ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ തട്ടിയ ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍; ടയര്‍ തേഞ്ഞു തീര്‍ന്ന നിലയില്‍; ഡീസല്‍ റോഡിലേക്കൊഴുകി; കോഴിക്കോട് ബസ് അപകടത്തില്‍ പരിക്കേറ്റ അമ്പതോളം പേരെ ആശുപത്രിയിലേക്ക് മാറ്റി; ഒരാളുടെ നില ഗുരുതരം
കോഴിക്കോട് ബസ് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരുക്ക്
കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റതില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും. സ്‌കൂള്‍ കുട്ടികളടക്കം 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.
മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന കെഎല്‍ 12 സി 6676 ലിയാഖത് എന്ന ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. ഗതാഗതം സുഗമമാക്കാന്‍ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. പരുക്കേറ്റവരടക്കം യാത്രക്കാരെയെല്ലാം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ബസാണു മറിഞ്ഞത്. പുതിയ സ്റ്റാന്റില്‍നിന്നു 4.10ന് മാവൂര്‍ കൂളിമാടിലേക്ക് പോകുകയായിരുന്ന ലിയാഖത് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അരയിടത്തുപാലം മേല്‍പ്പാലം കയറുമ്പോള്‍ ബൈക്കില്‍ ഇടിച്ചു ബസ് മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കാറിനേയും ബൈക്കിനേയും മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്.
ബസില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടെങ്കിലും നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണ്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ബസില്‍ കൂടുതലും ഉണ്ടായത് യൂണിഫോം ധരിച്ച കുട്ടികള്‍ ആണെന്ന് നാട്ടുകാര്‍ പറയുന്നു.
ബസിന്റെ ടയര്‍ അപകടാവസ്ഥയിലായിരുന്നു. ടയര്‍ തേഞ്ഞു തീര്‍ന്ന നിലയില്‍ കണ്ടെത്തി. ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ്സ് മറിഞ്ഞുവെന്നും ദൃക്‌സാക്ഷി പറയുന്നുണ്ട്. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകകളെ മറികടക്കാന്‍ ശ്രമിക്കവേയാണ് അപകടം നടന്നതെന്നാണ് ഇവര്‍ പറയുന്നത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.