ഞാനൊരു സംഭവാ.. എന്നറിയിക്കാന്‍ വിടുവായത്തം പറഞ്ഞു കുടുങ്ങി..! തപാല്‍ ബാലറ്റ് തിരുത്തിയതില്‍ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നടപടി; 'തപാല്‍ വോട്ട് പൊട്ടിച്ചിട്ടില്ല, അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ്' എന്ന് പറഞ്ഞ് മലക്കം മറിഞ്ഞിട്ടും കേസില്‍ പ്രതിയായി സിപിഎം നേതാവ്
തപാല്‍ ബാലറ്റ് തിരുത്തിയതില്‍ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നടപടി;
ആലപ്പുഴ: പൊതുവേദിയില്‍ വിടുവായത്തം പറഞ്ഞു കുടുങ്ങി സിപിഎം നേതാവ് ജി സുധാകരന്‍. തപാല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ കേസെടുത്തത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജനപ്രാതിനിധ്യ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നു. പൊതുവേദിയില്‍ പറഞ്ഞ കാര്യം തള്ളിപ്പറഞ്ഞെങ്കിലും സുധാകരനെതിരെ നിയമ നടപടികള്‍ തുടരുകയായിരുന്നു.
പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരന്‍ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തീരുമനിച്ചിരുന്നു. കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നിയമോപദേശം ലഭിച്ചതോടെയാണ് പോലീസ് കേസെടുത്തത്. അതേസമയം ജി സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതം തോന്നി എന്ന് 1989 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെവി ദേവദാസ് പ്രതികരിച്ചു.
36 വര്‍ഷം മുന്‍പത്തെ സംഭവമായതിനാല്‍ തെളിവുകള്‍ കണ്ടെത്തുക പ്രയാസമാകുമെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നുമാണ് പോലിസ് കരുതുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ 1989 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു തിരുത്തി എന്നാണ് ജി സുധാകരന്‍ പരസ്യമായി പറഞ്ഞത്. വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരന്‍ തിരുത്തി. വിവാദ പരാമര്‍ശം തിരുത്തിയാണ് അമ്പലപ്പുഴ തഹസില്‍ദാര്‍ക്കും മൊഴി നല്‍കിയത്. എന്നാല്‍ അപ്പോഴും വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ തുടര്‍ന്നു.
ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ അല്പം ഭാവന കലര്‍ത്തിപ്പറയുകയാണ് ചെയ്തതെന്നുമാണ് വിവാദമായപ്പോള്‍ ജി സുധാകരന്‍ തിരുത്തിയത്. പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്നത് പൊതുവേ പറഞ്ഞതാണ്. അത് അല്പം ഭാവന കലര്‍ത്തിപ്പറഞ്ഞതാണ്. അങ്ങനെ സംഭവിച്ചിട്ടില്ല. ഒരു ബാലറ്റും ആരും തിരുത്തുകയോ തുറന്നുനോക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ അതിനൊന്നും പങ്കെടുത്തിട്ടുമില്ല, ഇന്നുവരെ കള്ളവോട്ട് ചെയ്തിട്ടുമില്ല. ഞാന്‍ 20 വര്‍ഷം എംഎല്‍എയായിട്ടുണ്ട്. ഒരിക്കല്‍പ്പോലും കള്ളവോട്ട് ചെയ്യാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല', സുധാകരന്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. പിന്നാലെ തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് നടന്ന സിപിഐ പൊതുപരിപാടിയിലാണ് പഴയ പ്രസ്താവനകളില്‍നിന്ന് പിന്‍വാങ്ങിയുള്ള പ്രസംഗം. അമ്പലപ്പുഴ തഹസില്‍ദാര്‍ കെ. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുധാകരന്റെ മൊഴിയെടുത്തത്.