ബ്രിട്ടനിലും മോദിപ്പേടിയെന്നു ഭരണകക്ഷി എംപി പ്രീത് ഗിലും ഗാര്‍ഡിയന്‍ പത്രവും; എയര്‍പോര്‍ട്ടുകളില്‍ സിഖ് വംശജരെ തടഞ്ഞു നിര്‍ത്തി പ്രത്യേക പരിശോധനയും ചോദ്യം ചെയ്യലും; ബ്രിട്ടന്‍ ഇന്ത്യയ്ക്ക് വേണ്ടി വളയുകയാണെന്ന് ആക്ഷേപം; കാനഡയുടെ അനുഭവത്തില്‍ ഇന്ത്യയെ സുഖിപ്പിക്കാനുള്ള നീക്കമെന്നും വിലയിരുത്തല്‍

ബ്രിട്ടനിലും മോദിപ്പേടിയെന്നു എംപി പ്രീത് ഗിലും ഗാര്‍ഡിയന്‍ പത്രവും

Update: 2024-12-16 09:20 GMT

കവന്‍ട്രി: ഇന്ത്യയുമായി നേര്‍ക്കുനേര്‍ മുട്ടിനോക്കിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒടുവില്‍ സ്വന്തം നാട്ടിലും സ്വന്തം പാര്‍ട്ടിയിലും നേരിടേണ്ടി വന്ന ദുരനുഭവം മറ്റു രാജ്യങ്ങള്‍ക്കും പാഠമായി മാറുകയാണോ എന്ന ചോദ്യമുയര്‍ത്തി ബ്രിട്ടനിലെ ഇടതു മുഖമുള്ള മാധ്യമം ഗാര്‍ഡിയനും ഭരണ കക്ഷി എംപി പ്രീത് ഗിലും രംഗത്ത്. തക്കം കിട്ടുമ്പോഴൊക്കെ ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഗാര്‍ഡിയന്‍ പലവട്ടം കേരളത്തെ കുറിച്ച് മോശം റിപ്പോര്‍ട്ട് നല്‍കി മലയാളികളുടെ മനസ്സില്‍ കയറിയ മാധ്യമം കൂടിയാണ്. ഏതാനും വര്‍ഷം മുന്‍പ് വിദേശത്തു നിന്നും എത്തുന്ന ചക്കയ്ക്ക് ബ്രിട്ടനില്‍ നൂറു പൗണ്ടിലേറെ വിലകിട്ടുന്ന വാര്‍ത്ത ബിബിസി അടക്കം പ്രാധാന്യത്തോടെ നല്‍കിയപ്പോള്‍ കേരളത്തില്‍ നിന്നും എത്തുന്ന ഈ പഴത്തില്‍ എന്താണ് ഇത്ര വലിയ അത്ഭുതമെന്നു നെഗറ്റീവ് വാര്‍ത്ത നല്‍കിയ പാരമ്പര്യവും ഗാര്‍ഡിയന്റെ പേരിനൊപ്പമുണ്ട്.


ഇത് മാത്രമല്ല കോവിഡ് കാലത്ത് ലോകമെങ്ങും ജനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയപ്പോള്‍ ഇന്ത്യയില്‍ അകപ്പെട്ട ബ്രിട്ടീഷുകാരെ മടക്കി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ട ഉത്സാഹം കാട്ടുന്നില്ല എന്ന കുത്സിത വാര്‍ത്തയും ഗാര്‍ഡിയന്റെ ലിസ്റ്റില്‍ തന്നെയാണ്. അന്ന് തങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതര്‍ ആണെന്നും മികച്ച സംരക്ഷണം പ്രാദേശിക സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ട് എന്ന് കേരളത്തില്‍ എത്തിയ ബ്രിട്ടീഷുകാര്‍ പോലും പറഞ്ഞപ്പോഴും അതൊന്നും ഗാര്‍ഡിയന് അറിയേണ്ട കാര്യം ഇല്ലായിരുന്നു. ഇപ്പോള്‍ സമാനമായ സാഹചര്യത്തിലാണ് വിദേശ സന്ദര്‍ശനം നടത്താന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന സിഖുകാരെ തിരഞ്ഞു പിടിച്ചു ഇന്ത്യയെ കുറിച്ചുള്ള അഭിപ്രായം എയര്‍പോര്‍ട്ട് സെക്യൂരിറ്റി ചെക്കിങ്ങിന്റെ ഭാഗമായി ചോദിക്കുന്നു എന്ന ആക്ഷേപവുമായി വമ്പന്‍ തലക്കെട്ടു നിരത്തിയതിലൂടെ തെളിയുന്നതും.

ഗാര്‍ഡിയന് ന്യായീകരണം നിരത്താന്‍ ഭരണകക്ഷി എംപിയായ സിഖ് വംശജ പ്രീത് ഗിലിന്റെ ആക്ഷേപം മാത്രാണ് കൂട്ടിനുള്ളത്. ബിര്‍മിങാമില്‍ നിന്നും 2017ല്‍ പാര്‍ലിമെന്റില്‍ എത്തുമ്പോള്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിഖ് വംശജ എന്ന റെക്കോര്‍ഡും പ്രീതിന് ഒപ്പം ഉണ്ടായിരുന്നു. കൂടാതെ ലേബര്‍ പാര്‍ട്ടി പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഷാഡോ സെക്രട്ടറി ആയതും പ്രീതിന്റെ ഗ്രാഫ് ഉയര്‍ത്തിയ ഘടകമാണ്.

എന്നാല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലേബറിന് റെക്കോര്‍ഡ് ഭൂരിപക്ഷം കിട്ടിയതോടെ പ്രീതിനെ പോലെയുള്ള രണ്ടാം നിരക്കാര്‍ പിന്നിലേക്ക് വലിയേണ്ടി വന്ന സാഹചര്യം ഒരുക്കി. ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രി ആയിരിക്കെ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഓഫിസ് എന്ന മന്ത്രാലയം തന്നെ ഇല്ലാതാക്കിയത് പ്രീതിന്റെ സ്വപ്നങ്ങള്‍ക്കും കരിനിഴല്‍ വീഴ്ത്തിയ ഘടകമാണ്. ഈ വകുപ്പിനെ വിദേശ കാര്യ മന്ത്രാലയത്തിലേക്ക് കൂട്ടി യോജിപ്പിക്കുക ആയിരുന്നു ബോറിസ് ജോണ്‍സണ്‍.


സ്വന്തം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി പ്രീതിന്റെ ആക്രമണം

ഈ സാഹചര്യത്തിലാണ് പ്രീത് ഗിലിന്റെയും ഗാര്‍ഡിയന്റെയും ഇന്ത്യ വിരുദ്ധ പരാമര്‍ശത്തെ കൂട്ടി വായിച്ചെടുക്കേണ്ടത്. ഡല്‍ഹിയുടെ സ്വാധീനം മൂലമാണ് സിഖ് വംശജര്‍ യുകെ എയര്‍പോര്‍ട്ടുകളില്‍ അനാവശ്യ ചോദ്യ ശരങ്ങള്‍ നേരിടേണ്ടി വരുന്നത് എന്ന് ആക്ഷേപം ഉയര്‍ത്തുന്ന പ്രീത് ഗില്‍ സ്വന്തം പാര്‍ട്ടിയെയും സര്‍ക്കാറിനെയുമാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ടര്‍ക്കിയില്‍ അവധിക്കാലം കഴിഞ്ഞെത്തിയ ഒരു സിഖ് വംശജനെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ച് മണിക്കൂറുകള്‍ ചോദ്യം ചെയ്തു എന്നതാണ് പ്രീതിനെ പ്രകോപിപ്പിച്ച വിഷയം.


എന്നാല്‍ അനേകം പേരെ ഇത്തരത്തില്‍ തടയുന്നുണ്ട് എന്നാണ് ഗാര്‍ഡിയന്റെ വാദം. ബ്രക്‌സിറ്റിനു ശേഷം ഇന്ത്യയുമായി മികച്ച വ്യാപാര കരാര്‍ സാധ്യമാക്കാന്‍ ബ്രിട്ടീഷ് വിദേശകര്യ സെക്രട്ടറി ഡേവിഡ് ലാമി നേരിട്ട് ഡല്‍ഹിയില്‍ എത്തി തുടര്‍ ചര്‍ച്ചകള്‍ നടത്തുന്ന സാഹചര്യത്തിലാണ് പ്രീതിന്റെയും ഗാര്‍ഡിയന്റെയും ഉണ്ടായില്ല വെടി എന്നതും പ്രത്യേകതയാണ്. ഇന്ത്യയെക്കുറിച്ച് എന്താണ് അഭിപ്രായം എന്നതാണ് പ്രധാന ചോദ്യം എന്നതാണ് പ്രീതിനെ പ്രകോപിപ്പിക്കുന്നത്. ഇത്തരം ഒരു ചോദ്യത്തിന്റെ ആവശ്യം എന്താണ് എന്നാണ് അവരുടെ പ്രധാന ചോദ്യവും.


വിദേശ സന്ദര്‍ശനം കഴിഞ്ഞു മടങ്ങി എത്തുമ്പോള്‍ യുകെ എയര്‍പോര്‍ട്ടുകളില്‍ പീഡന സമാനമായ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന് കാണിച്ചു പ്രീത് ഗില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി യെവറ്റ് കൂപ്പറിനും കത്തെഴുതിയിരിക്കുകയാണ്. ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കമായ ഖാലിസ്ഥാന്‍ മുന്‍ നിര്‍ത്തിയാണ് ഈ ചോദ്യമെന്നു പറയുന്ന ഗില്‍ ആ ഭൂമി സിഖ് വംശജരുടെ സ്വതന്ത്ര ഭൂമി ആകേണ്ടതാണ് എന്ന അത്യന്തം പ്രകോപനപരമായ അഭിപ്രായവും ബ്രിട്ടീഷ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്ത്യയുടെ ശ്രദ്ധയില്‍ എത്തിയാല്‍ വ്യക്തമായും ഡല്‍ഹിയുടെ അപ്രീതി നേരിടേണ്ടി വരുമെന്നും ഏതാനും വര്‍ഷത്തെ ഇടര്‍ച്ചയ്ക്ക് ശേഷം മെച്ചപ്പെട്ടു വരുന്ന ബന്ധം വഷളാകാന്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്നില്ല എന്നതുമാകാം യെവാറ്റിന്റെ ചിന്ത. ഇത് മനസിലാക്കിയാണ് പ്രീത് ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഗാര്‍ഡിയന്റെ സഹായം തേടിയതെന്നും വ്യക്തമാണ്.


സിഖുമാര്‍ ബ്രിട്ടനില്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്നു, തലപ്പാവില്‍ കൈവയ്ക്കാന്‍ ആര്‍ക്ക് അധികാരം? പ്രതികരിക്കാനില്ലെന്നു ഹോം ഓഫിസ്

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ എഴുതിയ കത്തിന് താന്‍ ഉദ്ദേശിച്ച പോലെയുള്ള പരിഗണന ലഭിച്ചില്ല എന്നതും പ്രീതിനെ പ്രകോപിക്കാന്‍ കാരണമായിട്ടുണ്ടാകാം. നിരവധി സിഖ് വംശജര്‍ തന്നെ ബന്ധപ്പെട്ടത് കൊണ്ടാണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കുന്നതെന്ന മുന്‍കൂര്‍ ജാമ്യവും പ്രീത് എടുത്തതും ശ്രദ്ധ നേടിയിരുന്നു. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചോദ്യം ചെയ്യലിനിടെ ഒരു ഉദ്യോഗസ്ഥന്‍ സിഖ് വംശജനെ തലപ്പാവ് മാറ്റാന്‍ ശ്രമിച്ചതും അത്യന്തം പ്രതിഷേധാര്‍ഹം ആണെന്നും പ്രീത് പറയുന്നു. ഇത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യം ആണെന്നും ആരെയും വിശ്വാസത്തില്‍ കൈവയ്ക്കാന്‍ അനുവദിക്കില്ലെന്നുമാണ് പ്രീതിന്റെ ഭാഷ്യം. പ്രത്യേകമായ കാരണം കൂടാതെ സിഖ് വംശജര്‍ ബ്രിട്ടനില്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്ന സാഹചര്യം ആണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രീതിന്റെ ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍ പെട്ട ഗാര്‍ഡിയന്‍ ഔദ്യോഗികമായി ഹോം ഓഫീസിന്റെ അഭിപ്രായം തേടിയെങ്കിലും പ്രതികരിക്കാന്‍ ഒന്നും ഇല്ലെന്നായിരുന്നു മറുപടി. ഖാലിസ്ഥാന്‍ വാദത്തെ ഇന്ത്യ തീവ്രവാദ നീക്കമാമായാണ് കാണുന്നതെന്നും 1985ലെ കനിഷ്‌ക വിമാനദുരന്തത്തില്‍ 329 പേര്‍ കൊല്ലപ്പെടാന്‍ കാരണമായതും ഖാലിസ്ഥാന്‍ തീവ്രവാദ നീക്കമായാണ് വിലയിരുത്തപ്പെടുന്നത് എന്നും ഗാര്‍ഡിയന്‍ അനുബന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യക്കും വിവിധ വിദേശ സര്‍ക്കാരുകള്‍ക്കും ഇടയില്‍ സംഘര്‍ഷ സാധ്യത വളര്‍ത്താന്‍ നോര്‍ത്ത് അമേരിക്കയിലും ബ്രിട്ടനിലും ശക്തമായ സിഖ് പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്ന കാര്യവും ഗാര്‍ഡിയന്‍ തുറന്നെഴുതുന്നു. കാനഡയിലെ നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരിട്ട് ബന്ധം ഉണ്ടെന്ന കാനഡയുടെ ആരോപണം കൂടി ഉയര്‍ത്തിയാണ് ഗാര്‍ഡിയന്‍ ബാലന്‍സിംഗിനു ശ്രമിക്കുന്നത്. ബ്രിട്ടനില്‍ അവതാര്‍ സിങ് ഖണ്ഡ കഴിഞ്ഞ ജൂണില്‍ പൊടുന്നനെ മരിച്ച സംഭവത്തിലും ഇന്ത്യന്‍ പോലീസിന്റെ ഭീഷണി എത്തിയ കാര്യം പരാമര്‍ശിക്കപ്പെട്ടിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലും ഗാര്‍ഡിയന്‍ നടത്തുന്നുണ്ട്.

ടെററിസം ആക്ട് 2000 സെക്ഷന്‍ ഏഴ് അനുസരിച്ചാണ് സിഖ് വംശജരെ ഇപ്പോള്‍ യുകെയിലെ എയര്‍പോര്‍ട്ടുകളില്‍ തടഞ്ഞു ചോദ്യം ചെയ്യുന്നത് എന്ന പരാമര്‍ശത്തോടെയാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ഈ നിയമം അനുസരിച്ചു യാത്രക്കിടയില്‍ വിമാനത്താവളത്തില്‍ മാത്രമല്ല റോഡിലും റെയില്‍ സ്റ്റേഷനിലും ഒക്കെ വെറും സംശയത്തിന്റെയോ ഊഹത്തിന്റെയോ അടിസ്ഥാനത്തില്‍ പൊലീസിന് ഒരാളെ തടയാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

തടയുന്ന ഉടനെ സോളിസിറ്റര്‍ സേവനം പോലും ലഭ്യമാക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്ന എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ് വേഡ് മനസിലാക്കി അതി വിശദമായ പരിശോധന നടത്തുന്നത് ഏതെങ്കിലും വിധത്തില്‍ ഉള്ള ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ വേണ്ടി തന്നെയാണെന്ന് ലണ്ടന്‍ ഖല്‍സ ഗുരുദ്വാര പ്രസിഡന്റ് ഗുര്‍പ്രീത് സിങ് ആനന്ദിന്റെ അഭിപ്രായവും ഗാര്‍ഡിയന്‍ മേമ്പൊടിയായി ചേര്‍ത്തിട്ടുണ്ട്.

Tags:    

Similar News