സന്യാസിനി വേഷമണിഞ്ഞ ഹണി റോസിനെ കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നി എന്നാണ് ഉദ്ദേശിച്ചത്; ഉപമ കേട്ടപ്പോള്‍ അവര്‍ ചിരിക്കുകയാണ് ഉണ്ടായത്; നടിക്ക് എപ്പോഴാണ് ഇത് അപമാനമായി തോന്നിയത്? കോടതിയില്‍ ബോബി ചെമ്മണൂര്‍; ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍; ജാമ്യ ഹര്‍ജിയില്‍ ഉച്ചക്ക് ശേഷം വിധി
ജാമ്യ ഹര്‍ജിയില്‍ ഉച്ചക്ക് ശേഷം വിധി
കൊച്ചി: കണ്ണൂര്‍ ആലക്കോട്ടെ ഉദ്ഘാടന പരിപാടിയില്‍ നടി ഹണി റോസിനെ 'കുന്തീ ദേവി'യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണെന്ന് കോടതിയില്‍ ബോബി ചെമ്മണൂരിന്റെ ന്യായീകരണം. നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഈ വാദം അദ്ദേഹം ഉന്നയിച്ചത്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍ പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായത്.
സന്യാസിനി വേഷമണിഞ്ഞ് പ്രത്യേക രീതിയിലുള്ള ഹെയര്‍ സ്‌റ്റൈലിലാണ് നടി അന്ന് വന്നത്. നടിയെ താന്‍ ഉപമിച്ചപ്പോള്‍ അവര്‍ ചിരിക്കുകയായിരുന്നുവെന്നും ഇതിന്റെ വിഡിയോ ഹാജരാക്കാമെന്നും പ്രതിഭാഗം അറിയിച്ചെങ്കിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ദൃശ്യങ്ങള്‍ കാണേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. കയറിപ്പിടിച്ചിട്ടില്ലെന്നും കൈ കാണിച്ചപ്പോള്‍ കൈ പിടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ബോബി ചെമ്മണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
നടി തന്നെ ഇതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ടെന്നും ഇപ്പോഴും അവ അവിടെ തന്നെയുണ്ടെന്നും ഇതിന്റെ ലിങ്കുകള്‍ ഹാജരാക്കി പ്രതിഭാഗം വാദിച്ചു. അന്നൊന്നും അപമാനിച്ചതായി തോന്നാത്ത നടിക്ക് പിന്നീട് എപ്പോഴാണ് ഇത് അപമാനമായി തോന്നിയതെന്നും എന്നിട്ടും ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ നിലനിര്‍ത്തിയത് എന്തിനെന്നും പ്രതിഭാഗം ചോദിച്ചു.
മുമ്പും തന്റെ സ്ഥാപനങ്ങളുടെ ചടങ്ങുകളില്‍ അതിഥിയായി നടിയെ ക്ഷണിച്ചിട്ടുണ്ടെന്നും ബോബി ചെമ്മണൂര്‍ അറിയിച്ചു. 'നിരവധി പേര്‍ക്ക് ജോലി നല്‍കുന്ന സംരംഭകനായ താന്‍ ജയിലില്‍ കിടന്നാല്‍ അത് ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. തന്റെ ഫോണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ജാമ്യം ലഭിക്കാവുന്ന കേസില്‍ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. അന്വേഷണത്തിന് ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിപ്പിച്ചാല്‍ മതി' -പ്രതിഭാഗം അറിയിച്ചു.
അതേസമയം പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം അനുവദിച്ചാല്‍ സമൂഹമാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹനമാകും. പരാതിക്ക് ആധാരമായ വീഡിയോ വീണ്ടും കാണേണ്ട ആവശ്യം ഇല്ലെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. ഒരിക്കല്‍ മോശം പരാമര്‍ശം നടത്തിയതിന് ശേഷം ആവര്‍ത്തിക്കരുതെന്ന് പറഞ്ഞിട്ടും അദ്ദേഹം ആവര്‍ത്തിച്ചെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജാങ്കോ സ്‌പേസില്‍ വീണ്ടും ഇത്തരം പരാമര്‍ശങ്ങള്‍ ബോബി ആവര്‍ത്തിച്ചു. എന്നാല്‍, അന്ന് നടന്ന സംഭവങ്ങളെ പറ്റി ജാങ്കോ സ്‌പേസ് ചോദിച്ചു, ഞാന്‍ പറഞ്ഞൂ, അവരാണ് അത് അപ്ലോഡ് ചെയ്തത്. അവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ വിധി ഉച്ചക്ക് ശേഷം പറയും.
നേരത്തെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് ബോബി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസം മുമ്പ് വീണു, കാലിനും നട്ടെല്ലിനും പരിക്കുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ബോബി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. അഭിഭാഷകനായ ബി. രാമന്‍ പിള്ളയുടെ രാമന്‍പിള്ള അസോഷ്യേറ്റ്‌സാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ബോബി പറഞ്ഞു. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും പൊലീസിനോടു പറഞ്ഞു. ബോബി ചെമ്മണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്നലെ രാവിലെയാണ് വയനാട് മേപ്പാടിയിലെ എസ്റ്റേറ്റില്‍നിന്ന് ബോബിയെ കസ്റ്റഡിയിലെടുത്തത്. രാത്രി 7.20ഓടെ കൊച്ചിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ സ്റ്റേഷനില്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള 'ബോചെ ആയിരമേക്കര്‍' എസ്റ്റേറ്റില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ ബോബിയുടെ വാഹനം വളഞ്ഞ് എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്.പിയുടെ പ്രത്യേക സംഘവും ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പുത്തൂര്‍വയല്‍ എ.ആര്‍ ക്യാമ്പിലെത്തിച്ചശേഷം കൊച്ചിയിലേക്ക് പുറപ്പെട്ടു. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്ത് വൈദ്യപരിശോധനക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച ഹണി റോസ് പരാതി നല്‍കിയ ഉടന്‍ ബോബിക്കെതിരെ കേസെടുത്ത് നടപടികള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ബോബി വയനാട്ടിലുണ്ടെന്ന് മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാത്രിതന്നെ അവിടേക്ക് തിരിച്ചു. ഇതിനിടെ, ഹണി റോസ് മുഖ്യമന്ത്രി പിണറായി വിജയനോടും പരാതി സംബന്ധിച്ച് സംസാരിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷക്കും ഒളിവില്‍ പോകാനും അവസരം ലഭിക്കാതിരിക്കാന്‍ അതിവേഗത്തിലായിരുന്നു പൊലീസ് നടപടികള്‍.
പ്രത്യേക അന്വേഷണസംഘത്തലവന്‍ സെന്‍ട്രല്‍ എ.സി.പി കെ. ജയകുമാര്‍, എസ്.എച്ച്.ഒ അനീഷ് ജോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രാഥമിക ചോദ്യം ചെയ്യലും നടന്നു. ബോബിയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹണി റോസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രണ്ട് മണിക്കൂറോളം രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെങ്കില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ദ്വയാര്‍ഥ പ്രയോഗത്തിലൂടെ ഒരാള്‍ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ബോബി ചെമ്മണൂരിന്റെ പേര് വെളിപ്പെടുത്താതെ ഹണി റോസ് രംഗത്തെത്തിയത്.