കൊച്ചിയിലെ ബൊള്‍ഗാട്ടിയില്‍ നിന്നും പറന്നുയര്‍ന്ന് സീപ്ലെയിന്‍; മാട്ടുപ്പെട്ടിയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു; ഒരേ സമയം 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തിലെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്ത് മന്ത്രിമാരും; ടൂറിസത്തിന് മുതല്‍കൂട്ടാകുമെന്ന് സര്‍ക്കാറിന്റെ അവകാശവാദം

Update: 2024-11-11 05:59 GMT

കൊച്ചി: കേരളത്തിന്റെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറക് നല്‍കി ജലവിമാനം കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്നു. ബോര്‍ഗാട്ടിയില്‍ നിന്ന് പറന്നുയര്‍ന്ന സ്‌പ്ലെയന്‍ മാട്ടുപെട്ടി ഡാമിലാണ് ലാന്‍ഡിംഗ്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു. ജനസാന്ദ്രത സംസ്ഥാന വികസനത്തിന് ഒരു തടസമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മൈസൂരുവില്‍ നിന്നാണ് സീപ്ലെയിന്‍ ഇന്നലെ കൊച്ചിയിലെത്തിയത്. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയര്‍ക്രാഫ്റ്റാണിത്. ഒരു സമയം 15 പേര്‍ക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലില്‍ പറന്നിറങ്ങിയ വൈമാനികര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കിയിരുന്നു.

കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഈ സര്‍വീസ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയില്‍ സീപ്ലെയിന്‍ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍. ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിന്‍ പ്രയോജനപ്പെടുത്താം.

ഇപ്പോള്‍ നടത്തിയിരിക്കുന്നത് ഡെമോ സര്‍വീസ് മാത്രമാണ്. റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. വിജയവാഡയില്‍ നിന്നാണ് സീപ്ലെയ്ന്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ന്‍ കൊച്ചിയില്‍ എത്തിയിരുന്നു. കനേഡിയന്‍ കമ്പനിയുടെ ജലവിമാനമാണ് എത്തിയിരിക്കുന്നത്.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകര്‍ഷണീയതയാണ്.

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായല്‍ കൊല്ലം അഷ്ടമുടിക്കായല്‍, കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും, വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാണ്. ഉള്‍പ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയില്‍ എത്തിപെടുക വെല്ലുവിളിയാണ്. സീ പ്ലെയിന്‍ കൊണ്ട് ഈ പരിമിതി മറികടക്കാന്‍ പറ്റുമെന്നും റിയാസ് പറഞ്ഞു. സമീപ ഭാവിയില്‍ത്തന്നെ സീ പ്ലെയിനുകള്‍ അവതരപ്പിക്കാന്‍ കഴിയുമോ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.

Tags:    

Similar News