'കാരിത്താസില്‍ ഷൈനിക്ക് നഴ്‌സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചു; വീടിനടുത്തുള്ള സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിച്ചെന്നാണ് അറിഞ്ഞത്; സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍'; ഷൈനിയുടെ ജോലി വിഷയത്തില്‍ കാരിത്താസിന്റെ വിശദീകരണം ഇങ്ങനെ

ഷൈനിയുടെ ജോലി വിഷയത്തില്‍ കാരിത്താസിന്റെ വിശദീകരണം ഇങ്ങനെ

Update: 2025-03-01 11:11 GMT

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി വീട്ടമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൈബറിടത്തില്‍ പലവിധത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒന്ന് കോട്ടയം കാരിത്താസ് ആശുപ്രത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടും ജോലി ലഭിക്കാത്തതു കൊണ്ടാണെന്ന വിധത്തിലായരുന്നു. ഈ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കാരിത്താസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഷൈനി ആശുപത്രിയില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു എന്ന് സ്ഥിരീകരിക്കുന്ന കാരിത്താസ് എന്നാല്‍, അവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചിരുന്നതായും വ്യക്തമാക്കി. നഴ്‌സിംഗ് ജോലി ഷൈനിക്ക് നല്‍കാന്‍ നിബന്ധനകള്‍ അനുസരിച്ച് സാധിക്കുമായിരുന്നില്ല. എന്നാല്‍, അവരുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി നഴ്‌സിംഗ് അസിസ്റ്റന്‍സ് എന്ന ജോലി നല്‍കാമെന്ന് അറിയിച്ചതാണെന്നു ആശുപത്രി അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു. എന്നാല്‍ വീടിനടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു എന്നാണ് പിന്നീട് അറിയുവാന്‍ സാധിച്ചതെന്നും കാരിത്താസ് മാനേജ്‌മെന്റ് വ്യക്തമാക്കി.

യാഥാര്‍ത്ഥ്യം ഇതായിരിക്കെ അറിവില്ലായ്മ കൊണ്ടോ മനപ്പൂര്‍വമോ ഈ അവസരത്തില്‍ തെറ്റായസന്ദേശം പ്രചരിപ്പിക്കുന്നത് തീര്‍ത്തും വേദനാജനകമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കാരിത്താസിന്റെ വിശദീകരണം ഇങ്ങനെ:

നമ്മുടെ സമൂഹത്തെ ഒന്നടങ്കം വേദനിപ്പിച്ച ഷൈനിയുടെയും മക്കളുടെയും വേദനാജനകമായവിയോഗത്തില്‍ കാരിത്താസ് ആശുപത്രി പങ്കുചേരുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനകമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിക്ഷിപ്ത താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നു.

'ഷൈനി എന്ന സഹോദരി ഈ ആശുപത്രിയില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു എന്നാല്‍ നല്‍കിയില്ല' ഇത്തരമൊരു പ്രസ്താവനയോട് കൂടി ചിലര്‍ പ്രചരിപ്പിക്കുന്ന വസ്തുത വിരുദ്ധമായകാര്യങ്ങളുടെ സത്യാവസ്ഥ ഇപ്രകാരമാണ്. കാരിത്താസ് NABH, NABH Nursing Excellence അംഗീകാരമുള്ള ആശുപത്രി ആയതിനാല്‍അതിന്റെ നിബന്ധന അനുസരിച്ച് 9 വര്‍ഷത്തിലധികമായി നഴ്‌സിംഗ് ജോലി ചെയ്യാതിരുന്ന ഈസഹോദരിക്ക് പ്രസ്തുത ജോലി നല്‍കുവാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും ഈ സഹോദരിയുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി നഴ്‌സിംഗ് അസിസ്റ്റന്‍സ് എന്ന ജോലി നല്‍കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ വീടിനടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു എന്നാണ് പിന്നീട് അറിയുവാന്‍ സാധിച്ചത്

യാഥാര്‍ത്ഥ്യം ഇതായിരിക്കെ അറിവില്ലായ്മ കൊേേണ്ടാ മനപ്പൂര്‍വമോ ഈ അവസരത്തില്‍ തെറ്റായസന്ദേശം പ്രചരിപ്പിക്കുന്നത് തീര്‍ത്തും വേദനാജനകമാണ്. അകാലത്തില്‍ വേര്‍പെട്ട ഈ മൂന്ന് ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അവരുടെ വേര്‍പാടില്‍ വേദനിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ഞങ്ങളും പങ്കുചേരുന്നു.

കാരിത്താസ് ആശുപത്രിക്ക് വേണ്ടി

Public Relation officer

March 1, 2025



 


ഇന്നലെ രാവിലെയാണ് ഏറ്റുമാനൂര്‍ മനക്കപ്പാടത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ച വീട്ടമ്മയെയും പെണ്‍മക്കളും മരിച്ചത്. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം.

രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് മക്കളെയും കൊണ്ട് ഷൈനി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയില്‍ മൂന്നുപേരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഷൈനിക്ക് 14 വയസ്സുള്ള എഡ്വിന്‍ എന്ന ഒരു മകന്‍ കൂടിയുണ്ട്. എഡ്വിന്‍ എറണാകുളത്ത് സ്പോര്‍ട്സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിര്‍ത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കില്‍ നിന്ന് മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.

Tags:    

Similar News