തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍; വൈദ്യ പരിശോധനകള്‍ക്ക് ശേഷം ബോച്ചെയെ കാക്കനാട് ജില്ലാ ജയിലിലടച്ചു; ജയിലിലേക്കുള്ള യാത്രാമധ്യേ പൊലീസ് വാഹനം തടഞ്ഞു ഫാന്‍സുകാരുടെ ഗുണ്ടായിസം; കൃത്യമായ വൈദ്യപരിശോധനക്ക് സമ്മതിച്ചില്ലെന്ന് ആരോപണം; നാളെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും
നാളെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലടച്ചു. ജാമ്യം നിഷേധിച്ചെന്ന വിധികേട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോബിയെ എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കാക്കനാട്ടെ ജയിലില്‍ പ്രവേശിപ്പിച്ചത്. ബോച്ചെയുടെ അനുയായികള്‍ ആശുപത്രി പരിസരത്തും കാക്കനാട് ജയില്‍ പരിസരത്തും എത്തിയിരുന്നു. ഇവര്‍ ചില പ്രതിഷേധങ്ങളും നടത്തി.
മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തശേഷമുള്ള വൈദ്യ പരിശോധന പൂര്‍ത്തിയായി. കോടതിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് വൈദ്യ പരിശോധന. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണ്ണൂരുമായി പൊലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ആശുപത്രിക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബോബിക്ക് ഒപ്പമുള്ളവര് പോലീസ് വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി. പൊലീസ് വാഹനം തടഞ്ഞെങ്കിലും പൊലീസ് ബോബി ചെമ്മണ്ണൂരുമായി കാക്കനാട്ടെ ജയിലിലേക്ക് പുറപ്പെട്ടു. പൊലീസിന്റെ ഗുണ്ടായിസമാണ് ആശുപത്രിയിലും പുറത്തും നടന്നതെന്നും ശരിക്കും പരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും കൃത്യമായി പരിശോധിക്കാന്‍ തയ്യാറായില്ലെന്നും ജയിലില്‍ വെച്ച് പരിശോധിക്കുമെന്നായിരുന്നു പൊലീസ് അറിയിച്ചതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ശ്രീകാന്ത് ആരോപിച്ചു. പൊലീസ് മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ ആരോപിച്ചു.
അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എക്‌സറേ, ഇസിജി, ഓക്‌സിജന്‍ ലെവല്‍, ബ്ലഡ് പ്രഷര്‍ എന്നിവ സാധാരണ നിലയിലായണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞു. അതേസമയം ബോബി ചെമ്മണൂര്‍ വെള്ളിയാഴ്ച എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയോടുകൂടി ആലോചിച്ചശേഷമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കോടതിയില്‍ ഹാജരായ അഡ്വ. ജിയോ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.
14 ദിവസത്തെ റിമാന്‍ഡില്‍ വിട്ട ബോബി ചെമ്മണൂരിനെ കാക്കനാട്ടെ ജില്ലാ ജയിലിലാണ് പാര്‍പ്പിക്കുക. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കോടതി അവധിയാണ്. അതിനാല്‍ സെഷന്‍സ് കോടതിയെ സമീപിച്ചാല്‍ തന്നെ ഹര്‍ജിയില്‍ തീര്‍പ്പ് വൈകും. ഇത്രയും ദിവസം ബോബിക്ക് ജയിലില്‍ തുടരേണ്ടിവരും. ജനറല്‍ ആശുപത്രിയിലേക്കാണ് കോടതിയില്‍ നിന്ന് ബോബിയെ കൊണ്ടുപോയി വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ ജയിലിലേക്ക് മാറ്റും. നേരത്തെ കോടതി മുറിയില്‍ ബോബി ചെമ്മണൂര്‍ കുഴഞ്ഞുവീണിരുന്നു. കോടതിക്ക് പുറത്തെത്തിച്ചപ്പോള്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു ബോബിയുടെ പ്രതികരണം.
നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നായിരുന്നു വിധിയറിഞ്ഞ ശേഷം ഹണി റോസിന്റെ പ്രതികരണം. അഭിഭാഷകനായ രാമന്‍പിള്ളയാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ബോബി ചെമ്മണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ പോലും തടഞ്ഞ് വളരെ തന്ത്രപൂര്‍വമാണ് ബോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്നലെ രാവിലെയാണ് വയനാട് മേപ്പാടിയിലെ എസ്റ്റേറ്റില്‍നിന്ന് ബോബിയെ കസ്റ്റഡിയി?ലെടുത്തത്.
താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ബോബി പറഞ്ഞു. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും പൊലീസിനോടു പറഞ്ഞു. മനഃപൂര്‍വമുണ്ടാക്കിയ കേസാണെന്നും നടിയെ അപമാനിച്ചിട്ടില്ലെന്നും സംഭവത്തിനു ശേഷവും നടിയുമായി സൗഹൃദമുണ്ടെന്നും ബോബി വാദിച്ചിരുന്നു.