സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കു വര്‍ധന; അവസരം വിനിയോഗിച്ച് കുതിക്കാന്‍ ബിഎസ്എന്‍എല്‍; 4ജിയും 5ജിയും ഉടന്‍ പ്രാബല്യത്തില്‍; റെയ്ഞ്ച് പ്രശ്നം പരിഹരിക്കാന്‍ 41,000 സൈറ്റുകള്‍ പ്രവര്‍ത്തനക്ഷമം

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കു വര്‍ധന; അവസരം വിനിയോഗിച്ച് കുതിക്കാന്‍ ബിഎസ്എന്‍എല്‍

Update: 2024-11-04 11:35 GMT

മുംബൈ: നെറ്റ്വേഗതക്കുറവും ഉപഭോക്താക്കളുടെ വിമര്‍ശനങ്ങളുമൊക്കെയായി പ്രതിസന്ധിയിലായ ബിഎസ്എന്‍എല്ലിന് അക്ഷരാര്‍ത്ഥത്തില്‍ ആശ്വാസമാവുകയായിരുന്നു സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കുവര്‍ധന.വേഗതയും മറ്റുമുണ്ടെങ്കിലും ഭീമമായ വര്‍ധനവമാണ് സ്വകാര്യകമ്പനികള്‍ റീച്ചാര്‍ജ്ജ് തുകയില്‍ വരുത്തിയത്.ഈ അവസരം മുതലെടുത്താണ് ബിഎസ്എന്‍എല്‍ 4ജിയും തൊട്ട് പിന്നാലെ 5ജിയും ലഭ്യമാക്കുമെന്ന അവകാശവാദവുമായി രംഗത്ത് വന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഎസ്എന്‍എല്‍ 4ജിക്കായുള്ള കാത്തിരിപ്പ് ഇനി അധികം നീളില്ലെന്നാണ് സൂചനകള്‍. ഇതിനൊപ്പം കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്തുകയാണ്. സ്വകാര്യ ടെലികോം സേവനദാതാക്കളുടെ പ്ലാനുകളേക്കാള്‍ താരതമ്യേന വിലകുറഞ്ഞ വിവിധ റീചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കി കൊണ്ടാണ് ബിഎസ്എന്‍എല്‍ യുദ്ധതന്ത്രം മെനയുന്നത്.

എന്നാല്‍ വേഗതക്കുറവിനൊപ്പം 4ജി വൈകുന്നതിന്റെ നീരസവും ഉപയോക്താക്കള്‍ക്കുണ്ട്.ഇതിന് പരിഹാരമായാണ് ബിഎസ്എന്‍എല്‍ 50,000 -ലധികം തദ്ദേശീയ 4ജി സൈറ്റുകള്‍ വിജയകരമായി വിന്യസിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണം വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും വിദൂര പ്രദേശങ്ങളില്‍ അടക്കം സേവനം ഉറപ്പാക്കാനുള്ള നീക്കമാണ് കമ്പനി നടത്തുന്നത്.

മികച്ച സേവനം എന്ന് അവകാശപ്പെടുമ്പോഴും പല സ്വകാര്യ ടെലികോം സേവനദാതാക്കളുടെയും നെറ്റവര്‍ക്ക് വീടുകളുടെ ഉള്ളിലും മറ്റും തീര്‍ത്തും കുറവാണ്.കോള്‍ ഡ്രോപ്പുകളും, വേഗം കുറഞ്ഞ നെറ്റും സാധാരണക്കാരെ വലയ്ക്കുന്നു.എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ 4ജി, 5ജി സേവനങ്ങള്‍ അങ്ങനെ ആയിരിക്കില്ലെന്ന് ടാറ്റ ഗ്രൂപ്പ് ഉറപ്പു പറയുന്നു.റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഒക്ടോബര്‍ 29 വരെ 41,000 -ലധികം സൈറ്റുകള്‍ ഇപ്പോള്‍ 4ജിയില്‍ പ്രവര്‍ത്തനക്ഷമമാണ്.

2023 മെയ് മാസത്തില്‍ 1,00,000 പുതിയ ടെലികോം ടവറുകള്‍ക്കായി 4ജി ഉപകരണങ്ങള്‍ നല്‍കുന്നതിന് 24,500 കോടി രൂപയുടെ കരാര്‍ ബിഎസ്എന്‍എല്ലില്‍ നിന്നു ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം നേടിയിരുന്നു.സര്‍ക്കാരിന്റെ ആത്മ നിര്‍ഭര്‍ ഭാരത് സംരംഭത്തിന് കീഴിലായിരുന്നു ഈ സുപ്രധാന നീക്കം.

ഇതില്‍ ഏകദേശം 36,747 സൈറ്റുകള്‍ പദ്ധതിയുടെ ഘട്ടത്തിലും, 5,000 സൈറ്റുകള്‍ ഡിജിറ്റല്‍ ഭാരത് നിധി ഫണ്ടിന്റെ 4ജ സാച്ചുറേഷന്‍ പ്രോജക്റ്റിന് കീഴിലും സ്ഥാപിച്ചെന്നാണ് വിവരം. ബാക്കി ടവറുകള്‍ സ്ഥാപിക്കുന്ന നടപടി ദ്രുതഗതിയില്‍ നടക്കുന്നു.ഈ ടവറുകള്‍ എല്ലാം തന്നെ 5ജി റെഡി ആണ്. അതിനാല്‍ തന്നെ 5ജി സേവനവും അകലെയല്ല.തേജസ് നെറ്റ്വര്‍ക്ക്‌സ്, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്), ഐടിഐ എന്നിവയും ടിസിഎസ് നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ്.

പൂര്‍ണമായും സ്വദേശീയ സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്ലിന്റെ നെറ്റ്വര്‍ക്ക് വിപുലീകരണം.2025 ജൂണോടെ ഒരു ലക്ഷം സൈറ്റുകള്‍ വിന്യസിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി നെറ്റ്വര്‍ക്ക് നല്‍കാന്‍ ലക്ഷ്യമിടുന്നുവെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.BSNL 5G launch

Tags:    

Similar News