ശത്രുവിന്റെ മിത്രം ശത്രു! ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കി പാക് സേന തൊടുത്തുവിട്ടതില്‍ ഏറെയും മാരകമായ തൂര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍; ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പ് യുദ്ധക്കപ്പലും പോര്‍വിമാനവും അയച്ച് പിന്തുണ; തുര്‍ക്കി കമ്പനിയുടെ സുരക്ഷാനുമതി റദ്ദാക്കി മോദി സര്‍ക്കാര്‍; നല്ല കാലത്തും മോശം കാലത്തും പാക്കിസ്ഥാന് ഒപ്പമെന്ന് കുലുക്കമില്ലാതെ ഉര്‍ദുഗാന്‍
ശത്രുവിന്റെ മിത്രം ശത്രു!
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തുര്‍ക്കി സ്ഥാപനത്തിന് സെക്യൂരിറ്റി ക്ലിയറന്‍സ് നഷ്ടമായി. സിവില്‍ വ്യോമയാന മന്ത്രാലായത്തിന്റെ ഉത്തരവോടെയാണ് സെലെബി ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാനുമതി ദേശീയ സുരക്ഷ കണക്കിലെടുത്ത് അടിയന്തരമായി പിന്‍വലിച്ചത്.
സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനിടെ, പാക്കിസ്ഥാനെ തുര്‍ക്കി പലവിധത്തില്‍ പിന്തുണയ്ക്കുകയും, സഹായിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സെലബിക്കെതിരെ നടപടി വന്നത്. ഇത് തുര്‍ക്കി സ്ഥാപനത്തിന് എതിരെയുള്ള ഇന്ത്യയുടെ ആദ്യ നടപടിയാണിത്. തുര്‍ക്കി വിനോദ സഞ്ചാര കേന്ദ്രങ്ങളും, ഉത്പന്നങ്ങളും ബഹിഷ്‌കരിക്കാനുള്ള വിപുലമായ പ്രചാരണം ഒരുഭാഗത്ത് നടക്കുന്നതിടെയാണ് കേന്ദ്രസര്‍ക്കാര്‍ തലത്തിലെ ആക്ഷന്‍.
ഇന്ത്യയിലെ 9 സുപ്രധാന വിമാനത്താവളങ്ങളിലെ സേവനങ്ങളാണ് സെലെബി ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഇന്ത്യ ചെയ്യുന്നത്. ഡല്‍ഹി വിമാനത്താവളവും സെലബിയുമായുള്ള ബന്ധം വിച്ഛേദിച്ചു. അതേസമയം, തങ്ങള്‍ വ്യോമയാന സേവന രംഗത്ത് 65 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ആഗോള കമ്പനിയാണെന്ന് സെലബി ഏവിയേഷന്‍ മറുപടിയില്‍ ഓര്‍മ്മിപ്പിച്ചു. മൂന്നുഭൂഖണ്ഡങ്ങളിലും ആറുരാജ്യങ്ങളിലും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, കാര്‍ഗോ സേവനങ്ങള്‍ ചെയ്തുവരുന്നു. സെലെബിയുടെ ഇന്ത്യയിലെ ബിസിനസ് ഒരു ഇന്ത്യന്‍ സംരംഭമാണ്. നയിക്കുന്നതും പരിപാലിക്കുന്നതും ഇന്ത്യന്‍ പ്രൊഫഷണലുകളാണ്. തങ്ങള്‍ ഏതുമാനദണ്ഡപ്രകാരവും തുര്‍ക്കി സ്ഥാപനം അല്ലെന്നും ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട സുതാര്യവും പക്ഷപാതരഹിതവും രാഷ്ട്രീയ ചായ്വുകള്‍ ഇല്ലാത്തതുമായ കോര്‍പറേറ്റ് ഭരണസമ്പ്രദായം പിന്തുടരുന്ന കമ്പനിയാണെന്നും സെലെബി അവകാശപ്പെട്ടു.
തുര്‍ക്കി-പാക്കിസ്ഥാന്‍ ബന്ധം
അസര്‍ബൈജാനൊപ്പം തുര്‍ക്കിയും പാക്കിസ്ഥാനുമായി വാണിജ്യം, ബാങ്കിങ്, ടൂറിസം രംഗങ്ങളില്‍ അടുത്ത ബന്ധമുണ്ട്. ഈ മൂന്നുരാജ്യങ്ങളുടെയും സൈന്യം പരസ്പരം ആശ്രയിച്ചു കഴിയുന്നു. പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തവിടുപൊടിയാക്കിയ ശേഷവും തുര്‍ക്കി പരസ്യമായി പിന്തുണച്ചത് പാക്കിസ്ഥാനെയാണ്. തുര്‍ക്കി നിര്‍മ്മിത അസിസ്ഗാര്‍ഡ് സോങ്ഗാര്‍, ബെയ്കാഖ്തര്‍ ടിബി2 , ആളില്ലാ പോര്‍ വിമാനം എന്നിവയാണ് മെയ് 8 ന് രാത്രി പാക് സേന ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമാക്കിയുള്ള ഡ്രോണ്‍ ആക്രമണത്തില്‍ തൊടുത്തുവിട്ടത്. ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പ് തുര്‍ക്കി യുദ്ധ കപ്പല്‍ കറാച്ചി തുറമുഖത്ത് എത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ ശേഷം തുര്‍ക്കി വ്യോമസേനയുടെ സി-130 കറാച്ചിയില്‍ ലാന്‍ഡ് ചെയ്തിരുന്നു.
ജെ എന്‍ യു അടക്കം ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകള്‍ തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. ഇതിനു പുറമേയാണ് തുര്‍ക്കി ഉത്പന്ന ബഹിഷ്‌കരണം പുരോഗമിക്കുന്നത്.
പാക്കിസ്ഥാന് പൂര്‍ണ പിന്തുണയുമായി ഉര്‍ദുഗാന്‍
ബഹിഷ്‌കരണമൊക്കെ ഒരുഭാഗത്ത് നടക്കുമ്പോഴും തുര്‍ക്കി പ്രസിഡന്റ് രസപ് തയ്യിപ് ഉര്‍ദുഗാന് കുലുക്കമില്ല. ഭാവിയിലും നല്ല കാലത്തും മോശം കാലത്തും തുര്‍ക്കി സോദര രാഷ്ട്രമായ പാക്കിസ്ഥാന് ഒപ്പം നില്‍ക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനുള്ള സന്ദേശത്തില്‍ ഉര്‍ദുഗാന്‍ പറയുന്നത്.