കാണാതായ ഐലന്‍ഡ് വിമാനം തിരക്കിയിറങ്ങിയ ഡിപി സിങിന്റെ ഹെലികോപ്ടറിന്റെ ഇന്ധനം തീര്‍ന്നത് ശബരിമലക്കാടുകള്‍ക്ക് മുകളില്‍ വച്ച്; താഴെ കണ്ട ഗ്രൗണ്ടിലേക്ക് കോപ്ടര്‍ ഇറക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; 39 വര്‍ഷം മുന്‍പ് നടന്ന രക്ഷപ്പെടലിന് അയ്യപ്പന് നന്ദി; നേവല്‍ ക്യാപ്ടന്‍ പതിനെട്ടാം പടി ചവിട്ടിയെത്തിയപ്പോള്‍

Update: 2024-12-18 05:20 GMT

ശബരിമല: 1985 മെയ് 22. പത്തു ദിവസം മുന്‍പ് കാണാതായ ഐലന്‍ഡ് എന്ന ചെറുവിമാനം തിരക്കി ഹെലികോപ്ടറില്‍ പറക്കുകയായിരുന്നു ക്യാപ്റ്റന്‍ ഡി.പി. സിങ് ഔചാല. കുമളിക്ക് സമീപം വച്ച് മോശം കാലാവസ്ഥ അനുഭവപ്പെട്ടു. കോപ്ടര്‍ കൊച്ചി നേവല്‍ കമാന്‍ഡിലേക്ക് തിരിച്ചു പറക്കണം. പക്ഷേ, ഇന്ധനമില്ല. ശബരിമലക്കാടുകളുടെ ആകാശത്ത് വട്ടമിട്ട് പറന്ന ഔചാല താഴെ ഒരു ഗ്രൗണ്ട് കണ്ടു. രണ്ടും കല്‍പ്പിച്ച് വിമാനം അവിടെ ഇറക്കി. അവിടെ നിന്ന ചിലരോട് സ്ഥലമേതെന്ന് തിരക്കി. അത് പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ആയിരുന്നു.

2024 ഡിസംബര്‍ 17. ഭാര്യ അമന്‍ദീപ് കൗറിനൊപ്പം ശരണം വിളിച്ച് ക്യാപ്ടന്‍ ഡി.പി. സിങ് ഔചാല പതിനെട്ടാം പടി ചവിട്ടി അയ്യനെ ദര്‍ശിച്ചു. 39 വര്‍ഷം മുന്‍പ് തന്റെ ജീവന്‍ രക്ഷിച്ച ആ മഹാസംഭവത്തിന് നന്ദി പറയാന്‍. ഇത് അധികമാര്‍ക്കും അറിയാന്‍ വയ്യാത്ത ഒരു അപൂര്‍വ രക്ഷപ്പെടലിന്റെ കഥയാണ്. കൊച്ചി നേവല്‍ ബേസിലെ ഫ്ളൈയിങ് ഇന്‍സ്ട്രക്ടറായിരുന്നു ജലന്ധര്‍ സ്വദേശിയായ ക്യാപ്റ്റന്‍ ഡി.പി. സിങ് ഔചാലയ. ഭാര്യ അമന്‍ദീപ് കൗറിനും കരസേന എവിയേഷന്‍ഇന്‍സ്ട്രക്ടറായിരുന്ന കേണല്‍ ശ്രീനാഗേഷ് ബി. നായര്‍ക്കും ഒപ്പമാണ് ഇന്നലെ ഉച്ചയോടെ ദര്‍ശനത്തിനെത്തിയത്. ഉച്ചയ്ക്ക് നടയടയ്ക്കും മുന്‍പ് പതിനെട്ടാം പടികയറി ദര്‍ശനം നടത്തി.

സിങ് കൊച്ചി നേവല്‍ ബേസില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം. പറന്നുയര്‍ന്നതിന് ശേഷം റഡാറില്‍ നിന്നും അപ്രത്യക്ഷമായ ഐലന്‍ഡ് എന്ന നിരീക്ഷണ വിമാനം 10 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് തെരച്ചിലിന് പുറപ്പെട്ടതായിരുന്നു ഡി.പി സിങ് പറത്തിയ സേര്‍ച്ച് റെസ്‌ക്യൂ ഹെലികോപ്റ്റര്‍. തേക്കടി ഉള്‍പ്പെടെയുള്ള പല സ്ഥലത്തും ഹെലി കോപ്ടറില്‍ നിരീക്ഷണം നടത്തി നീങ്ങുമ്പോള്‍ പെട്ടെന്ന് കാലാവസ്ഥ മോശമായി.

ഹെലികോപ്റ്ററില്‍ ഇന്ധനം കുറവായതിനാല്‍ തിരികെ നേവല്‍ ബേസ് വരെ പറക്കാനും പറ്റാത്ത അവസ്ഥ. ഇതോടെ പമ്പ ബസ്സ്റ്റാന്‍ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി. ഇവിടെ ലാന്‍ഡ് ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ധനം പൂര്‍ണമായും തീര്‍ന്ന് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുമായിരുന്നു. കൊച്ചിയില്‍ നിന്ന് ഇന്ധനം കൊണ്ടു വന്ന് നിറച്ച ശേഷമാണ് ഹെലികോപ്ടര്‍ യാത്ര തുടര്‍ന്നത്. 39 വര്‍ഷത്തിന് ശേഷമാണ് തന്റെ ജീവന്‍ രക്ഷിച്ച അയ്യപ്പസ്വാമിയെ ഒരു നോക്ക് കണ്ട് തൊഴാന്‍ അദ്ദേഹം എത്തിയത്. അയ്യപ്പസ്വാമി തന്ന രണ്ടാം ജന്മമായാണ് അദ്ദേഹം ഇതിനെ കാണുന്നത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസമായപ്പോഴാണ് ഈ സംഭവം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ പന്ത്രണ്ടാം ക്ലാസു വരെ പഠിച്ചു. തുടര്‍ന്ന് പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേര്‍ന്നു. പഞ്ചാബ് സര്‍ക്കാരിന്റെ പൈലറ്റാണിപ്പോള്‍. ഡി.പി.സിങ് ഔചാലയും ഭാര്യയും കന്നി സ്വാമിമാരായാണ് പമ്പയില്‍ നിന്ന് കെട്ടുമുറുക്കി ദര്‍ശനത്തിനെത്തിയത്. 41 ദിവസത്തെ കഠിന വ്രതാ നുഷ്ഠാനത്തിനൊടുവിലായിരുന്നു ദര്‍ശനം. അന്ന് അദ്ദേഹം തേടിയിറങ്ങിയ ഐലന്റ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് കുമളിയ്ക്ക് അടുത്ത് മംഗളാദേവിയില്‍ നി ന്നാണ് കണ്ടെത്തിയത്.

ചണ്ഡീഗഡിലാണ് ഇപ്പോള്‍ ഡി.പി. സിങ്ങും കുടുംബവും താമസം. ഇദ്ദേഹത്തിന് രണ്ട് മക്കളാണ് ഉള്ളത്. ശബരിമല യാത്രയിലെ മലകയറ്റവും ദര്‍ശനവും ഒക്കെ വളരെ നല്ല അനുഭവമായിരുന്നെന്ന് സിങ് പറഞ്ഞു.സംഭവം നടന്ന് 39 വര്‍ഷത്തിന് ശേഷം തന്റെ ജീവന്‍ തിരിച്ച് കിട്ടിയതിന് കാരണമായ പമ്പയില്‍ എത്താനും സന്നിധാനത്ത് അയ്യപ്പ സ്വാമിയെ ദര്‍ശിച്ച് നന്ദി പറയാനും സഹായിച്ച പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററും എ.ഡി.ജി.പിയുമായ എസ്.ശ്രീജിത്തിനോടുള്ള സന്തോഷം കൂടി അറിയിച്ചാണ് അദ്ദേഹം മലയിറങ്ങിയത്.

Tags:    

Similar News