സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയും വിറയ്ക്കുന്നു; കെ രാധാകൃഷ്ണന്റെ ഉള്‍വലിയല്‍ മറികടക്കാന്‍ ചേലക്കരയില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി; പി വി അന്‍വറിന്റെ ലക്ഷ്യവും സിപിഎം വോട്ടുകള്‍; രാഹുല്‍ 'കൈവിട്ട' മണ്ഡലം നിലനിര്‍ത്താന്‍ വൈകാരികതയില്‍ മുങ്ങി പ്രിയങ്കയുടെ പ്രചാരണം; വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം

വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം

Update: 2024-11-10 12:27 GMT

കല്‍പ്പറ്റ: ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചൂടേറിയ ചര്‍ച്ചകള്‍ക്കും വേദിയായ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ലാപ്പില്‍. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. പൊടിപാറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് വയനാടും ചേലക്കരയും പതിമൂന്നിന് പോളിംഗ് ബൂത്തില്‍ പോകാന്‍ ഒരുങ്ങുന്നത്. അവസാനലാപ്പിലെ പ്രചാരണം ആവേശമാക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും അരയും തലയും മുറുക്കിയുള്ള ഓട്ടപ്പാച്ചിലിലാണ്. വോട്ടെടുപ്പ് നീട്ടിവെച്ചങ്കിലും രാഷ്ട്രീയ വിവാദങ്ങള്‍ അവസാനിക്കാത്ത പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂട് ദിനംപ്രതി ഉയരുകയാണ്.


ശബ്ദപ്രചരണത്തിന് ഒരു പകല്‍ മാത്രം ശേഷിക്കെ എതിരാളികള്‍ക്കെതിരെ എല്ലാ അസ്ത്രവും പ്രയോഗിക്കുകയാണ് ചേലക്കരയില്‍ മൂന്നു മുന്നണികളും. ഒട്ടും പിന്നില്ലാതെ അന്‍വറിന്റെ ഡി.എം.കെയുമുണ്ട്. ചേലക്കരയുടെ മുക്കും മൂലയും ആവേശതിമിര്‍പ്പിലാണ്. ചേലക്കരയുടെ മുക്കും മൂലയും കഴിഞ്ഞ കുറെ ദിവസങ്ങളിലായി മുഴങ്ങുകയാണ് ശബ്ദപ്രചരണം. അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ഇതിനിടെ കിടിലന്‍ പാരഡി ഗാനങ്ങളും പ്രചാരണം കൊഴുപ്പിക്കുന്നു. കവലകള്‍ തോറും പ്രകടനങ്ങളും പൊതുയോഗങ്ങളുമുണ്ട്. മുന്‍നിര നേതാക്കള്‍ തന്നെയാണ് പ്രാസംഗികര്‍.

സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയാണ് കാല്‍നൂറ്റാണ്ടായി ചേലക്കര. എന്നാല്‍ ഇക്കുറി ആ കോട്ട ഒന്ന് വിറച്ചിട്ടുണ്ട്. അത് പാര്‍ട്ടി തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചാരണം ഏറ്റെടുത്തത്. രണ്ടുദിവസം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് ആറ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. എംപി കെ രാധാകൃഷ്ണന്റെ ഉള്‍വലിയല്‍ പ്രചാരണ രംഗത്ത് ആദ്യന്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി സജീവമായതോടെ അതിന് പാര്‍ട്ടി തടയിട്ടിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസുകാരന്‍ ആണ് പി വി അന്‍വറിന്റെ സ്ഥാനാര്‍ഥി എങ്കിലും ലക്ഷ്യം വയ്ക്കുന്നത് സിപിഎം വോട്ടുകളാണ്.

അതേസമയം ചേലക്കരയില്‍ വിജയിച്ചാലേ രാഷ്ട്രീയ വിജയമായി കാണാനാകും എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവും യുഡിഎഫും. പതിവിനു വിപരീതമായി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തിച്ചത്. ഈ അവസാന മണിക്കൂറിലും പ്രതിപക്ഷ നേതാവ് മണ്ഡലത്തില്‍ സജീവമാണ്. കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. തിരുവില്വാമല, പാഞ്ഞാള്‍ ഉള്‍പ്പെടെ സ്വാധീനമുള്ള പഞ്ചായത്തുകളില്‍ വോട്ട് വര്‍ദ്ധിപ്പിച്ച് കരുത്തറിയിക്കാനാണ് ബിജെപിയുടെ ശ്രമം.

കണ്ണ് കൂര്‍പ്പിച്ച് ഉദ്യോഗസ്ഥര്‍ ചട്ടലംഘനക്കാരെ പിടികൂടാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സജീവം. കള്ളപ്പണം തടയുന്നത് ഉള്‍പ്പെടെയുള്ള സ്‌ക്വാഡുകള്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്നു മുന്നണികളുടെയും കൊടി തോരണങ്ങളും പ്രചാരണ ബോര്‍ഡുകളും കൊണ്ട് വഴിയോരങ്ങള്‍ വര്‍ണാഭം.

പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ വയ്ക്കാന്‍ അനുവാദമില്ലാത്തതിനാല്‍ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലാണ് മിക്കവയും. ചട്ടം ലംഘിച്ച് പൊതുഇടത്ത് ഒട്ടിച്ച നൂറുക്കണക്കിന് പോസ്റ്ററുകള്‍ ഇതിനകം നശിപ്പിച്ചു. ഉദ്യോഗസ്ഥര്‍ പോസ്റ്ററുകള്‍ നീക്കിയാലും പിന്നാലെ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് രണ്ടു മണ്ഡലങ്ങളിലും വിവാദ പെരുമഴ പെയ്തിറങ്ങുമ്പോഴും വയനാട്ടില്‍ തെരഞ്ഞെടുപ്പ് രംഗം പാണ്ടിമേളത്തിലെ പതികാലം പോലെ മന്ദഗതിയിലായിരുന്നു. കഴിഞ്ഞതവണ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയതിനെക്കാള്‍ അധികം പ്രിയങ്ക വയനാട്ടില്‍ ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിനെയോ എല്‍ഡിഎഫിനെയോ കാര്യമായി തൊട്ടില്ല പ്രിയങ്ക.

പ്രിയങ്ക വൈകാരികത വെടിഞ്ഞ് രാഷ്ട്രീയം പറയണമെന്ന് എപ്പോഴും ആവര്‍ത്തിച്ചു എല്‍ഡിഎഫ് . പ്രചാരണത്തില്‍ ഉടനീളം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടായ സാഹചര്യം വിശദീകരിച്ചായിരുന്നു സ്ഥാനാര്‍ത്ഥിയുടെയും മുന്നണിയുടെയും വോട്ട് തേടല്‍. വയനാട്ടില്‍ ഇന്ത്യ സഖ്യവും എന്‍ഡിഎയും തമ്മിലാണ് മത്സരം എന്ന് ബിജെപി. എല്‍ഡിഎഫ് യുഡിഎഫ് ധാരണയെന്നും സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചു. പഞ്ചായത്ത് തലത്തില്‍ ശക്തിപ്രകടനങ്ങള്‍ അടക്കം ആസൂത്രണം ചെയ്താണ് ബിജെപി കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുന്നത്.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വീണ്ടും പ്രചാരണത്തിനായി എത്തിയിട്ടുണ്ട്. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാണ് പ്രിയങ്കാഗാന്ധി കലാശക്കൊട്ടിന് ഒരുങ്ങുന്നത്. പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുക.

മാനന്തവാടിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ പ്രിയങ്കയെ നേതാക്കള്‍ സ്വീകരിച്ചു. ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. പ്രിയങ്കയുടെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിനു ചുറ്റും വലംവച്ച പ്രിയങ്ക വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി ഇ.എന്‍.കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കി. 2019ല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിലാണ് പ്രചാരണം നടത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് തിരുവമ്പാടി നിയമസഭാ മണ്ഡലത്തില്‍ തിരക്കിട്ട പര്യടനത്തിലാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പ്രണബ് ജ്യോതിനാഥ് ജില്ലയിലെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിങ്ങിനുള്ള അവസരം ഞായറാഴ്ച വൈകീട്ട് 6 മണിവരെയാണ്.

Tags:    

Similar News