അഭിഷേകിന്റെ ഫോമില്ലായ്മയും, തിലക് വർമ്മയുടെ സ്ട്രൈക്ക് റേറ്റും തലവേദന; സൂര്യയുടെ സ്ഥിരതയും ദുബെയുടെ പവർ ഹിറ്റിംഗും പോസിറ്റീവ്; വരുൺ ചക്രവർത്തിയുടെ മാന്ത്രിക സ്പിൻ പ്രതീക്ഷ നൽകുമ്പോൾ ആശങ്കയായി ഡെത്ത് ഓവറിലെ റൺസ് ചോർച്ച; ഇന്ത്യൻ ടീമിന് സൂപ്പർ എട്ടിൽ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ

Update: 2026-02-20 13:33 GMT

കൊളോമ്പോ: 2026-ലെ ടി20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ തങ്ങളുടെ നാല് മത്സരങ്ങളും ജയിച്ച് ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ സൂപ്പർ-8 പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുന്നത്. പാകിസ്ഥാനെ 61 റൺസിനും നമീബിയയെ 93 റൺസിനും തകർത്ത ഇന്ത്യ, അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്‌സിനെ 17 റൺസിനും പരാജയപ്പെടുത്തി. എന്നാൽ സ്കോർബോർഡിലെ വിജയത്തേക്കാൾ ടീമിനെ അലട്ടുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സൂര്യകുമാർ-ശിവം ദുബെ സഖ്യത്തിന്റെ വെടിക്കെട്ടും വരുൺ ചക്രവർത്തിയുടെ മാന്ത്രിക സ്പിന്നും ഇന്ത്യയ്ക്ക് ആശ്വാസം നൽകുമ്പോഴും, ഓപ്പണർമാരുടെ ഫോമില്ലായ്മയും ഡെത്ത് ഓവറുകളിലെ റൺസ് ചോർച്ചയും ടീമിനെ അലട്ടുന്നുണ്ട്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവർ ഉൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിൽ നിന്ന് ഇന്ത്യ എങ്ങനെ സെമിയിലേക്ക് വഴിതുറക്കും? ടീമിനെ കാത്തിരിക്കുന്ന വെല്ലുവിളികളും സാധ്യതകളും പരിശോധിക്കാം.

ടീമിന്റെ കരുത്ത്:

സൂര്യകുമാർ - ശിവം ദുബെ കൂട്ടുകെട്ട്:

മധ്യനിരയിൽ സൂര്യകുമാറിന്റെ സ്ഥിരതയും ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗും ഇന്ത്യയ്ക്ക് കരുത്താണ്. നെതർലൻഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ടോപ് ഓർഡർ പതറിയപ്പോൾ (110 റൺസിന് 4 വിക്കറ്റ്), ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത് സൂര്യകുമാർ - ദുബെ സഖ്യമായിരുന്നു. ഈ ലോകകപ്പിൽ ഇന്ത്യൻ ബാറ്റർമാർ ഓഫ് സ്പിന്നിന് മുന്നിൽ പതറുന്ന കാഴ്ചയുണ്ടായിരുന്നു (30-ൽ 8 വിക്കറ്റും ഓഫ് സ്പിന്നിനെതിരെയാണ് വീണത്). എന്നാൽ നെതർലൻഡ്‌സിനെതിരെ കോളിൻ അക്കർമാന്റെ ഒരോവറിൽ 19 റൺസടിച്ചുകൊണ്ട് ദുബെ അടിച്ചെടുത്തിരുന്നു.സ്പിന്നർമാർക്കെതിരെ സിക്സറുകൾ പറത്താനുള്ള ദുബെയുടെ കഴിവ് ഇന്ത്യൻ ടീമിന് വലിയ ആശ്വാസമാണ്.

ബാറ്റിംഗിന് പുറമെ ബൗളിംഗിലും ദുബെ തിളങ്ങുന്നത് സൂര്യകുമാറിന് ആത്മവിശ്വാസം നൽകുന്നു. ഡച്ച് പടയ്‌ക്കെതിരെ അവസാന ഓവർ എറിഞ്ഞതും രണ്ട് വിക്കറ്റ് വീഴ്ത്തിയതും ദുബെയായിരുന്നു. ഇന്ത്യൻ നായകനായ സൂര്യകുമാർ യാദവും മിന്നും ഫോമിലാണ്. സമ്മർദ്ദഘട്ടങ്ങളിലും ശാന്തമായി തീരുമാനങ്ങളെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ സുനിൽ ഗവാസ്കർ, മുരളി കാർത്തിക് തുടങ്ങിയ മുൻ താരങ്ങൾ വാനോളം പുകഴ്ത്തിയിരുന്നു. യുഎസ്എയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ 77-6 എന്ന നിലയിൽ തകർന്നപ്പോൾ, പുറത്താകാതെ 84 (49)* റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചത് സൂര്യയാണ്.

ചിരവൈരികളായ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ 32 റൺസ് നേടിയിരുന്നു. നിലവിൽ നാലാം നമ്പറിലാണ് സൂര്യകുമാർ ബാറ്റ് ചെയ്യുന്നത്. എന്നാൽ സൂപ്പർ-8 ഘട്ടത്തിൽ അദ്ദേഹം മൂന്നാം നമ്പറിലേക്ക് മാറണമെന്ന നിർദ്ദേശം സഹീർ ഖാൻ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെക്കുന്നുണ്ട്. ടീമിലെ മറ്റ് ഇടംകൈയ്യൻ ബാറ്റർമാരെ ഓഫ് സ്പിന്നർമാർ പൂട്ടാൻ സാധ്യതയുള്ളതിനാൽ, സൂര്യ നേരത്തെ ക്രീസിലെത്തുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

ടോപ് ഓർഡർ സ്റ്റാർട്ട്:

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീമിൽ ഓപ്പണറുടെ റോളിൽ ഇഷാൻ കിഷൻ തിളങ്ങുകയാണ്. പവർപ്ലേ ഓവറുകളിൽ അതിവേഗം റൺസ് അടിച്ചുകൂട്ടി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഇത് മധ്യനിരയിലെ സൂര്യകുമാർ യാദവ്, ശിവം ദുബെ എന്നിവർക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ സഹായിക്കുന്നു. മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും ഇഷാൻ കിഷൻ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. നെതർലൻഡ്‌സിനെതിരെയും പാകിസ്ഥാനെതിരെയും ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കാൻ ഇഷാന്റെ ബാറ്റിംഗ് സഹായിച്ചു.

വരുൺ ചക്രവർത്തി മാജിക്:

ഗ്രൂപ്പ് ഘട്ടത്തിലെ പിച്ചുകളിൽ വരുൺ ചക്രവർത്തിയുടെ മിസ്റ്ററി സ്പിൻ എതിർ ബാറ്റർമാരെ വല്ലാതെ കുഴപ്പിച്ചു. പന്തിന്റെ ദിശ മനസ്സിലാക്കാൻ കഴിയാതെ മുൻനിര ബാറ്റിംഗ് നിരകൾ പോലും വരുണിന് മുന്നിൽ ആയുധം വച്ചു. സെവാഗിനെപ്പോലുള്ള മുൻ താരങ്ങൾ ബൗളിംഗ് യൂണിറ്റിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോഴും, വരുൺ ചക്രവർത്തിയുടെ പ്രകടനത്തെ എല്ലാവരും പ്രശംസിക്കുന്നുണ്ട്. 6-ൽ താഴെ ഇക്കോണമി റേറ്റിലാണ് അദ്ദേഹം പന്തെറിയുന്നത്. മത്സരത്തിന്റെ മധ്യ ഓവറുകളിൽ റൺസ് നിയന്ത്രിക്കുകയും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യുന്നതിലൂടെ എതിർ ടീമിന്റെ സ്കോറിംഗ് വേഗത കുറയ്ക്കാൻ വരുണിന് സാധിക്കുന്നു.

സൂപ്പർ-8 ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിലെയും ചെന്നൈയിലെയും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളിൽ വരുൺ കൂടുതൽ അപകടകാരിയാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയെപ്പോലെയുള്ള കരുത്തരായ ടീമുകൾ വരുണിന്റെ മിസ്റ്ററി സ്പിന്നിനെ എങ്ങനെ നേരിടും എന്നത് ഇന്ത്യയുടെ സെമി പ്രവേശനത്തിൽ നിർണ്ണായകമാകും.

ബലഹീനത:

ബാറ്റിംഗ് തകർച്ചകൾ:

പാകിസ്ഥാനെതിരായ മത്സരമൊഴികെ മറ്റെല്ലാ കളികളിലും ഇന്ത്യൻ ബാറ്റിംഗ് നിര ഇടയ്ക്ക് പതറുന്നുണ്ട്. നമീബിയയ്‌ക്കെതിരെ ഏഴ് ഓവറിൽ 104-1 എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് വെറും 105 റൺസിനാണ് എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. യുഎസ്എയ്‌ക്കെതിരെ 77 റൺസിനിടെ 6 വിക്കറ്റുകൾ നഷ്ടപ്പെട്ട് ഇന്ത്യയെ സൂര്യകുമാർ യാദവാണ് മികച്ച സ്കോറിലെത്തിച്ചത്. ബാറ്റിംഗ് നിരയിലെ ചില പോരായ്മകൾ വലിയ ആശങ്കയായി തുടരുന്നുണ്ട്. സൂപ്പർ-8-ന് മുന്നോടിയായി ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന സ്പിന്നർമാരെ നേരിടുന്നതിലെ പോരായ്മയാണ്.

അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് തന്നെ വ്യക്തമാക്കിയതുപോലെ, ഫിംഗർ സ്പിന്നർമാർക്കെതിരെ ഇന്ത്യൻ ബാറ്റർമാർ വല്ലാതെ വിയർക്കുന്നു. പന്തിന്റെ വേഗത കുറച്ച് എറിയുന്ന സ്പിന്നർമാർക്കെതിരെ റൺസ് കണ്ടെത്താൻ ഇന്ത്യ ബുദ്ധിമുട്ടുകയാണ്. ടോപ് ഓർഡറിലെ ആദ്യ മൂന്ന് പേരും (അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ) ഇടംകൈയ്യൻമാരായത് എതിർ ടീമുകൾക്ക് ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ എളുപ്പമാക്കുന്നു.

തിലക് വർമ്മയുടെ സ്ട്രൈക്ക് റേറ്റ്

മധ്യനിരയിൽ തിലക് വർമ്മയുടെ ബാറ്റിംഗ് ശൈലി ഇന്ത്യയുടെ റൺറേറ്റിനെ ബാധിക്കുന്നുണ്ട്. ഏകദേശം 120 സ്ട്രൈക്ക് റേറ്റിൽ മാത്രം കളിക്കുന്ന തിലകിന് റൺറേറ്റ് ഉയർത്തേണ്ട സമയത്ത് വിക്കറ്റ് നഷ്ടമാകുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. 50 റൺസിൽ കൂടുതൽ നേടിയ ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് തിലകിന്റേതാണ്. പവർപ്ലേ ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുന്നത് മധ്യനിരയെ വലിയ സമ്മർദ്ദത്തിലാക്കുന്നു. സൂര്യകുമാർ യാദവും ശിവം ദുബെയും തിളങ്ങുന്നത് കൊണ്ടാണ് പലപ്പോഴും ഇന്ത്യ വലിയ തകർച്ചകളിൽ നിന്ന് രക്ഷപ്പെട്ടത്.

അഭിഷേക് ശർമ്മയുടെ ഫോമും ഇന്ത്യൻ ടീമിന് വെല്ലുവിളിയായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഒരു റൺസ് പോലും നേടാനാകാതെ താരം പുറത്തായി. ഇത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. ആദ്യ പന്ത് മുതൽ അടിച്ചു കളിക്കാൻ ശ്രമിക്കുന്നത് ശ്രമിക്കുന്ന താരത്തിന്റെ ശൈലിക്കെതിരെ മുൻ താരങ്ങളടക്കം നിരവധി പേര് രംഗത്ത് വന്നു. ഓഫ് സ്റ്റമ്പിന് പുറത്തെത്തുന്ന പന്തുകളിൽ അനാവശ്യമായി ഷോട്ടിന് മുതിരുന്നത് വിക്കറ്റ് നഷ്ടപ്പെടുത്താൻ കാരണമാകുന്നു.

മുഹമ്മദ് അമീറിന്റെ 'സ്ലോഗർ' പരിഹാസം

അഭിഷേകിന്റെ ഫോമില്ലായ്മയെ മുൻ പാക് താരം മുഹമ്മദ് അമീർ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. അഭിഷേക് ശർമ്മ ഒരു മികച്ച ബാറ്ററല്ലെന്നും വെറും 'സ്ലോഗർ' (Slogger) മാത്രമാണെന്നുമാണ് അമീർ പറഞ്ഞത്. പ്രതിരോധിക്കാൻ അറിയാത്ത ഒരു കളിക്കാരന് അന്താരാഷ്ട്ര തലത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന അമീറിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ബൗളിംഗ് നിരയിലെ 'ഡെത്ത് ഓവർ' ആശങ്ക

ഇന്ത്യൻ ബൗളിംഗിലെ ഏറ്റവും വലിയ പോരായ്മയായി മുൻ താരങ്ങൾ കാണുന്നത് അവസാന ഓവറുകളിലെ നിയന്ത്രണമില്ലായ്മയാണ്. നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യ 193 റൺസ് നേടിയിട്ടും ഡച്ച് പട 176 റൺസ് വരെ അടിച്ചുകൂട്ടി. അവസാന അഞ്ച് ഓവറുകളിൽ മാത്രം ഇന്ത്യ 58 റൺസാണ് വിട്ടുകൊടുത്തത്. ഇതിൽ 19-ാം ഓവറിൽ മാത്രം 18 റൺസ് പിറന്നു. ജസ്പ്രീത് ബുംറ കൃത്യത പാലിക്കുമ്പോഴും മറുവശത്ത് അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും റൺസ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് വലിയ വെല്ലുവിളിയാണ്.

മുൻ താരങ്ങളുടെ വിമർശനം

ഇന്ത്യൻ ടീമിനെതിരെ ഏറ്റവും ശക്തമായ പ്രസ്താവന നടത്തിയത് മുൻ പാക് പേസർ മുഹമ്മദ് അമീറാണ്. "ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്താകും. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സെമിയിലേക്ക് മുന്നേറും. പാകിസ്ഥാനെതിരായ മത്സരം മാറ്റി നിർത്തിയാൽ ഇന്ത്യയുടെ ബാറ്റിംഗ് എല്ലാ കളികളിലും തകരുകയായിരുന്നു." യുവതാരം അഭിഷേക് ശർമ്മയെ 'വെറുമൊരു സ്ലോഗർ' എന്നും അമീർ പരിഹസിച്ചു.

"ഇന്ത്യ ഇതുവരെ ശരിക്കും വെല്ലുവിളിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആദ്യ മത്സരത്തിൽ ഇന്ത്യ അല്പം ബുദ്ധിമുട്ടിയെങ്കിലും അതിനുശേഷം അവർ സ്ഥിരതയാർന്ന ക്രിക്കറ്റാണ് കളിക്കുന്നത്. യഥാർത്ഥ പരീക്ഷണം സൂപ്പർ-8 ഘട്ടത്തിൽ ആരംഭിക്കും. ഇന്ന് ഇന്ത്യ 193 റൺസ് സ്കോർ ചെയ്തു, എന്നാൽ നെതർലൻഡ്‌സിനെതിരെ 176 റൺസ് വിട്ടുകൊടുക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ത്യ അവരുടെ ബൗളിംഗിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലും മികച്ച ഒരു ബാറ്റിംഗ് നിരയെ നേരിടേണ്ടി വരുമ്പോൾ, ഈ ബൗളിംഗ് യൂണിറ്റ് എങ്ങനെ പ്രതികരിക്കുമെന്നും അവരെ എങ്ങനെ ഉപയോഗിക്കുമെന്നും കണ്ടറിയണം." സെവാഗ് പറഞ്ഞു.

സൂപ്പർ-8-ൽ ഇന്ത്യ പരീക്ഷിക്കേണ്ട ബൗളിംഗ് കോമ്പിനേഷനെക്കുറിച്ച് പേസർ മോഹിത് ശർമ്മയും സമാനമായ ആശങ്ക പങ്കുവെച്ചു. "സൂപ്പർ-8 ഘട്ടത്തിൽ ഇന്ത്യ ഏത് കോമ്പിനേഷനുമായാണ് ഇറങ്ങുക എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്. എട്ടാം നമ്പറിൽ അക്സർ പട്ടേലിനെപ്പോലൊരു ഓൾറൗണ്ടർ ഉണ്ടെങ്കിൽ, അവസാന ഓവറുകളിൽ ആരാണ് പന്തെറിയുക? നെതർലൻഡ്‌സിനെപ്പോലൊരു ടീമിന് പോലും ഡെത്ത് ഓവറുകളിൽ വെല്ലുവിളി ഉയർത്താൻ സാധിക്കുമെങ്കിൽ, മുന്നോട്ടുള്ള യാത്രയിൽ ഇതിലും വലിയ വെല്ലുവിളികൾ വരാനിരിക്കുന്നു. അർഷ്ദീപ് ടീമിലുണ്ടെങ്കിൽ കുറച്ചുകൂടി ആശ്വാസകരമാണ്, കാരണം ഡെത്ത് ഓവറുകളിൽ ബുംറയ്‌ക്കൊപ്പം അദ്ദേഹത്തിന് പന്തെറിയാൻ സാധിക്കും." മോഹിത് പറഞ്ഞു.

സൂപ്പർ 8 മത്സരക്രമം (ഗ്രൂപ്പ് 1)

ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് 1-ൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നീ കരുത്തരായ ടീമുകളാണുള്ളത്.

ഫെബ്രുവരി 22: ഇന്ത്യ vs ദക്ഷിണാഫ്രിക്ക (അഹമ്മദാബാദ്)

ഫെബ്രുവരി 26: ഇന്ത്യ vs സിംബാബ്‌വെ (ചെന്നൈ)

മാർച്ച് 1: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് (കൊൽക്കത്ത)

ഈ ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് മാത്രമേ സെമിയിലേക്ക് പ്രവേശനമുള്ളൂ. സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ന്യൂസിലന്‍ഡ് വൈകിട്ട് ഏഴിന് പാകിസ്ഥാനെ നേരിടും. ഞായറാഴ്ച വൈകിട്ട് ഏഴിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക. അന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശ്രീലങ്ക, ഇംഗ്ലണ്ടിനേയും നേരിടും. തിങ്കളാഴ്ച്ച വൈകിട്ട് ഏഴിന് വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്ക്കെതിരെ കളിക്കും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

Tags:    

Similar News