ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; ബിഥുല്‍ ബാലന്റെ വടകരയിലെ വീട്ടില്‍ ആക്രമണം നടന്നത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി; റിമാന്‍ഡില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ജാമ്യം തേടി കോടതിയെ സമീപിക്കും
ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്. ജില്ലാ സെക്രട്ടറി ബിഥുല്‍ ബാലന്റെ വടകരയിലെ വീട്ടില്‍ ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടുകാര്‍ കിടന്നുറങ്ങുമ്പോളാണ് ബോംബ് ആക്രമണമുണ്ടായത്. വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോംബറിഞ്ഞതെന്നും പ്രദേശത്ത് കലാപം സൃഷ്ടിക്കാനാണ് ശ്രമമെന്നുമാണ് ആരോപണം. ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി.
വടകര പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോംബേറ് ആണ് വീടിന് നേരെ ഉണ്ടായതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന കേസില്‍ റിമാന്‍ഡിലാണ് ബിതുല്‍. ബിതുലിന് പുറമെ എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍ എന്നിവരും റിമാന്‍ഡിലാണ്.
അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ജാമ്യം തേടി കോടതിയെ സമീപിക്കും. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം. കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. 'കൊല്ലെടാ' എന്ന് അക്രോശിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. മന്ത്രിയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഗണ്‍മാനെയും അക്രമിച്ചതായി എഫ്‌ഐആറില്‍ ഉണ്ട്. മന്ത്രിയുടെ ഗണ്‍മാന്‍ എം എസ് അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെലീസ് കേസെടുത്തത്.
അതേസമയം വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍നിന്നും മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടര്‍ ചികിത്സകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടക്കും.
സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.
അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെഎസ്‌യു പ്രതിഷേധം നടന്ന സ്ഥലത്തെ ക്യാമറ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്‍പിഎഫിന് അപേക്ഷ നല്‍കി.
