമന്ത്രി. ഡല്‍ഹിയുടെ സിംഹം എന്നറിയപ്പെടുന്ന ഖുറാന ഡല്‍ഹിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ച ഒരു ജനപ്രിയ നേതാവായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തന്റെ കാലാവധി പൂര്‍ത്തായാക്കാന്‍ സാധിച്ചില്ല.
കുപ്രസിദ്ധമായ ജെയിന്‍ ഹവാല കുംഭകോണത്തില്‍ അദ്ദേഹത്തിന്റെ പേര് പ്രത്യക്ഷപ്പെട്ടതോടെ 27 മാസത്തിന് ശേഷം അദ്ദേഹത്തിന് തന്റെ പദവിയൊഴിയേണ്ടി വന്നു. 1991 -ല്‍ ഹവാല ഇടപാടുകാരനായ എസ്.കെ ജയിനിന്റെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും കെട്ടിടങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡിനിടെ കണ്ടെത്തിയ ഡയറികളില്‍ കണ്ടെത്തിയ ഇംഗ്ലീഷ് അക്ഷരങ്ങളാണ് വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.
പലര്‍ക്കും പണം നല്‍കിയതിന്റെ വിവരങ്ങളാണ് ഡയറിയില്‍ ഉള്ളതെന്നാണ് വാര്‍ത്ത പുറത്തുവന്നത്. ഡയറിയിലുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ പലതും രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്തുന്നതാണെന്നും വിവരങ്ങള്‍ പുറത്തുവന്നു. അഞ്ച് ലക്ഷം മുതല്‍ 65 ലക്ഷം വരെ പലര്‍ക്കും നല്‍കിയതായി സൂചന നല്‍കുന്നതായിരുന്നു ഡയറിയിലെ വിവരങ്ങള്‍.
മദന്‍ ലാല്‍ ഖുറാനയുടെ രാജിക്ക് ശേഷം 1996 ഫെബ്രുവരി 27 ന് സാഹിബ് സിങ് വര്‍മ്മയാണ് ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയായത്. ഖുരാനയുടെ രാജിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത സാഹിബ് സിങ്ങിന് രണ്ട് വര്‍ഷവും 228 ദിവസവുമാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്. കേന്ദ്ര ഭരണപ്രദേശത്തെ നാലാമത്തെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. അക്കാലത്ത് ഖുറാനയും സാഹേബ് സിംങും തമ്മിലുള്ള പോരും രൂക്ഷമായിരുന്നു.
എന്നാല്‍ അധികാരത്തിലെത്തിയ സാഹിബ് സിങ് വര്‍മ്മയക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. കുതിച്ചുയരുന്ന ഉള്ളിവല, വൈദ്യുതി, ജല പ്രതിസന്ധികള്‍ പ്രത്യേകിച്ച് അവികസിതമായി കഴിഞ്ഞിരുന്ന ഡല്‍ഹിയിലെ ചില കോളനികളില്‍ നേരിടേണ്ടി വന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളുടെ ഒരു നിര തന്നെയാണ് സാഹിബ് സിങ്ങിന് നേരിടേണ്ടി വന്നത്.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതായതോടെ ബിജെപിയോട് ജനങ്ങള്‍ അകന്ന് തുടങ്ങി. ഒടുവില്‍ 1998 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് 52 ദിവസം മാത്രം ശേഷിക്കെ സാഹിബ് സിങ് വര്‍മ്മ രാജിവെച്ചു. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കെജ്രിവാളിനെ മുട്ടുകുത്തിച്ചത് ഈ സാഹിബ് സിങ് വര്‍മ്മയുടെ മകന്‍ പര്‍വേഷ് സാഹിബ് സിങ്ങാണെന്നത് കാലം ഒരുക്കിവെച്ച മറ്റൊരു കൗതുകം. മാത്രമല്ല മുഖ്യമന്ത്രി സ്ഥാനത്തേക്ക് പര്‍വേഷിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം താമര വീണ്ടും വിരിയുമ്പോള്‍ അത് ബിജെപിക്ക് ഒരു പുത്തന്‍ ഉണര്‍വ്വും, പുത്തന്‍ അധ്യായവുമാണ്.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം പോലെ ഫലിച്ചു. കേജ്രിവാള്‍ എന്ന വന്‍മതില്‍ തകര്‍ത്ത ബിജെപിക്ക് ഇത് ഘര്‍വാപസിയാണ്. ഹാട്രിക് പൂജ്യം നിലനിര്‍ത്തിയ കോണ്‍ഗ്രസിനും തിരിച്ചു വരവിന്റെ സൂചന പോലും നല്‍കാനായില്ല.
പ്രവചനം സത്യമായപ്പോള്‍, ചില പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങി. ബിജെപി മുന്നേറ്റം പ്രവചിച്ചായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചങ്ങളെല്ലാം. എങ്കിലും എഎപി പ്രതീക്ഷ വച്ചു പുലര്‍ത്തി. കാരണം മുന്‍ തിരഞ്ഞെടുപ്പുകളില്‍ എഎപിക്ക് എതിരായിരുന്നു പ്രവചന ഫലങ്ങളെങ്കിലും തൂത്തുവാരി വിജയിച്ചത് എഎപിയാണ്. ആ എഎപിയുടെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് ഈ തിരഞ്ഞെടുപ്പിലെ ഫലം.
1998ല്‍ കോണ്‍ഗ്രസിനോട് അടിയറവു പറഞ്ഞ ബിജെപി 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദേശീയ തലസ്ഥാന നഗരത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. ഡല്‍ഹിയില്‍ രണ്ടാമതാണ് ബിജെപി ഭരണത്തില്‍ എത്തുന്നത്.
ഡല്‍ഹിയില്‍ ഇനി മക്കള്‍ രാഷ്ട്രീയമോ?
നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം നേടി അധികാരം ഉറപ്പിച്ചതോടെ ഒരുപിടി പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി. പ്രാഥമികമായി പരിഗണിക്കുന്നത്. എ.എ.പി. കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മയുടെ പേരാണ് തുടക്കംമുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
പ്രധാനമന്ത്രി തിങ്കളാഴ്ച വിദേശപര്യടനങ്ങള്‍ക്കായി തിരിക്കുകയാണ്. തിങ്കളാഴ്ച ഫ്രാന്‍സിലേക്ക് പോകുന്ന മോദി, യു.എസ്. സന്ദര്‍ശനവും കഴിഞ്ഞശേഷമേ ഇന്ത്യയില്‍ തിരിച്ചെത്തുകയുള്ളൂ. ഇതിന് മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതല്ലെങ്കില്‍ മോദി തിരിച്ചെത്തിയശേഷം മാത്രമേ പ്രഖ്യാപനമുണ്ടാവുകയുള്ളൂ എന്നാണ് സൂചന.
ഡല്‍ഹിയിലെ സിറ്റിങ് എം.പിമാരില്‍ ഒരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കുമെന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു അഭ്യൂഹം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും പിടിച്ചെടുത്ത ബി.ജെ.പി ഇത്തവണ ആറ് സീറ്റിലും പുതുമുഖങ്ങളെയായിരുന്നു മത്സരിപ്പിച്ചത്. അങ്ങനെയെങ്കില്‍ ഈസ്റ്റ് ഡല്‍ഹി എം.പിയും കേന്ദ്രസഹമന്ത്രിയുമായ ഹര്‍ഷ് മല്‍ഹോത്ര, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി എം.പി. മനോജ് തിവാരി, ന്യൂഡല്‍ഹി എം.പി. ബാംസുരി സ്വരാജ് എന്നിവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
സുഷമ സ്വരാജിന്റെ ഭരണം കഴിഞ്ഞ് 27 വര്‍ഷത്തിനുശേഷം അധികാരത്തിലെത്തുമ്പോള്‍ ബി.ജെ.പി. മുഖ്യമന്ത്രിയായി മകള്‍ ബാംസുരി സ്വരാജ് എത്തുകയാണെങ്കില്‍ അത് പുതിയ ചരിത്രമായിരിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പര്‍വേശ് വര്‍മയും ബി.ജെ.പി. മുന്‍മുഖ്യമന്ത്രിയുടെ മകനാണ്. സുഷമ സ്വരാജിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ് വര്‍മ.
വിജയിച്ച് നിയമസഭയില്‍ എത്തിയവരില്‍നിന്നുതന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍ പര്‍വേശ് വര്‍മയ്ക്ക് പുറമേ പ്രതിപക്ഷനേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വിജേന്ദ്ര ഗുപ്ത, സതീഷ് ഉപാധ്യായ എന്നീ പേരുകളും പരിഗണിക്കും. ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരെന്ന നിലയിലടക്കമുള്ള ഭരണപരിചയമാണ് ഇരുവര്‍ക്കും സാധ്യത നല്‍കുന്നത്..
വനിതകളില്‍നിന്നാണ് മുഖ്യമന്ത്രിയെ പരിഗണിക്കുന്നതെങ്കില്‍ ഷാലിമാര്‍ബാഗില്‍നിന്ന് വിജയിച്ച രേഖ ശര്‍മ, എ.എ.പി. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയ ശിഖ റായ് എന്നിവര്‍ക്കും സാധ്യതയുണ്ട്. മധ്യപ്രദേശിനും ഹരിയാണയ്ക്കും സമാനമായി ഇതിനെല്ലാം പുറത്തൊരു സര്‍പ്രൈസ് മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചേക്കുമെന്നും ചര്‍ച്ചകളുണ്ട്. പൊതുവെ 'മക്കള്‍' രാഷ്ട്രീയത്തെ എതിര്‍ക്കുന്ന, കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന ബിജെപി ദേശീയ നേതൃത്വം പര്‍വേശിനെയോ, ബാംസുരി സ്വരാജിനെയോ മുഖ്യമന്ത്രിയാക്കിയാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടും.