ബ്രിട്ടന്‍ കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്ക് കൈമാറുമോ? ദശകങ്ങളായി ചര്‍ച്ച ചെയുന്ന വിഷയം ഡല്‍ഹിയില്‍ എത്തിയ ബ്രിട്ടീഷ് മന്ത്രി ലിസ നന്ദി ചര്‍ച്ചയ്ക്ക് എടുത്തത് കരുതിക്കൂട്ടി തന്നെ; ഇന്ത്യയെ തണുപ്പിക്കാന്‍ ബ്രിട്ടന്‍ തയാറാകുമോ?
ബ്രിട്ടന്‍ കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്ക് കൈമാറുമോ?
ന്യൂഡല്‍ഹി: സാംസ്‌കാരികവും പൈതൃകവുമായി പ്രാധാന്യമുള്ള പുരാതന വസ്തുക്കളില്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ സമീപിക്കാവുന്ന തരത്തിലുള്ള നയം രൂപീകരിക്കുവാന്‍ യു കെ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തും. ബ്രിട്ടീഷ് കള്‍ച്ചര്‍, മീഡിയ സ്പോര്‍ട്ട്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ലിസ നന്ദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ, വിലമതിക്കാനാകാത്ത പൈതൃക സ്വത്തായ കോഹിനൂര്‍ രത്‌നം മടക്കി നല്‍കണമെന്ന ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തിനോടുള്ള പ്രതികരണമായിരുന്നു നന്ദിയുടെ വാക്കുകള്‍. 1849 ല്‍ മഹാരാജ ദുലീപ് സിംഗ് ആയിരുന്നു ഈ 108 ക്യാരറ്റ് രത്‌നം അന്ന് ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്‌റ്റോറിയ രാജ്ഞിക്ക് നല്‍കിയത്. 1937 ല്‍ രാജമാതാവ് ഇത് തന്റെ കിരീടത്തില്‍ സ്ഥാപിച്ചു.
ഇത്തരത്തിലുള്ള സാംസ്‌കാരിക പൈതൃക പ്രാധാന്യമുള്ള പുരാതന വസ്തുക്കളില്‍ യു കെയ്ക്കും ഇന്ത്യയ്ക്കും ഒരുമിച്ച് അവകാശം സിദ്ധിക്കുന്ന രീതിയിലുള്ള ഒരു നയരൂപീകരണത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യുകയാണെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത് ഇന്ത്യയിലെയും ബ്രിട്ടനിലെയും ജനങ്ങള്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുകയും ചെയ്യും. വ്യത്യസ്ത കാലഘട്ടങ്ങളിലേതായി ഇത്തരത്തിലുള്ള നിരവധി വസ്തുക്കള്‍ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ, ഫാഷന്‍, ടി വി, സംഗീതം ഗെയിമിംഗ് തുടങ്ങി സര്‍ഗ്ഗാത്മകത ഏറെ ആവശ്യമുള്ള മേഖലകളില്‍ ഇന്ത്യയും ബ്രിട്ടനും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും, ഇത്തരത്തിലുള്ള തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഈ മേഖലയിലും പരസ്പര സഹകരണത്തോടെ ഇരു രാജ്യങ്ങള്‍ക്കും ഇനിയും കൂടുതല്‍ മുന്നേറാന്‍ ആവുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും സയന്‍സ് മ്യൂസിയം ഗ്രൂപ്പുകള്‍ ഒരുമിച്ച് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യവും ആലൊചനയിലുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനില്‍ നിന്നും ന്യൂഡല്‍ഹിയിലെത്തിയ ഔദ്യോഗിക സംഘത്തെ നയിക്കുന്ന നന്ദി സാംസ്‌കാരിക സഹകരണവുമായി ബന്ധപ്പെട്ട ഒരു പുതിയ കരാര്‍ ഇന്ത്യന്‍ സാംസ്‌കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക, കലാ, പൈതൃക കൈമാറ്റം കൂടുതല്‍ വിപുലമാക്കുന്നതാണ് ഈ കരാര്‍. ഒപ്പം ക്രിയേറ്റീവ് ബിസിനസ്സുകളിലും കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളിലും ഇരു രാജ്യങ്ങള്‍ക്കിടയില്‍ ദീര്‍ഘകാല പരസ്പര പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്നാണ് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൈതൃക ഇടങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള വൈദഗ്ധ്യം, മ്യൂസിയം മാനേജ്‌മെന്റ്, പുരാവസ്തു ശേഖരത്തിന്റെ ഡിജിറ്റലൈസേഷന്‍ എന്നീ മേഖലകളില്‍ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കും. ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രാലയം, ഇന്ത്യയിലെ ബ്രിട്ടീഷ് കൗണ്‍സില്‍, യു കെയിലെ സാംസ്‌കാരിക സ്ഥാപനങ്ങളായ ആര്‍ട്ട്‌സ് കൗണ്‍സില്‍ ഓഫ് ഇംഗ്ലണ്ട്, ബ്രിട്ടീഷ് ലൈബ്രറി, ബ്രിട്ടീഷ് മ്യൂസിയം, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, സയന്‍സ് മ്യൂസിയം ഗ്രൂപ്പ് വി ആന്‍ഡ് എ മ്യൂസിയം എന്നിവര്‍ ഈ പുതിയ കരാറില്‍ ഉള്‍പ്പെടും.
നേരത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് ഒരുപറ്റം ഖാലിസ്ഥാന്‍ തീവ്രവാദികള്‍ അദ്ദേഹത്തെ അവഹേളിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു ചര്‍ച്ചക്ക് ശേഷം ചഥാം ഹൗസില്‍ നിന്നും പുറത്തേക്ക് വരുന്ന വഴിയായിരുന്നു ജയശങ്കര്‍ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലേക്ക് ചാടിയ ഒരു വ്യക്തി അതിലുണ്ടായിരുന്ന ഇന്ത്യന്‍ ദേശീയ പതാക കീറിയത്. അതിനു മുന്‍പായി ചര്‍ച്ച നടക്കുന്ന വേദിക്ക് പുറത്തും ഖാലിസ്ഥാന്‍ പതാക വീശി തീവ്രവാദികള്‍ പ്രതിഷേധിച്ചിരുന്നു.
അന്ന് ജയശങ്കറിനേറ്റ അപമാനത്തിനുള്ള പ്രായശ്ചിത്തമാണ് കോഹിനൂര്‍ പോലുള്ള അമൂല്യ പുരാവസ്തുക്കളില്‍ ഇന്ത്യയ്ക്ക് കൂടി അവകാശം നല്‍കിക്കൊണ്ടുള്ള ബ്രിട്ടന്റെ ഈ പ്രവൃത്തി എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ഏറെക്കാലമായി ഇന്ത്യ ആവശ്യപ്പെട്ടിരുന്നത് പോലെ ഈ രത്‌നം മടക്കി നല്‍കുമൊ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ആന്ധ്രാ പ്രദേശിലെ കൊല്ലൂര്‍ രത്‌നഖനിയില്‍ നിന്നും ലഭിച്ച ഈ രത്‌നം കാകതീയ രാജാക്കന്മാരില്‍ നിന്നും അലാവുദ്ദീന്‍ ഖില്‍ജി തട്ടിയെടുക്കുകയായിരുന്നു. പിന്നീട് അത് മുഗള്‍ രാജവംശത്തിന്റെ കൈവശം എത്തിച്ചേര്‍ന്നു. ഷാജഹാന്റെ മയൂരസിംഹാസനത്തെ അലങ്കരിച്ചിരുന്ന കൊഹിനൂര്‍ പിന്നീട് മുഗള്‍ വംശത്തിന്റെ ശക്തി ക്ഷയിച്ചതോടെ ഇന്ത്യ ആക്രമിക്കാനെത്തിയ പേര്‍ഷ്യന്‍ രാജാവ് നാദിര്‍ ഷായുടെ കൈവശം എത്തിച്ചേര്‍ന്നു. നാദിര്‍ഷായുടെ മരണശേഷം ഇത് അഫ്ഗാന്‍ ചക്രവര്‍ത്തി അഹമ്മദ് ഷാ ഡുറാന്റെ കൈവശം എത്തി.
പിന്നീട് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അഹമ്മദ് ഷാ അഭയം തേടിയെത്തിയത് അന്നത്തെ സിഖ് സാമ്രാജ്യത്തിന്റെ ഭാഗമായ ലാഹോറിലായിരുന്നു. അഭയം തന്നതിന് നന്ദിയായി ഷാ ഈ വിലപിടിച്ച രത്‌നം അന്നത്തെ സിഖ് രാജാവായിരുന്നു രഞ്ജിത് സിംഗിന് നല്‍കി. എന്നാല്‍, അഹമ്മദ് ഷായുടെ പുത്രനെ ഷായുടെ മുന്‍പില്‍ വെച്ച് ക്രൂരമായി പീഢിപ്പിച്ച് രത്‌നം പിടിച്ചു വാങ്ങുകയായിരുന്നു എന്നാണ് ചില ഇസ്ലാമിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തിന്റെ അവസാനത്തിലാണ് ഇത് ബ്രിട്ടീഷുകാരുടെ കൈവശമെത്തുന്നത്.