ഇതുവരെ പ്രതിചേര്‍ത്തവര്‍ക്കുമപ്പുറം ആളുകളുണ്ട്; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്ഥിരമായി ബന്ധമുള്ളവരിലേക്കും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കും അന്വേഷണം നീളണം; ഉന്നതരുടെ പങ്ക് വ്യക്തമെന്നും ഹൈക്കോടതി; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അന്വേഷണം പ്രതിസന്ധിയിലോ? കൂടുതല്‍ അറസ്റ്റുകള്‍ വൈകുമ്പോള്‍

Update: 2025-12-05 01:56 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കേരള ഹൈക്കോടതി വിശദീകരിക്കുമ്പോള്‍ ഇനിയും പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് വ്യക്തം. ഈ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ദേവസ്വം ബഞ്ച് ഒരു മാസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി നീട്ടിയിരുന്നു.

എന്നാല്‍ അതിന് ശേഷവും വലിയ വേഗത അന്വേഷണങ്ങളില്‍ കാണാനില്ല. തദ്ദേശ തിരഞ്ഞെടുപ്പുവരെ കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ ചില കേന്ദ്രങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകണമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. ഇത് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് മനസ്സലാക്കിയുള്ള നിരീക്ഷണമാണ്. പക്ഷേ കുറച്ചു ദിവസമായി പ്രത്യേക അന്വേഷണ സംഘം ഒന്നും കാര്യമായി ചെയ്യുന്നില്ലെന്ന വാദം ശക്തമാണ്.

ഇതുവരെ പ്രതിചേര്‍ത്തവര്‍ക്കുമപ്പുറം ആളുകളുണ്ട് എന്ന് കോടതി പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്ഥിരമായി ബന്ധമുള്ളവരിലേക്കും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കും അന്വേഷണം നീളണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പോലീസ് അനുസരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീ, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ നിഷേധിച്ചിരുന്നു. നിലവില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എന്‍. വാസുവും എ. പത്മകുമാറും ജയിലിലാണ്. പത്മകുമാറിനെ ദ്വാരപാലക പാളികള്‍ കടത്തിയ കേസിലും പ്രതിചേര്‍ത്തിട്ടുണ്ട്. ഇതിന് അപ്പുറം പ്രതികളുണ്ടെന്ന് പറയുകയാണ് ഹൈക്കോടതി വിധി.

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സന്നിധാനത്ത് വലിയ പ്രഭാവലയത്തില്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയാണ് വിലസിയതെന്ന് ഹൈക്കോടതി പറയുന്നു. ഈ വലിയ സ്വാതന്ത്ര്യം ആരാണ് പോറ്റിക്ക് ഒരുക്കിക്കൊടുത്തത് എന്നതിലേക്ക് അന്വേഷണം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടത്താന്‍ വലിയ വന്‍തോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. 2019-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണം വീണ്ടും പൂശുന്നതിനായി പാളികള്‍ എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം എടുത്തപ്പോള്‍ അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. എന്നാല്‍, അന്നത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീ ഈ തീരുമാനം ഉത്തരവായി പുറത്തിറക്കിയപ്പോഴാണ് സ്വര്‍ണം പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനമായത്. ഇത് ഉന്നതരുടെ സഹായത്തോടെ പോറ്റിക്കുണ്ടായ വലിയ സ്വാധീനം വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നുമുണ്ട്. കൊള്ളക്കാരുടെ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് കാലം തെളിയിച്ചു. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇന്ന് കേരളം നമ്പര്‍ വണ്‍, കേരള ജനതയുടെ തലയില്‍ ആറ് ലക്ഷം കോടിയുടെ കടം കയറ്റിവച്ചിട്ടാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങാന്‍ പോകുന്നത്. എന്തിനെയും ന്യായീകരിക്കുന്ന ഗോവിന്ദന്റെ തൊലിക്ക് ഏറ്റവും കട്ടിയുള്ള തൊലിക്കുള്ള അവാര്‍ഡ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അവസാനത്തെ കമ്യുണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News