ബോബിക്കെതിരായ കുറ്റം നിലനില്‍ക്കും; ലൈംഗിക അധിക്ഷേപം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു; അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു; വലിയ വ്യവസായി ആയതിനാല്‍ പ്രതി സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്; നാടുവിടാന്‍ സാധ്യതയുണ്ട്; ജുവല്ലറി മുതലാളിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്
ബോബിക്കെതിരായ കുറ്റം നിലനില്‍ക്കും
കൊച്ചി: ഹണി റോസ് നല്‍കിയ ലൈംഗികാതിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചത് കുറ്റകൃത്യം പ്രഥമദൃഷ്ട്യാ വ്യക്തമായതിനെ തുടര്‍ന്ന്. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാകുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. ലൈംഗികാതിക്രമം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ കോടതി, പ്രതി വ്യാപാര പ്രമുഖനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുളള വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ച് റിമാന്‍ഡ് ചെയ്തത്. സമാനമായ കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സമ്മതമില്ലാതെ കടന്നുപിടിക്കുകയും, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നതും പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നു. ഒന്നിലധികം തവണ കൈപിടിച്ച് കറക്കി. ദുരുദ്ദേശം വ്യക്തമാകുന്ന രീതിയില്‍ പ്രതി സംസാരിച്ചു. പൊലീസില്‍ പരാതി കൊടുക്കാന്‍ വൈകിയെന്ന വാദം നിലനില്‍ക്കില്ല. അതിനുള്ള കാരണം എന്തെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ തെളിവുകളുടെ വിശദാംശങ്ങളിലേക്ക് കോടതി കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യത്തില്‍ ഇറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദവും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം അംഗീകരിക്കരുതെന്ന വാദവും അംഗീകരിച്ചു.
ഹണി റോസിനെതിരായ ദ്വയാര്‍ഥ പ്രയോഗം അശ്ലീലച്ചുവയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതാണ്. കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണ്. വലിയ വ്യവസായി ആയതിനാല്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ 14 ദിവസത്തേക്കാണ് ബോബി ചെമ്മണൂരിനെ കോടതി റിമാന്‍ഡ് ചെയ്തത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജഡ്ജി എ. അഭിരാമിയാണ് കേസ് പരിഗണിച്ചത്.
ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യ പരിശോധനക്ക് ശേഷമാണ് കാക്കനാട് ജയിലിലേക്ക് മാറ്റി. നാളെ വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് നീക്കം. റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ തലകറങ്ങി വീണു. ഹണി റോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മാര്‍ക്കറ്റിങ് തന്ത്രം മാത്രമായിരു.
അതിന് പിന്നില്‍ മറ്റ് ദുരുദ്ദേശങ്ങളില്ല. താന്‍ പൊതുവേദിയില്‍ നല്ല രീതിയില്‍ ഉപയോഗിച്ച വാക്കുകള്‍ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയില്‍ വാദിച്ചു. തെളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങള്‍ നല്‍കാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോള്‍ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്‌ട്രേറ്റ് തീരുമാനം എടുക്കുകയായിരുന്നു.
മഹാഭാരതത്തിലെ കുന്തി ദേവിയോടാണ് ഉപമിച്ചത് എന്ന പ്രതിഭാഗത്തിന്റെ പരിഹാസ്യമായ വാദം കോടതി മുഖവിലക്കെടുത്തില്ല. മഹാഭാരതത്തില്‍ കുന്തിദേവിയായി അഭിനയിച്ച നടിയുടെ സാമ്യം ഹണി റോസിന് ഉണ്ടെന്നായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും ഹണി റോസിന്റെ വസ്ത്രധാരണ രീതി അത്തരത്തിലായിരുന്നു എന്നും കോടതിയില്‍ പ്രതിഭാഗം വാദിച്ചു. മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊമോഷന്‍ പരിപാടിക്ക് വേണ്ടിയാണ് ഹൈലി പെയ്ഡ് ഗസ്റ്റിനെ വിളിച്ചത്. താന്‍ നടിയെ കയറി പിടിച്ചിട്ടില്ല. ഹണി റോസിന്റെ സമ്മതത്താടെയാണ് ശരീരത്തില്‍ സ്പര്‍ശിച്ചത്. പരിപാടി കഴിഞ്ഞപ്പോള്‍ നടി തന്നെ അഭിനന്ദിച്ചു എന്നും കോടതിയില്‍ പ്രതിഭാഗം പറഞ്ഞു.
നടി തന്നെ അവരുടെ ഫേസ്ബുക്കില്‍ തന്നോടൊപ്പമുള്ള ഉദ്ഘാടന ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കും കോടതിയില്‍ ഹാജരാക്കി. നടിയുടെ പരാതിയില്‍ ദുരുദ്ദേശമുണ്ടെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഒരുപാട് പേര്‍ക്ക് ജോലി നല്‍കുന്ന തന്റെ കക്ഷി 30 മണിക്കൂറിലേറെയായി പൊലീസ് കസ്റ്റഡിയിലാണെന്ന് അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ പറഞ്ഞു. ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കില്ലെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും പ്രതിഭാഗം കോടതിയില്‍ ഉറപ്പ് നല്‍കി.
കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും, ഹണി റോസിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പും, നിര്‍ണായക തെളിവുകളും നിരത്തിയായിരുന്നു കോടതിയില്‍ ബോബി ചെമ്മണ്ണൂരിനെ അന്വേഷണ സംഘം പ്രതിരോധിച്ചത്. മൊബൈല്‍ ഫോണ്‍ അടക്കം കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിര്‍ബന്ധമില്ലെന്നും ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി.
ഒരു സ്ത്രീയ്ക്ക് എതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നും, അവരുടെ ജോലിയെ പോലും അപമാനിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും പ്രോസീക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദങ്ങള്‍ പരിഗണിച്ചാണ് ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചത്.