ഒരു മാസത്തിലേറെ സമയം എടുത്ത് ആസൂത്രണം ചെയ്ത് കവര്‍ച്ച; പൊലീസ് ഇരുട്ടില്‍തപ്പുന്നുവെന്ന വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഞായറാഴ്ചയും ഒഴിവില്ലാതെ പൊലീസ്; വീട്ടുമുറ്റത്ത് റിജോ നില്‍ക്കുമ്പോള്‍ പൊലീസെത്തുന്നത് കണ്ട് ആദ്യം ഞെട്ടി; തെളിവെടുപ്പിന് ഇറക്കിയപ്പോള്‍ അബദ്ധം പറ്റിയെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി; ബാങ്കിലെ കവര്‍ച്ചാ ശ്രമം പുനരാവിഷ്‌കരിച്ച് പൊലീസ്

ബാങ്കിലെ കവര്‍ച്ചാ ശ്രമം പുനരാവിഷ്‌കരിച്ച് പൊലീസ്

Update: 2025-02-17 10:23 GMT

ത്യശൂര്‍: തൃശൂര്‍ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചാ കേസില്‍ അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാതെ നിന്ന പൊലീസിന് പിടിവള്ളിയായത് റിജോ ആന്റണിയെ തിരിച്ചറിഞ്ഞ പ്രദേശവാസിയായ സ്ത്രീയുടെ മൊഴിയായിരുന്നു. സിസിടിവിയില്‍ കണ്ടതിന് സമാനമായ ശരീരപ്രകൃതിയുള്ള ഒരാള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നായിരുന്നു സ്ത്രീയുടെ മൊഴി. പ്രതിയുടെ വീടിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഷൂസും സ്‌കൂട്ടറും കണ്ടെത്തിയതോടെ റിജോയെന്ന് പൊലീസ് ഉറപ്പിച്ചു.

കവര്‍ച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിന്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമര്‍ത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്. എന്നാല്‍ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്ക്കെത്താന്‍ പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിന്റെ കണ്ണവെട്ടിക്കാന്‍ തുണയായെങ്കിലും ഷൂസിന്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് മുമ്പോ ശേഷമോ ഫോണ്‍ ഉപയോഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.

റിജോ ആന്റണിയുടെ വീട്ടില്‍ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കില്‍ നിന്നും കവര്‍ന്നത്. കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2,29,000 രൂപയും പൊലീസിന് ലഭിച്ചിരുന്നു. കടം വീട്ടിയ തുകയാണ് തിരികെ ലഭിച്ചത്. തുക ലഭിച്ചയാളാണ് പൊലീസിനെ പണം തിരിച്ചേല്‍പ്പിച്ചത്. കവര്‍ച്ച പണത്തില്‍ നിന്നും കടം വീട്ടിയതായി പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു. അന്നനാട് സ്വദേശിയാണ് പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ടെലിവിഷന്‍ വാര്‍ത്ത കണ്ടാണ് മോഷ്ടാവ് റിജോ ആണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. 40 ലക്ഷം രൂപ റിജോയ്ക്ക് കടം ഉണ്ടെന്നാണ് വിവരം.

മോഷ്ടാവിന്റെ സഞ്ചാര പാതയുടെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വേഷം മാറി റിജോ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വണ്ടിയുടെ മിറര്‍ മാറ്റിയതും വച്ചതും ദൃശ്യങ്ങളില്‍ ഉണ്ട്. രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

മോഷണ ശ്രമം പുനരാവിഷ്‌കരിച്ച് പൊലീസ്

ചാലക്കുടി ബാങ്ക് കവര്‍ച്ച കേസിലെ പ്രതി റിജോ ആന്റണിയുടെ മോഷണ ശ്രമം പുനരാവിഷ്‌കരിച്ച് പൊലീസ്. പ്രതിയുമായി ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. മൂന്ന് മിനിറ്റില്‍ 15 ലക്ഷം കവര്‍ച്ച നടത്തിയ സംഭവമാണ് പൊലീസ് പുനരാവിഷ്‌കരിച്ചത്. കവര്‍ച്ച നടക്കുന്ന സമയത്ത് രണ്ട് പേരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പ്രതി മൊഴിയില്‍ പറഞ്ഞിരുന്നു. ആക്രമണത്തിനിരയായ ബാങ്ക് ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.

അതേസമയം തെളിവെടുപ്പിന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കുന്നതിന് മുന്‍പ് പ്രതി പോലീസിന് മുന്നില്‍ വിങ്ങിപ്പൊട്ടി. അബദ്ധം പറ്റിയെന്ന് പറഞ്ഞായിരുന്നു പ്രതി വിങ്ങിപ്പൊട്ടിയത്. 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മൂന്ന് മിനിറ്റുകൊണ്ടാണ് പ്രതി ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്ന് കളഞ്ഞിരുന്നത്. ബാങ്കില്‍ ഉണ്ടായിരുന്ന രണ്ട് സജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.

ഇന്നലെ രാത്രിയാണ് പ്രതി റിജോ ആന്റണി പിടിയിലായത്. മോഷണത്തിന് ശേഷം വസ്ത്രം മാറിയും വാഹനത്തില്‍ മാറ്റം വരുത്തിയുമാണ് പൊലീസിനെ പ്രതി ചുറ്റിച്ചത്. കട ബാധ്യതയെ തുടര്‍ന്ന് ബാങ്കില്‍ കവര്‍ച്ച നടത്തിയെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയുടെ വീട്ടില്‍ നിന്ന് ബാങ്കില്‍ നിന്ന് കവര്‍ന്ന പണവും കണ്ടെത്തിയിട്ടുണ്ട്. 12 ലക്ഷം രൂപയാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

ഇരുട്ടില്‍ തപ്പുന്നുവെന്ന് വാര്‍ത്ത, ഉറക്കമൊഴിച്ച് രാപകലില്ലാതെ അന്വേഷണം

റിജോയെ പൊലീസ് കുടുക്കിയത് ഉറക്കമൊഴിച്ച് രാപകലില്ലാതെ മൂന്ന് ദിവസം നടത്തിയ അന്വേഷണത്തിലായിരുന്നു. അന്വേഷണം തുടങ്ങുമ്പോള്‍ ഒരു തെളിവുകളില്ല, സൂചനകളില്ല. പക്ഷേ പോട്ടയില്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയ പ്രതിയെ മിടുക്കരായ ചാലക്കുടി പൊലീസ് പൊക്കി. മൂന്നു ദിവസമായി ആര്‍ക്കും ഉറക്കമുണ്ടായില്ലെന്ന് അന്വേഷണ സംഘാംഗങ്ങള്‍ പറയുന്നു. ഞായറാഴ്ചയായിട്ടും ഒരാള്‍ പോലും വീട്ടില്‍ പോയില്ല. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും അന്വേഷണത്തിന്റെ ഭാഗമായി.

ഉന്നത പൊലീസ് അധികാരികളുമായി ദിവസവും പലവട്ടം വിഡിയോ കോണ്‍ഫറന്‍സ് നടത്തി അന്വേഷണം വിലയിരുത്തി. സൈബര്‍ ടീമുകളുടെ സഹായവും തേടി. ആദ്യം 25 അംഗ സംഘമാണ് അന്വേഷണത്തിന് ഉണ്ടായിരുന്നതെങ്കിലും പിന്നീട് 7 പേരെ കൂടി ഭാഗമാക്കി. ബാങ്കിന്റെ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള പോട്ട ആശാരിപ്പാറ സ്വദേശി തെക്കന്‍ റിജോ ആന്റണിയാണ് (റിന്റോ49) പ്രതിയെന്നു അന്വേഷണത്തിന് ഒടുവില്‍ കണ്ടെത്തി. റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ബണ്ടില്‍ പൊട്ടിക്കാതെ കവര്‍ച്ച പണം

ഇന്നലെ രാവിലെ തന്നെ ഇയാളിലേക്ക് അന്വേഷണത്തിന്റെ മുന നീണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭിക്കാനായി പൊലീസ് കാത്തു. ഉച്ചയ്ക്കു ശേഷം വീട്ടിലെത്തി ചോദ്യം ചെയ്തതോടെ ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ സമ്മതിച്ചു. മോഷണത്തിനായി പോയ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ആര്‍ഭാട ജീവിതത്തിനു പണം കണ്ടെത്താനായിരുന്നു ഒരു മാസത്തിലേറെ സമയം എടുത്ത് ആസൂത്രണം ചെയ്ത് കവര്‍ച്ച നടത്തിയത്. ഗള്‍ഫിലായിരുന്ന റിജോ രണ്ട് വര്‍ഷം മുന്‍പാണ് ആശാരിപ്പാറയിലേക്കു താമസത്തിനെത്തിയത്.

വീട്ടില്‍ ഇയാളുടെ സ്‌കൂട്ടര്‍ കണ്ട പൊലീസ് പ്രതി റിജോ തന്നെയെന്ന് ഉറപ്പിച്ചു. വീട്ടിലേക്കുള്ള വഴികളിലെല്ലാം പൊലീസ് നിലയുറപ്പിച്ച ശേഷമാണ് അന്വേഷണ സംഘാംഗങ്ങള്‍ വീട്ടിലേക്കു കയറിയത്. പൊലീസാണെന്നു തിരിച്ചറിഞ്ഞതോടെ പ്രതി ഞെട്ടി. ബാങ്ക് ജീവനക്കാരെ വിരട്ടാന്‍ ഉപയോഗിച്ച കറിക്കത്തി വിദേശത്തു നിന്ന് കൊണ്ടു വന്നതാണ്. എന്നാല്‍ ഇതു കണ്ടെടുക്കാനായില്ലെന്നു പൊലീസ് അറിയിച്ചു.

10 ലക്ഷം രൂപ ബണ്ടില്‍ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നതു പൊലീസ് കണ്ടെടുത്തതായാണു സൂചന. ഭാര്യ അയച്ചു കൊടുക്കുന്ന പണം ധൂര്‍ത്തടിക്കുന്നതും ഇയാളുടെ പതിവാണത്രേ. ഇന്നലെ ഇയാളുടെ വീട്ടില്‍ നടന്ന കുടുംബയോഗത്തില്‍ എത്തിയവരോട് കളിചിരികളുമായി സംസാരിക്കുമ്പോഴും ഇയാളാണ് പ്രതിയെന്ന് ആര്‍ക്കും സംശയമുണ്ടായില്ല. പൊലീസ് എത്തുമ്പോള്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്നു പ്രതി. അതിനു മുന്‍പു മഫ്തിയില്‍ പലവട്ടം എത്തി പൊലീസ് നിരീക്ഷണം നടത്തി മടങ്ങിയിരുന്നു.

ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.കെ.സജീവ് (ചാലക്കുടി), അമൃത് രംഗന്‍ (കൊരട്ടി), പി.കെ.ദാസ് (കൊടകര), വി.ബിജു (അതിരപ്പിള്ളി), എസ്‌ഐമാരായ എന്‍.പ്രദീപ്, സി.എസ്.സൂരജ്, സി.എന്‍.എബിന്‍, കെ.സലിം, പി.വി.പാട്രിക് എന്നിവരും ജില്ലാ ക്രൈം സ്‌ക്വാഡും സൈബര്‍ ജില്ലാ സ്‌പെഷല്‍ സ്‌ക്വാഡും ഉണ്ടായിരുന്നു. ഇടശേരി ജ്വല്ലറി കവര്‍ച്ചയും ഹൈവേ കൊള്ളയും അടക്കം തെളിയിച്ച പൊലീസ് സംഘമാണ് ചാലക്കുടിയിലേത്.

Tags:    

Similar News