ബോണ്ടി ബീച്ചിലെ കൊലയാളി ഇന്ത്യക്കാരന്‍ ആണെന്ന കണ്ടെത്തല്‍ ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് ഭീഷണിയാകും; സ്റ്റുഡന്റ് വിസക്കാര്‍ക്കും അപ്രഖ്യാപിത വിലക്കിനു സാധ്യത; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുകെ, യുഎസ്എ, കാനഡ, ന്യുസിലാന്‍ഡ് പഠന മോഹത്തിന് വമ്പന്‍ തിരിച്ചടിയാകുന്ന ആക്രമണത്തിന്റെ പരുക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ വിയര്‍പ്പൊഴുക്കേണ്ടി വരും; കൊലവിളി ഉയര്‍ത്തി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍

ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് ഭീഷണിയാകും; സ്റ്റുഡന്റ് വിസക്കാര്‍ക്കും വിലക്കിനു സാധ്യത

Update: 2025-12-17 05:57 GMT

ലണ്ടന്‍: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ച് കൂട്ടക്കൊലയിലെ അക്രമികളുടെ വേരുകള്‍ ഇന്ത്യയില്‍ ആണെന്നതും ഇവര്‍ ഓസ്‌ട്രേലിയായില്‍ എത്തിയത് വിദ്യാര്‍ത്ഥി വിസയില്‍ ആണെന്നുമുള്ള വെളിപ്പെടുത്തല്‍ ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത. പൊതുവെ ഭീകര ആക്രമണങ്ങളില്‍ ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ഉള്‍പ്പെടുന്ന സാഹചര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വിരളം ആണെങ്കിലും ജൂത കൂട്ടക്കൊല ലക്ഷ്യം വച്ച് ഹൈദരാബാദ് വേരുകളുള്ള അക്രമി സാജിദ് അക്രവും മകന്‍ നവീദ് അക്രവും ചെയ്തതിന്റെ പരിണത ഫലം കാത്തിരിക്കുന്നത് ഓസ്‌ട്രേലിയ അടക്കമുള്ള വിദേശ നാടുകളിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരായിരിക്കും. സ്റ്റുഡന്റ് വിസ അപേക്ഷകള്‍ മുതല്‍ വിദേശങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നടക്കുന്ന ഇമിഗ്രേഷന്‍ പരിശോധനയില്‍ വരെ ബോണ്ടി ബീച്ച് അക്രമത്തിന്റെ പ്രത്യാഘാതം ഇന്ത്യന്‍ വംശജര്‍ നേരിടേണ്ടി വരും.

ഇതിനു പുറമെ വിദേശങ്ങളില്‍ ഇന്ത്യക്കാരോട് പൊതുവെ അതാത് നാട്ടുകാര്‍ കാട്ടിയിരുന്ന സ്നേഹവും മമതയും ഒക്കെ ഈ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വെറുപ്പും ഭീതിയും ഒക്കെയായി മാറുവാനുള്ള സാധ്യത ഏറെയാണ്. പല അക്രമണങ്ങളിലും പാക്കിസ്ഥാന്‍, അഫ്ഗാന്‍ വംശജര്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെയും നോട്ടം കൊണ്ട് ആ വിഭാഗത്തില്‍ ചേര്‍ത്തിരുന്ന വിദേശ വംശജര്‍ക്ക് ഇപ്പോള്‍ നേരിട്ട് ചൂണ്ടിക്കാട്ടാനുള്ള ഉദാഹരണമായി മാറുകയാണ് ബോണ്ടി ബീച്ച് അക്രമത്തിലെ പിതാവും മകനും.

ഇന്ത്യക്കാരുടെ സ്റ്റുഡന്റ് വിസ അപേക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും, ഓസ്‌ട്രേലിയന്‍ ഇംപാക്ട് മറ്റു രാജ്യങ്ങളിലേക്കും പടരും, അഞ്ചു കണ്ണുകള്‍ കണ്ണിമ ചിമ്മാതെ ഇന്ത്യക്കാരെ വീക്ഷിക്കും

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയും ബ്രിട്ടനും കര്‍ശന ഉപാധികള്‍ കൊണ്ടുവന്നതോടെ ഒരു വര്‍ഷമായി മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിന് ശ്രമിച്ചതിരുന്നത് ഓസ്ട്രേലിയ, ന്യുസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ പഞ്ച ശക്തികള്‍ എന്നറിയപ്പെടുന്ന ഈ അഞ്ചു രാജ്യങ്ങളുടെയും കണ്ണുകള്‍ സദാ തുറന്നിരിക്കുന്നു എന്ന് മാത്രമല്ല ഇവര്‍ തമ്മിലുള്ള സുരക്ഷാ സഹകരണം ആഗോള ശ്രദ്ധ നേടിയതുമാണ്.

ഭീകര ആക്രമണം പോലെയുള്ള സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ ഈ പഞ്ച ശക്തികളും പരസ്പരം വിവരങ്ങള്‍ കൈമാറ്റം ചെയ്യുകയും പരിഹാര ശ്രമങ്ങള്‍ ഒന്നിച്ചു തീരുമാനിക്കുന്നതും കാലങ്ങളായുള്ള രീതിയാണ്. അതാതു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മാറുന്നതൊന്നും ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ പ്രയാസം സൃഷ്ടിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ബോണ്ടി ബീച്ച് അക്രമം സംബന്ധിച്ചു തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ ഓസ്‌ട്രേലിയ മറ്റു നാലു രാജ്യങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യും.

കാല്‍ നൂറ്റാണ്ട് മുന്‍പ് വിദ്യാര്‍ത്ഥി വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ പ്രധാന അക്രമി സാജിദ് അക്രത്തിന്റെ സ്വഭാവത്തില്‍ ഇന്ത്യന്‍ വേരുകളേക്കാള്‍ സ്വാധീനമാകാന്‍ ഓസ്‌ട്രേലിയന്‍ ജീവിതത്തിനു സാധിച്ചിരിക്കുമെങ്കിലും അക്കാര്യം സൗകര്യ പൂര്‍വം മറന്ന് അയാളുടെ വംശീയ വേര് തേടി പിടിക്കുന്ന വ്യഗ്രതയാണ് ഇപ്പോള്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ സജീവമാകുന്നത്. സ്വാഭാവികമായും ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനും നിര്‍ണായക റോള്‍ ഉണ്ടാകും. സ്വന്തം രാജ്യത്തു നിന്നും ആണ് തീവ്രവാദിയുടെ സ്വഭാവം രൂപപ്പെട്ടിരിക്കുന്നത് എന്ന വിവരം പുറത്താകുന്നതിനേക്കാള്‍ ഏതു രാജ്യവും അക്രമിയുടെ സ്വഭാവ പശ്ചാത്തലത്തിനു മറ്റു രാജ്യങ്ങളെ കുറ്റപ്പെടുത്താന്‍ ആണ് ശ്രമിക്കുക. ഈ സാധ്യതയില്‍ സാജിദിന്റെ ഇന്ത്യന്‍ പശ്ചാത്തലം ചികയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ സാജിദിന്റെ ഹൈദരാബാദിലെ ബന്ധങ്ങള്‍ തേടി എത്തിയതും അയാളെക്കുറിച്ചോ അയാള്‍ക്ക് ഇന്ത്യയില്‍ ജീവിച്ച കാലത്തു തീവ്ര ചിന്താഗതി ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതായ ഒരു വിവരവും ഇപ്പോള്‍ ചികഞ്ഞെടുക്കാനായിട്ടില്ല. മാത്രമല്ല കാല്‍ നൂറ്റാണ്ട് കാലം ഒരാളുടെ ചിന്താഗതികള്‍ പരുവപ്പെടുത്താന്‍ ആവശ്യമായതില്‍ ഏറെ സമയമാണ് എന്ന് ഓസ്ട്രേലിയയെയും പങ്കാളി രാജ്യങ്ങളെയും ബോധ്യപ്പെടുത്താന്‍ വിയര്‍പ്പ് ഒഴുക്കേണ്ട ദുരവസ്ഥയിലേക്കാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എത്തുന്നത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് ഇക്കാര്യത്തില്‍ ഉള്ള അനുഭവ സമ്പത് പഞ്ച രാഷ്ട്രങ്ങളെ സാജിതിന്റെ ഇന്ത്യന്‍ ബന്ധവും അക്രമമവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ സഹായകമായേക്കും എന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ അതിനായുള്ള ശ്രമം തുടങ്ങിയതായും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ആവശ്യമായ എന്ത് വിവരവും കൈമാറാന്‍ തയ്യാറാണെന്ന ഡല്‍ഹിയുടെ നിലപാടും അന്തരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായക്ക് ഇളക്കം തട്ടരുത് എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണെന്നു വ്യക്തം.

വിദേശ പഠനത്തിന് മികച്ച രാജ്യങ്ങളുടെ വാതിലടയും, ബോണ്ടി ബീച്ച് അക്രമത്തിന്റെ പ്രത്യാഘാതം ഏറെക്കാലത്തേക്ക്, എരിതീയില്‍ എണ്ണ ഒഴിക്കുന്ന വാര്‍ത്ത തലക്കെട്ടുകള്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസക്കാര്‍ക്കും വിനോദ സഞ്ചാര വിസ അപേക്ഷകള്‍ക്കും ഇനി മുതല്‍ പഞ്ച രാഷ്ട്രങ്ങള്‍ കൂടുതല്‍ കര്‍ക്കശമായ പരിശോധനകള്‍ ഏര്‍പ്പെടുത്തും എന്ന് വ്യക്തമാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പരിധിയില്‍ കവിഞ്ഞ വിസകള്‍ അനുവദിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട എന്ന നിലപാടിലേക്കും പഞ്ച രാഷ്ട്രങ്ങള്‍ എത്താനുള്ള സാധ്യത ഏറെയാണ്. അമേരിക്കയും ബ്രിട്ടനും ഇതിനകം തന്നെ ഈ തീരുമാനം സ്വീകരിച്ച വഴിയില്‍ ആയതിനാല്‍ ഓസ്‌ട്രേലിയയും കാനഡയും ന്യൂസിലാന്‍ഡും സമാന നയം പ്രഖ്യാപിക്കാന്‍ കാലതാമസം ഉണ്ടാകില്ല. കാനഡയും ന്യൂസിലാന്‍ഡും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അടുത്തിടെ ചില കര്‍ക്കശ നിലപടുകള്‍ എടുത്തിരുന്നെങ്കിലും ഓസ്‌ട്രേലിയ ഇതുവരെ അത്തരം നീക്കങ്ങള്‍ നടത്തിയിരുന്നില്ല എന്നത് ബോണ്ടി ബീച്ച് അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പുനഃ പരിശോധിക്കപ്പെടും എന്നുറപ്പാണ്.

വിദ്യാര്‍ത്ഥി വിസയിലും മറ്റും എത്തുന്നവര്‍ കൂടുതലായി വംശീയ അക്രമത്തിനു പോലും വിധേയരായേക്കാവുന്ന സാഹചര്യമാണ് സാജിദും നവീദും ചേര്‍ന്ന് നടത്തിയ അക്രമം വഴി നിസഹായരായ വിദേശ ഇന്ത്യക്കാരെ കാത്തിരിക്കുന്നത്. പത്തു ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന രാജ്യം എന്ന നിലയില്‍ ബോണ്ടി ബീച്ച് അക്രമം രാജ്യത്തിന്റെ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്ന പശ്ചാത്തലത്തില്‍ പ്രദേശ വാസികളെ ഏറെ പ്രകോപിക്കാന്‍ സാധ്യതയുണ്ട്.

ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ കണ്മുന്‍പില്‍ കാണേണ്ടി വരുമ്പോള്‍ നിയന്ത്രണം നഷ്ടമാകുന്ന ജനത മുന്നില്‍ കാണുന്നവനെ തന്റെ പ്രകോപനത്തിന് കാരണമാക്കിയാല്‍ എത്ര സന്നാഹങ്ങള്‍ ഒരുക്കിയാലും ആര്‍ക്കും തടയാന്‍ കഴിഞ്ഞേക്കില്ല. ഭരണാധികാരികളും മറ്റും നല്‍കുന്ന ഉറപ്പുകള്‍ ഒരു പരിധി വരെ ഇത്തരം വംശീയ ആക്രമങ്ങളെ തടയാന്‍ കാരണമാകും എന്നതിനാല്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ നിരന്തരം സമ്പര്‍ക്കത്തിലാണ്.

കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നത് പ്രാദേശിക ജനതയുടെ വികാരങ്ങളെ തീ പിടിപ്പിക്കും എന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ മണ്ണ് കൂടുതല്‍ ചുട്ടു പൊള്ളുന്നതായി മാറും. ഇതിനു സഹായകമാകുന്ന വിധത്തില്‍ നെഗറ്റീവ് വാര്‍ത്തകളുടെ കുത്തഴുക്കും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ മലവെള്ളം പോലെ എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന ദി ഡെയ്‌ലി ടെലിഗ്രാഫിന്റെ തലക്കെട്ട് മാത്രം ഇതിനു ഒന്നാന്തരം ഉദാഹരണമാണ്. ആസ്‌ട്രേലിയന്‍ ജനതയുടെ രോഷമാണ് പത്രം വെളിപ്പെടുത്തിയതെങ്കിലും തലക്കെട്ടില്‍ ഉപയോഗിച്ച ഭാഷയുടെ പ്രയോഗത്തിന് മാധ്യമ ലോകത്ത് തന്നെ ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്.

ഇത്തരം വാര്‍ത്തകള്‍ കൊണ്ട് പ്രാദേശിക ജനരോഷം ഉയര്‍ത്താം എന്നല്ലാതെ ഭീകരവാദികള്‍ക്ക് എതിരെ ശബ്ദിക്കാന്‍ കുറച്ചു കൂടി ഫലപ്രദമായ മാര്‍ഗമാണ് മാധ്യമങ്ങള്‍ സ്വീകരിക്കേണ്ടത് എന്നും സോഷ്യല്‍ മീഡിയ വിമര്‍ശം ഡെയ്‌ലി ടെലിഗ്രാഫിനെ തേടി എത്തിയിരിക്കുകയാണ്. മറ്റൊരു പത്രമായ ദി കൊറിയര്‍ മെയില്‍ അരിശം തീര്‍ക്കാന്‍ അക്രമിയെ യഥാര്‍ത്ഥ സാത്താന്‍ എന്നാണ് തലകെട്ടില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ദി ഓസ്‌ട്രേലിയന്‍, ദി അഡ്വെര്‍ടൈസേര്‍ തുടങ്ങിയ പത്രങ്ങള്‍ സംയമനം പാലിക്കുന്ന തലകെട്ടുകളാണ് അക്രമിയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തില്‍ നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News