പിസിയുടെ അറസ്റ്റ് ഉണ്ടായ അന്ന് മകന്‍ ഷോണിനോട് നീ പപ്പയ്ക്ക് ഒപ്പം പോകുന്നില്ലെങ്കില്‍ ഞാന്‍ പോകാം എന്ന് പറഞ്ഞ അമ്മ; പിണറായിയ്ക്കുണ്ടാകുന്ന ഓരോ തിരിച്ചടിയും പ്രാര്‍ത്ഥന ചൊല്ലുന്ന തന്റെ നാവിന്റെയും കൊന്തയുടെയും ശക്തിയാണ് എന്ന് കരുതുന്ന ഉഷ; അച്ഛനും അമ്മയ്ക്കും വേണ്ടി നിയമ പോരാട്ടത്തിന് ഇറങ്ങിയ മകന്‍; വീണാ വിജയനെതിരെ കുറ്റപത്രം; പൂഞ്ഞാറിലെ 'ചാക്കോച്ചന്‍' പിണറായി കുടുംബത്തെ അകത്താകുമോ? കൊന്ത ശാപം വിടാതെ പിന്തുടരുമ്പോൾ

Update: 2025-04-04 03:47 GMT

തിരുവനന്തപുരം: എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും-പിസി ജോര്‍ജിന്റെ ഭാര്യ ഉഷ കുറച്ചു കാലം മുമ്പ് പറഞ്ഞ വാക്കുകളാണ്. പിസിയെ അറസ്റ്റ് ചെയ്തപ്പോള്‍, ഉച്ചരിച്ച ശാപ വാക്കുകള്‍ മുഖ്യമന്ത്രിയെ ലാക്കാക്കിയായിരുന്നു. പിന്നാലെ സജി ചെറിയാന്‍ തികച്ചും അപ്രതീക്ഷിതമായി ഭരണഘടനാ പരാമര്‍ശ വിവാദത്തില്‍ പെട്ട് മന്ത്രിസ്ഥാനം ഒഴിഞ്ഞു. സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി എന്നതും വസ്തുത. പക്ഷേ പിസി ജോര്‍ജിന്റെ കുടുംബം വെറുതെ ഇരുന്നില്ല. പീഡനക്കേസില്‍ പിസിയെ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോരാട്ടത്തിന് മകന്‍ ഷോണ്‍ ജോര്‍ജ് നേരിട്ടിറങ്ങി. ഇതിന്റെ ആകെ തുകയാണ് എക്സാലോജിക്കിനെതിരായ നീക്കങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ കുറ്റപത്രം ചര്‍ച്ചയാകുമ്പോള്‍ പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജാണ്. അതായത് പിസിയെ അറസ്റ്റ് ചെയ്ത് ആഘോഷമാക്കിയവരെ എല്ലാം വെട്ടിലാക്കുന്ന പോരാട്ടം പൂഞ്ഞാറിലെ കുടുംബം തിരിച്ചു നടത്തി. മുനമ്പം വിഷയത്തില്‍ വഖഫ് ബില്ലില്‍ ക്രൈസ്തവ സഭകളുടെ മനസ്സ് ബിജെപിക്കൊപ്പമാക്കിയത് ഷോണ്‍ ജോര്‍ജാണ്. വഖഫ് ബില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് വന്ന അതേ ദിവസം തന്നെ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ധനമന്ത്രാലയം തീരുമാനം എടുത്തു. ഇതിന് പിന്നിലും പൂഞ്ഞാറുകാര്‍ 'ചാക്കോച്ചന്‍' എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഷോണ്‍ ജോര്‍ജിന്റെ നിശ്ചയദാര്‍ഡ്യമുണ്ടെന്നതാണ് വസ്തുത. ഈ കേസിലെ വിചാരണയും വിധിയുമെല്ലാം പിണറായിയുടെ കുടുംബത്തിന് എതിരാകുമെന്ന് തന്നെയാണ് ഷോണ്‍ ജോര്‍ജ്ജ വിശ്വസിക്കുന്നത്.

ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ പ്രതിയാണെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് കേസിലെ പരാതിക്കാരന്‍ കൂടിയായ ഷോണിന്റെ പ്രതികരണം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. രണ്ടു കമ്പനികള്‍ തമ്മിലുള്ള ഇടപാടാണിതെങ്കിലും, കേസിന്റെ പ്രസക്തി വര്‍ധിച്ചത് കെഎസ്‌ഐഡിസി എന്ന പൊതുമേഖല സ്ഥാപനം ഇതിലേക്ക് വന്നതോടുകൂടിയാണ്. 135 കോടി രൂപ തിരിമറിയുണ്ടായിരുന്നു എന്ന് പറഞ്ഞത് ഇപ്പോള്‍ 185 കോടി രൂപയായി. വീണ കൈപ്പറ്റിയെന്നു പറയുന്ന തുക 1.72 കോടി രൂപയില്‍ നിന്ന് 2.72 കോടി രൂപയായിരിക്കുന്നു. 182 കോടി രൂപ തിരിമറിവഴി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥയിലുള്ള പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് 25 കോടി രൂപയ്ക്കടുത്താണ് നഷ്ടം സംഭവിച്ചിട്ടുള്ളത്. ആ നഷ്ടം സംഭവിച്ചിട്ടുള്ള കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായിട്ട് വന്നിരിക്കുകയാണ്. അതുമാത്രമല്ല ഈ പണം നല്‍കിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ മകള്‍ എക്‌സാലോജിക് കമ്പനിയുമായി വേണ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് നല്‍കിയ പണമാണ് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ ഒരു നിമിഷം പോലും വൈകാതെ ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കുകയാണ് ചെയ്യേണ്ടതെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിന് കുരുക്കായി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിര്‍ണായക റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തു വന്നിരുന്നു. സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ കണ്ടെത്തല്‍. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തടവും പിഴശിക്ഷവും കിട്ടാവുന്ന തെറ്റുകള്‍ വീണാ വിജയന്റെ കമ്പനി നടത്തിയെന്നാണ് കണ്ടെത്തല്‍. ഇത് എസ് എഫ് ഐ ഒയുടെ കുറ്റപത്രത്തിലുമുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ആവശ്യ പ്രകാരമായിരുന്നു എസ് എഫ് ഐ ഒ അന്വേഷണം നടതിയത്. ഇതിനെല്ലാം വഴിയൊരുക്കിയത് ഷോണ്‍ ജോര്‍ജ്ജ് മാത്രമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടി വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണവുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജ് മുമ്പ് പറഞ്ഞിടത്ത് കാര്യങ്ങളെത്തുകയാണ്. എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താന്‍ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താന്‍ തേടിയിട്ടില്ല. വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ അഞ്ചു പേരെ താന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. അന്ന് ജനപക്ഷത്തായിരുന്നു പിസി ജോര്‍ജും ഷോണ്‍ ജോര്‍ജ്ജും. പിന്നീട് ബിജെപിയിലേക്ക് മാറി. ബിജെപി അധ്യക്ഷനായ രാജീവ് ചന്ദ്രശേഖറിന്റെ അതിവിശ്വസ്തനാണ് ഷോണ്‍ ജോര്‍ജ്ജ്.

കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു മുന്നില്‍ ഈ വിഷയത്തിലെ ഏക പരാതി ഷോണ്‍ ജോര്‍ജിന്റേത് മാത്രമാണ്. മുമ്പ് സമാന രീതിയില്‍ പല ഇടപെടലും പിസി ജോര്‍ജ് നടത്തിയിട്ടുണ്ട്. പല അഴിമതികളും പുറത്തു വന്നു. അതേ നേതാവിന്റെ മകനാണ് ഷോണ്‍ ജോര്‍ജ്. അച്ഛനെ ജയിലില്‍ അടയ്ക്കാന്‍ നടത്തിയ ശ്രമങ്ങളെ ചെറുക്കാന്‍ ഇറങ്ങിയ മകന്‍. അച്ഛന്റെ വേദന കണ്ടാണ് നിയമത്തിന്റെ വഴിയേ ചിലരെ തുറന്നു കാട്ടാന്‍ ഷോണ്‍ തീരുമാനിച്ചത്. അത് എക്സാലോജിക്കിനെതിരായ നീക്കമായി. കോടികള്‍ കട്ടവന്‍ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്സാലോജിക്കെന്നാണ് ഷോണ്‍ ജോര്‍ജ് പറയുന്നത്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ച 'പി വി' പിണറായി വിജയന്‍ തന്നെയാണെന്ന് ഷോണ്‍ ജോര്‍ജ് ആവര്‍ത്തിക്കുന്നുണ്ട്.

2023 സെപ്റ്റംബര്‍ 29 ന് താന്‍ പരാതി നല്‍കി. പിന്നീട് സിഎംആര്‍എല്ലും കെഎസ്ഐഡിസിയും കമ്പനി രജിസ്ട്രാര്‍ക്ക് വിശദീകരണം നല്‍കിയത്. ഈ മറുപടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തനിക്ക് നല്‍കി. അതിനുള്ള മറുപടിയും ഫയല്‍ ചെയ്തു. ഇതെല്ലാം ഈ കേസില്‍ നിര്‍ണ്ണായകമായി. ഇതിനിടെ കോടിയേരിയുടെ മകന്‍ ബിനീഷിനേയും വിവാദത്തില്‍ കുടുക്കാന്‍ സൈബര്‍ സഖാക്കള്‍ ശ്രമിച്ചുവെന്നും ഷോണ്‍ ആരോപിച്ചിരുന്നു. ഈ കേസിനെ കുറിച്ച് ഫോണില്‍ പോലും ബിനീഷ് കോടിയേരിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. ഏതായാലും ഷോണ്‍ ജോര്‍ജിന്റെ അമ്മയുടെ കൊന്തയുടെ ശക്തി വീണ്ടും ചര്‍ച്ചകളില്‍ എത്തുകയാണ്. ഒപ്പം മകന്‍ അച്ഛനായി നടത്തുന്ന പോരാട്ടവും.

2022 ജൂലൈയില്‍ 'കൊന്ത' ചര്‍ച്ചയില്‍ മറുനാടനോട് പിസി ജോര്‍ജിന്റെ ഭാര്യ പ്രതികരിച്ചത് ചുവടെ

കൊന്തയ്ക്ക് വില ഉണ്ടായി, പറഞ്ഞത് സത്യമായി. എന്നാലും സജി ചെറിയാന്റെ രാജി ലക്ഷ്യം വെച്ചല്ല തന്റെ വാക്കുകള്‍ എന്ന് ഉഷാ ജോര്‍ജ്ജ് പറയുന്നു. എന്നാല്‍ അതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടായ തിരിച്ചടി പ്രാര്‍ത്ഥന ചൊല്ലുന്ന തന്റെ നാവിന്റെയും കൊന്തയുടെയും ശക്തിയാണ് എന്നാണ് ഉഷയുടെ വിശ്വാസം. അല്ലെങ്കില്‍ ഏതെങ്കിലും പീഡനകേസില്‍ ഒരു ദിവസം കൊണ്ട് ജാമ്യം കിട്ടുമോ..? പിസിയെ കൂടുതല്‍ കേസുകളില്‍ കുടുക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഇനി ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ താന്‍ അടക്കമുള്ള സ്ത്രീകള്‍ തിരുനന്തപുരത്ത് സത്യാഗ്രഹമിരിക്കും. പീഡന ആരോപണം താങ്ങാന്‍ പറ്റിയില്ല. വല്ല കൈക്കൂലി ആരോപണമായിരുന്നു എങ്കില്‍ സഹിക്കാമായിരുന്നു. ഇത് അങ്ങനെയാണോ..?

നമുക്ക് പുറത്തിറങ്ങി ആളുകളുടെ മുഖത്ത് നോക്കേണ്ടതല്ലെ. പരാതിക്കാരി രണ്ടാഴ്ച മുന്‍പ് പറഞ്ഞത് പി.സി ജോര്‍ജ്ജ് അച്ഛനെ പോലെയാണ്, തന്നെ പീഡിപ്പിക്കാത്തത് പി.സി മാത്രമേ ഉള്ളു എന്നുമാണ്. പിന്നെ എങ്ങനേയാണ്, എന്തിനാണ് ഈ പരാതി നല്‍കിയത്. കഴിഞ്ഞ രണ്ടാഴ്ച ആയി പി.സി ഇവിടെയുണ്ട്, പുറത്ത് പോയിട്ടില്ല. സ്ത്രീകളോട് മാന്യമായി പെരുമാറുന്ന ആളാണ് അദ്ദേഹം. കടുത്തഎതിരാളികള്‍ പോലും ഇത്തരം ആരോപണം ഉന്നയിക്കില്ല. മുസ്ലിം സമുദായവുമായുള്ള വിവാദത്തിന് ശേഷം ഇപ്പോഴാണ് പിസിയേ കാണാന്‍ ആ സമുദായത്തിലെ സ്ത്രീകളുടെ വരവ് കുറഞ്ഞത്. മുന്‍പ് കൂടുതലും അവരായിരുന്നു വന്നു കൊണ്ടിരുന്നത്. കഴിഞ്ഞ തവണത്തെ തോല്‍വി ചതി പറ്റിയതാണ്; ഉഷാജോര്‍ജ് പറഞ്ഞു.

പി.സി ജോര്‍ജ്ജിനേ ഇനി ഒറ്റയ്ക്ക് പൊലീസിന്റെ മുന്നിലേക്ക് വിട്ടു നല്‍കില്ല. ഇത് കുടുംബത്തിന്റെ തീരുമാനമാണ്. അറസ്റ്റ് ഉണ്ടായ അന്ന് മകന്‍ ഷോണിനോട് നീ പപ്പയ്ക്ക് ഒപ്പം പോകുന്നില്ലെങ്കില്‍ ഞാന്‍ പോകാം എന്ന് പറഞ്ഞതാണ്. ആവശ്യമില്ലാതെയാണ് പിണറായി ദ്രോഹിക്കുന്നത്. ഇനിയും ദ്രോഹം തുടര്‍ന്നാല്‍ അവര്‍ക്ക് തന്നെ തിരിച്ചടികള്‍ കിട്ടും എന്നാണ് എന്റെ വിശ്വാസം; ഉഷാ ജോര്‍ജ്ജ് ഉറപ്പിച്ച് പറയുന്നു. ഇത് വരെ എന്നെ നുള്ളി നോവിക്കാത്ത ആളാണ് പി.സി. എനിക്ക് പിസി കഴിഞ്ഞിട്ടേയുള്ളു മറ്റെന്തും. മന്ത്രിയുടെ രാജിക്ക് ശേഷമുള്ള ട്രോളന്മാരുടെ ആക്രമണത്തില്‍ പരാതിയില്ല. എന്നാല്‍ മാതാവിന്റെ കൊന്തയേ പറ്റിയുള്ള പരാമര്‍ശങ്ങള്‍ വിഷമമുണ്ടാക്കി. യഥാര്‍ത്ഥ ക്രിസ്ത്യാനിയോട് ചോദിച്ചാല്‍ കൊന്തയുടെ മഹത്വമറിയാം.

ഇരുപത് വയസ്സിന് ശേഷമാണ് എനിക്ക് ഇത്രയും വിശ്വാസവും, കൊന്തയോടുള്ള ഭക്തിയും ആരംഭിച്ചത്. ഇപ്പോള്‍ രാവിലെ 5 മണി മുതല്‍ 6 മണി വരെ കൊന്ത ചൊല്ലും. സ്ഥാപനത്തിലെത്തിയാലും കൊന്ത ചൊല്ലും. വിശ്വാസത്തിലധിഷ്ടിതമായാണ് ഞാനും കുടുംബവും മുന്നോട്ട് പോകുന്നത്. വീടിനുള്ളിലും വാഹനത്തിലും ഒരുപാട് കൊന്ത സൂക്ഷിക്കുന്നു. കൊന്തയുടെ മോതിരവും കൈക്കുള്ളിലുള്ള ഈ കൊന്തയുമാണ് എപ്പോഴും കൂടെ കൊണ്ട് നടക്കുന്നത്.

പ്രാര്‍ത്ഥന ചൊല്ലുന്ന ഒരു പറ്റം ആളുകള്‍ എന്നോടൊപ്പമുണ്ട്. അച്ചന്മാരും സിസ്റ്റേഴ്സുമാണ് ഈ സംഭവത്തിന് ശേഷം എന്നെ കൂടുതല്‍ വിളിച്ചത്. റിവോള്‍വര്‍ പരാമര്‍ശത്തില്‍ ക്രൈംബ്രാഞ്ച് എന്നോട് വിശദീകരണം ആവിശ്യപ്പെട്ട് എത്തിയിരുന്നു. രണ്ട് തവണ ഹാര്‍ട്ട് അറ്റാക്ക് വന്ന ആളാണ് ഞാന്‍ എന്ന് അവരോട് പറഞ്ഞു. 78 കിലോ ഭാരമുണ്ടായിരുന്ന എന്റെ അവസ്ഥ ഇപ്പോള്‍ കണ്ടില്ലെ. മനസ് ഇടിഞ്ഞിരിക്കുകയാണ് ഏതായാലും പി.സിയുടെ പോരാട്ടങ്ങള്‍ക്ക് പിന്‍തുണയുമായി ഞാനും കുടുംബവും ഒപ്പമുണ്ടാകും എന്നും ഉഷാജോര്‍ജ് മറുനാടനോട് പറഞ്ഞു.

Tags:    

Similar News