പ്രബന്ധം നിരസിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചു; ആരോപണ വിധേയയായ അധ്യാപികയുടെ മേൽനോട്ടത്തിലെ മറ്റ് പ്രബന്ധങ്ങൾ പരിശോധിക്കും; തുടർ നടപടികൾ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ

Update: 2025-05-15 10:08 GMT

മലപ്പുറം: നിയമ വിദ്യാർത്ഥിനിയുടെ അവസാന വർഷ പ്രബന്ധം സർവകലാശാല അധികൃതർ സ്വീകരിക്കാൻ തയാറാകാത്തത് വ്യക്തിവൈരാഗ്യത്തെ തുടർന്നെന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ഉത്തരവ്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്. പലകാരണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ പ്രബന്ധം തിരുത്താൻ അധികൃതർ ആവശ്യപ്പെട്ടതായാണ് വിദ്യാർത്ഥി പരാതി ഉന്നയിച്ചത്. കാലിക്കറ്റ് സർവകലാശാല എൽഎൽഎം വിദ്യാർത്ഥിനിയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ഇന്ദുലേഖയാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്.

പ്രബന്ധത്തിന്റെ ഗൈഡായിരുന്ന അധ്യാപികഇക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് വിദ്യാർത്ഥിനി ഉയർത്തിയത്. പരാതിക്കാരിയുടെ അടക്കം 3 വിദ്യാർത്ഥികളുടെ പ്രബന്ധം ആരോപണ വിധേയയായ അധ്യാപികയുടെ മേൽനോട്ടത്തിലായിരുന്നു. മറ്റ് രണ്ട് വിദ്യാർത്ഥികളുടെ പ്രബന്ധം കമ്മീഷൻ പരിശോധനയ്ക്കായി കൊണ്ട് പോയി. കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമാകും തുടർ നടപടികൾ സ്വീകരിക്കുന്നതെന്നും വിസി വൈസ് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്.

സർവകലാശാലയിലെ അധികൃതരുടെ അനാസ്ഥകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി വിദ്യാർത്ഥിനിയെ അധ്യാപകരടക്കം അവഗണിച്ചിരുന്നതായാണ് ആരോപണം. കോളേജിലെ ലൈബ്രറി തുറന്നു നൽകുന്നതും, കൃത്യ സമയത്ത് ക്ലാസ് തുടങ്ങാനുള്ള അധ്യാപകരുടെ അനാസ്ഥ, ഹോസ്റ്റലിലെ മെസ്സിൽ പോയി ആഹാരം കഴിക്കാൻ അനുവാദം നൽകാതിരിക്കുക തുടങ്ങി നിരവധി വിഷയങ്ങളെ വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിനാൽ തനിക്ക് വലിയ അവഗണയാണ് അധികൃതരിൽ നിന്നും നേരിടേണ്ടി വന്നതെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. ഓരോ തവണ സമർപ്പിക്കുമ്പോഴും വിവിധ കാരണങ്ങൾ പറഞ്ഞ് പ്രബന്ധം അധികൃതർ നിരസിക്കുകയായിരുന്നു.

പ്രബന്ധത്തിന്റെ കോപ്പിയടി അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് കഴിഞ്ഞ ശേഷമാണ് പ്രബന്ധത്തിന്റെ വിഷയം മനസ്സിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്ന വിചിത്ര വിശദീകരണം അധ്യാപിക നൽകുന്നത്. എന്നാൽ ഇതിനോടകം പ്രബന്ധത്തിന്റെ മുഴുവൻ ഭാഗങ്ങളും പൂർത്തിയായി കഴിഞ്ഞിരുന്നു. മറ്റ് വിദ്യാർത്ഥികൾ കൃത്യ സമയത്ത് തങ്ങളുടെ പ്രബന്ധങ്ങൾ സമർപ്പിച്ചെങ്കിലും അധ്യാപികയുടെ അനാസ്ഥ കാരണം പരാതിക്കാരിക്ക് നിയമ ബിരുദം പോലും നേടാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

സംഭവത്തെ തുടർന്ന് വിദ്യാർഥിയുടെ പിതാവ് കോളേജിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കുട്ടിയോടുള്ള വ്യക്തി വൈരാഗ്യമാണ് പ്രബന്ധം ഒപ്പിട്ട് നൽകാൻ ഉണ്ടായ കാലതാമസത്തിന് കാരണമെന്ന് മനസ്സിലാക്കിയ പിതാവ് പ്രബന്ധം നിരസിച്ചെന്ന കാരണം കാണിക്കുന്ന റിജക്ഷൻ ലെറ്റർ നൽകാൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രബന്ധത്തിൽ തിരുത്ത് വരുത്തി ഹാജരാക്കണമെന്നായിരുന്നു കോളേജിന്റെ നിലപാട്.

അതേസമയം, വിദ്യാര്‍ത്ഥിനിയുടെ ആരോപണം അധ്യാപകര്‍ തള്ളിക്കളഞ്ഞു. വിദ്യാര്‍ഥിനിയുടെ പ്രബന്ധത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നും പലവട്ടം തിരുത്തലുകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും മാറ്റിയെഴുതാന്‍ തയ്യാറായില്ലെന്നും ഗൈഡായ അധ്യാപിക ബി.ടി. സൗമ്യ പറഞ്ഞു. കോപ്പിയടി (പ്ലേജറിസം) ഉണ്ടോ എന്നു നോക്കാന്‍ പ്രബന്ധം സമര്‍പ്പിക്കേണ്ടതിന്റെ തലേന്ന് തിരുത്തലുകള്‍ വരുത്താത്ത പ്രബന്ധമാണ് സമര്‍പ്പിച്ചത്. അതിനാലാണ് ഇത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്.

തിരുത്തി സമര്‍പ്പിച്ചാല്‍ സ്വീകരിക്കാനുള്ള നടപടികളുണ്ടാകുമെന്നും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥിനിയും പിതാവും പഠനവകുപ്പില്‍ എത്തി ഭീഷണി മുഴക്കിയതായും അധ്യാപകര്‍ ആരോപിച്ചു. പ്രബന്ധം സര്‍വകലാശാല സ്വീകരിക്കാത്തതും മാനസികപീഡനം നേരിടേണ്ടിവന്നുവെന്നും കാണിച്ച് വിദ്യാര്‍ഥിനി തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സര്‍വകലാശാലാ അധികൃതരാണ് ഇതില്‍ നടപടിയെടുക്കേണ്ടതെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാൽ വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിസി കമ്മീഷനെ നിയമിക്കുകയായിരുന്നു.

Tags:    

Similar News