ഡ്രൈ ഡേയില്‍ ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം വിളമ്പാം; ബാറുകള്‍ തുറക്കാതെ ചടങ്ങില്‍ മാത്രം മദ്യം വിളമ്പാം; പ്രത്യേക ഫീസ് ഈടാക്കിയുള്ള ഇളവ് ഉപാധികളോടെ; കള്ളുഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല; വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം വിളമ്പാം; കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

Update: 2025-04-09 15:35 GMT

തിരുവനന്തപുരം: 2025-26 വര്‍ഷത്തെ കരട് മദ്യനയം മന്ത്രിസഭായോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് അംഗീകാരം നല്‍കിയത്. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാം. വിവാഹം, അന്തര്‍ദേശീയ കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഒന്നാം തിയതി ബാറുകള്‍ തുറക്കാന്‍ അനുമതിയില്ല, ഡ്രൈ ഡേ തുടരും.

പ്രത്യേക ഫീസ് ഈടാക്കി ഹോട്ടലുകളെ ഡ്രൈ ഡേയില്‍ മദ്യം വിളമ്പാന്‍ അനുവദിക്കും. അരലക്ഷം രൂപയാണ് ഫീസ്.

മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുന്‍കൂട്ടി കാണിച്ച് എക്‌സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാര്‍ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം.

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം നല്‍കാം. ഇതിനായി യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. ആരാധനാലയങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍ നിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി. നിയമത്തിലെ നിയന്ത്രണങ്ങള്‍ മൂലം ആയിരത്തിലധികം ഷാപ്പുകള്‍ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു.

വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതി. ക്ലാസ്സിഫിക്കേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും അനുമതി. ക്രൂയിസ് ബോട്ടുകള്‍ അടക്കമുള്ള യാനങ്ങള്‍ക്കാണ് അനുമതി ലഭിക്കുക. ഹൗസ് ബോട്ടുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടില്ല. ത്രീസ്റ്റാര്‍ വരെയുള്ള ഹോട്ടലുകളില്‍ കള്ളും വിളമ്പാന്‍ അനുമതി.

ഹോട്ടലുകള്‍ ഉള്‍പ്പെടുന്ന റേഞ്ചിലെ കള്ള് ഷാപ്പുകളില്‍ നിന്ന് കള്ളു വാങ്ങി വേണം വിളമ്പാന്‍. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തിയിട്ടില്ല. ബാറിന്റെ പ്രവര്‍ത്തന സമയത്തിലും മാറ്റമില്ല. കള്ള് ഷാപ്പുകളോട് അനുബന്ധിച്ചുള്ള ഭക്ഷണശാലയിലും കള്ളുവിളമ്പാന്‍ അനുമതി നല്‍കി. കുപ്പിയിലാക്കിയ കള്ളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ അനുമതി. ലേലത്തില്‍ വിറ്റുപോകാത്ത കളള് ഷാപ്പുകള്‍. തൊഴിലാളികളുടെ സംഘത്തിന് ഏറ്റെടുത്ത് നടത്താനും അനുമതി നല്‍കി.ഐടി പാര്‍ക്കുകളിലെ ക്ലബ് മാതൃകയിലുള്ള ബാര്‍ ഇത്തവണയും കരട് നയത്തിലുണ്ട്. ബാറുകളുടെ ലൈസന്‍സ് 35 ലക്ഷമായി തുടരും.

Tags:    

Similar News