ബി രാമന്‍പിള്ള എത്തിയിട്ടും 'മജിസ്‌ട്രേട്ട് കോടതിയില്‍' ഒന്നും സംഭവിച്ചില്ല; സെഷന്‍സ് കോടതിയില്‍ ഇനി ജാമ്യാപേക്ഷ നല്‍കും; ഇതിനൊപ്പം എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയിലേക്കും; അന്വേഷണം പൂര്‍ത്തിയാകാത്ത കേസിന്റെ 'മെറിറ്റിലേക്കു' കടക്കേണ്ടതില്ലെന്ന കോടതി നിലപാട് നിര്‍ണ്ണായകമായി; ബോച്ചെ ജയിലില്‍ നിരാശന്‍

Update: 2025-01-10 01:33 GMT

കൊച്ചി: നടി സമര്‍പ്പിച്ച ലൈംഗികാതിക്രമ പരാതിയില്‍ ബോബി ചെമ്മണൂരിനു വേണ്ടി മജിസ്‌ട്രേട്ട് കോടതിയില്‍ നടന്നതു ശക്തമായ വാദ പ്രതിവാദം. ബി രാമന്‍പിള്ള നേരിട്ടെത്തി വാദിച്ചിട്ടും ജാമ്യം കിട്ടാത്തത് ബോബി ചെമ്മണ്ണൂരിനെ ഞെട്ടിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അന്വേഷണം പൂര്‍ത്തിയാകാത്ത കേസിന്റെ 'മെറിറ്റിലേക്കു' കടക്കേണ്ടതില്ലെന്ന കോടതി നിലപാടാണ് നിര്‍ണ്ണായകമായത്. അതിനിടെ തനിക്കെതിരേയുള്ള എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബോബി ചെമ്മണൂര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്നു ജാമ്യാപേക്ഷയ്ക്കൊപ്പം ഹൈക്കോടതിയില്‍ കേസ് റദ്ദാക്കാന്‍ അപേക്ഷ നല്‍കാനുമാണു നീക്കം. തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണു ബോബിയുടെ വാദം.

പ്രതിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന വേദിയില്‍ പ്രതി പരാതിക്കാരിയുടെ കയ്യില്‍ പിടിക്കുകയായിരുന്നില്ല. കൈ നീട്ടിയപ്പോള്‍ നടി അതു സ്വീകരിച്ചു പ്രതിയുടെ കൈയ്യില്‍ പിടിക്കുകയായിരുന്നെന്നാണു പ്രതിഭാഗം വാദിച്ചത്. കയ്യില്‍ പിടിച്ചു വട്ടത്തില്‍ കറക്കിയതു ചുറ്റും കൂടിയിരുന്നവരെ രസിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. ഇതിനുശേഷം നടി അവിടെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ സംസാരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അവര്‍ ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ അതൃപ്തിയുണ്ടായിരുന്നെങ്കില്‍ നടി അന്ന് അങ്ങനെ ചെയ്യുമായിരുന്നില്ലെന്നാണു ബോബിയുടെ വാദം. ഇതെല്ലാം കോടതി തള്ളി. അങ്ങനെയാണ് 14 ദിവസം ജയില്‍ വാസമെത്തുന്നത്. ഇതില്‍ ബോച്്‌ചെ തീര്‍ത്തും നിരാശനാണ്. എറണാകുളം ജില്ലാ ജയിലില്‍ സാധാരണ തടവുകാര്‍ക്കുള്ള സൗകര്യം മാത്രമേ ബോബിയ്ക്ക് കൊടുക്കുന്നതുമുള്ളൂ.

അതിഥിയായി പങ്കെടുത്ത ചടങ്ങില്‍ പ്രശ്നമുണ്ടാക്കേണ്ടെന്നു കരുതിയാണു സംഭവം നടന്ന സമയത്തു പ്രതികരിക്കാതിരുന്നതെന്നു പരാതിക്കാരി വ്യക്തമാക്കിയിരുന്നു. തനിക്കുണ്ടായ മാനസിക വിഷമത്തെക്കുറിച്ച് അന്നുതന്നെ ബന്ധപ്പെട്ട പലരോടും പരാതിപറഞ്ഞിരുന്നു. പല അവസരങ്ങളിലും പ്രതി മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതും പരാതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയെ അനുകരിച്ചു പലരും നടിയെ പിന്തുടര്‍ന്നു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതും ചൂണ്ടിക്കാട്ടി. ഇതെല്ലാം മജിസ്‌ട്രേട്ട് കോടതിയില്‍ നിര്‍ണ്ണായകമായി. സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം കിട്ടിയാലും കേസ് തുടരുന്നത് ബോബി ചെമ്മണ്ണൂരിന് തിരിച്ചടിയാണ്. ഇതുകൊണ്ടാണ് എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയിലേക്കും പോകും.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നു പറയുന്ന സംഭവം നടന്നതിനുശേഷം തങ്ങള്‍ സൗഹൃദത്തേടെ സംബന്ധിച്ച നിരവധി പരിപാടികള്‍ നടന്നുവെന്നും പബ്ലിസിറ്റിയാണു പരാതിക്കാരി ഉദ്ദേശിക്കുന്നതെന്നും ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയതിന് ഐ.ടി. ആക്ടിലെ 67-ാം വകുപ്പ് എന്നിവ പ്രകാരമാണു ബോബി ചെമ്മണൂരിനെതിരേ കേസെടുത്തത്. ബോബിക്കെതിരേ നടി ആദ്യം പരാതി നല്‍കാതെ തന്ത്രപൂര്‍വം പിന്നീടാനു പരാതി നല്‍കിയത്. ആദ്യം ചിലരെ അറസറ്റുചെയ്തതോടെ പോലീസിനു ബോബി ചെമ്മണൂരിന്റെ അറസ്റ്റ് ഒഴിവാക്കാനാവാത്ത സ്ഥിതിയായി.

അറസ്റ്റു ചെയ്ാതിരുന്നാല്‍, പക്ഷഭേദം കാട്ടിയെന്നു പരാതി വരുമെന്നും കണ്ടാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍പോലും അവസരം നല്‍കാതെ തിടുക്കത്തിലുള്ള പോലീസ് നടപടി. സര്‍ക്കാരും ഇതിനു പച്ചക്കൊടി കാണിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് നിര്‍ണ്ണായകമായത്. ഇതിനൊപ്പം പോലീസ് മേധാവിയുടെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും ചടുലമായി നീക്കി. നടി ഹണി റോസിന്റെ പരാതിയില്‍ അതിവേഗ നടപടികള്‍ അനിവാര്യമാണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതും മനോജ് എബ്രഹാമാണ്. സര്‍ക്കാരിന് എല്ലാ അര്‍ത്ഥത്തിലും പിന്തുണ നല്‍കുന്ന പോലീസായി സേനയെ മാറ്റാനുള്ള നീക്കത്തിന്റെ തുടക്കമാണ് ബോബി ചെമ്മണ്ണൂരിനെതിരായ നീക്കം. മൂന്ന് വമ്പന്മാര്‍ക്കെതിരായ കേസ് ഫയലും പോലീസ് ആസ്ഥാനം പരിശോധിക്കുന്നുണ്ട്. ഇതിലും നടപടികള്‍ വന്നേക്കും.

പോലീസ് നടപടികള്‍ പലപ്പോഴും ഇഴഞ്ഞു നീങ്ങുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് വിരുദ്ധമായാണ് കേസെടുക്കലും അറസ്റ്റുകളും ഇപ്പോള്‍ നടക്കുന്നത്. പൊതു സമൂഹത്തില്‍ ഏറെ അവമതിപ്പുണ്ടാക്കിയ നടപടികളും പ്രതികരണങ്ങളുമാണ് ഹണി റോസിനെതിരെ ബോബി ചെമ്മണ്ണൂര്‍ നല്‍കിയത്. സ്വര്‍ണ്ണ മുതലാളിയായതു കൊണ്ട് തന്നെ ബോബി ചെമ്മണ്ണൂരിനെതിരെയുള്ള വീഴ്ചകള്‍ സര്‍ക്കാരിനെ ബാധിക്കുമെന്ന് ക്രമസമാധാന ചുമതയുള്ള ഇപ്പോള്‍ പോലീസ് മേധാവിയുടെ അധികാരം കൂടിയുള്ള മനോജ് എബ്രഹാം തിരിച്ചറിഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായി ഹണി റോസ് സംസാരിച്ചതും നിര്‍ണ്ണായകമായി.

മനോജ് എബ്രഹാമും നടിയുമായി ആശയ വിനിമയം നടത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റുകളും സോഷ്യല്‍ മീഡിയാ പ്രതിരണവുമെല്ലാം എഡിജിപി പരിശോധിച്ചു. അതിന് ശേഷമാണ് കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യം തിരിച്ചറിഞ്ഞത്. സ്ത്രീ പീഢകര്‍ക്കും അധിക്ഷേപക്കാര്‍ക്കും സര്‍ക്കാരില്‍ നിന്നും യാതൊരു ആനുകൂല്യവും കിട്ടില്ലെന്ന സന്ദേശമാണ് സ്വര്‍ണ്ണ കട ഉടമയ്ക്കെതിരായ നടപടിയില്‍ പോലീസ് നിറച്ചത്. വയനാട്ടിലേക്കുള്ള പോലീസ് നീക്കം വളരെ കുറച്ചു പേര്‍ മാത്രമേ അറിഞ്ഞുള്ളൂ. രഹസ്യാത്മക നിലനിര്‍ത്തണമെന്ന് കൊച്ചി പോലീസിനോട് ആവശ്യപ്പെട്ടതും മനോജ് എബ്രഹാമാണ്.

Tags:    

Similar News