പെരുന്നയിലെ മണ്ണുമായി തനിക്ക് വലിയ ആത്മബന്ധം; ആരു വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ല; എന്‍എസ്എസ് എന്നും മനിരപേക്ഷതയുടെ ബ്രാന്‍ഡ്; രാഷ്ട്രീയരംഗത്തെ ഇടപെടല്‍ ആശാവഹം; മന്നത്തിന്റെ കൈയിലുള്ള വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരന്‍ നായരുടെ കൈയിലുമുണ്ട്: ചെന്നിത്തല
പെരുന്നയിലെ മണ്ണുമായി തനിക്ക് വലിയ ആത്മബന്ധം
കോട്ടയം: തന്നെ സഹായിച്ചതും അഭയം തന്നതും എന്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എന്‍.എസ്.എസ്. അത് ഉയര്‍ത്തിപ്പിടിക്കാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്നത്തിന്റെ കൈയിലുള്ള വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരന്‍ നായരുടെ കൈയിലുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കോളജ് പഠനകാലം മുതലാണ് എന്‍.എസ്.എസുമായി ബന്ധപ്പെടുന്നത്. എസ്.എസ്.എല്‍.സിക്ക് ഫസ്റ്റ് ക്ലാസിന് അഞ്ച് മാര്‍ക്ക് കുറവായിരുന്നു. അന്ന് വീടിനടുത്തുള്ള കോളജില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കി. റാങ്ക് ലിസ്റ്റില്‍ താന്‍ അഞ്ചാമനായിരുന്നു. താന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു.
ഈ കോളജില്‍ താന്‍ പഠിച്ചാല്‍ അവിടുത്തെ അന്തരീക്ഷം തകര്‍ക്കുമെന്ന് ആരോ ഊമക്കത്ത് അയച്ചു. തനിക്ക് കോളജില്‍ പ്രവേശനം നിഷേധിച്ചു. ഒടുവില്‍ അച്ഛന്‍ എന്നെയും കൂട്ടി എന്‍.എസ്.എസ് കോളജിലെത്തി. അവിടെ പ്രവേശനത്തിനുള്ള അപേക്ഷ നല്‍കാനുള്ള സമയം കഴിഞ്ഞിരുന്നു. എന്നിട്ടും അവര്‍ പ്രവേശനം തന്നു.
മന്നം ജയന്തി ഉദ്ഘാടനം ചെയ്യുകയെന്നത് തന്റെ ജീവിത്തിലെ സൗഭാഗ്യമായ കാര്യമാണ്. രാജിവ്ഗാന്ധി മുതല്‍ കെ. കരുണാകരന്‍ വരെയുള്ള ഉജ്ജ്വലങ്ങളായ നേതൃത്വം ഉദ്ഘാടനം ചെയ്ത വേദിയില്‍ തനിക്ക് അവസരം കിട്ടിയതില്‍ എന്‍.എസ്.എസിനോടും ജനറല്‍ സെക്രട്ടറിയോടും പൂര്‍ണമായ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭനെ വാനോളം പുകഴ്ത്തിയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് നന്ദി പറഞ്ഞുമാണ് ചെന്നിത്തലയുടെ പ്രസംഗം. മന്നത്ത് പത്മനാഭന്‍ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന് കേരളം സംഭാവന ചെയ്ത മഹാപുരുഷനാണ് മന്നത്ത് പത്മനാഭന്‍. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടു കിടന്ന നായര്‍ സമുദായത്തെയും കേരളത്തെയും നവോത്ഥാന പാതയിലേക്ക് നയിച്ചത് മന്നത്താണ്. സ്വന്തം സമുദായത്തിന്റെ ശക്തി ദൗര്‍ബല്യത്തെ അത്രയേറെ മനസ്സിലാക്കിയ വ്യക്തിയാണ് മന്നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അകവും പുറവും സൗന്ദര്യമുള്ള വ്യക്തിത്വമായിരുന്നു മന്നത്ത്. അന്ധ വിശ്വാസങ്ങളില്‍ നിന്നും സമുദായത്തെ മോചിപ്പിച്ചു. സ്വയം മാതൃക തീര്‍ത്താണ് മന്നത്ത് സമുദായ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയത്. മന്നത്ത് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പെരുന്നയിലെ മണ്ണുമായി തനിക്ക് വലിയ ആത്മബന്ധമുണ്ടെന്നും അത് ആരു വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നും ചെന്നിത്തല പ്രസംഗിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന് ചാലക ശക്തിയായത് സവര്‍ണ്ണ ജാഥ. രാഷ്ട്രീയ രംഗത്ത് എന്‍എസ്എസ് ഇടപെടല്‍ ആശാവഹമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മത നിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിക്കുന്ന കേരളത്തിലേയും ഇന്ത്യയിലേയും ജനങ്ങളുടെ ഭാഗമായി നിന്നുകൊണ്ട് വര്‍ഗീയമായ അക്രമങ്ങളെ ചെറുക്കാന്‍ എന്‍എസ്എസ് നേതൃത്വം കാലാകാലമായി നടത്തി വരുന്ന സംഭാവനകളെ സല്യൂട്ട് ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാന്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയടക്കം കാണിക്കുന്ന ജാഗരൂകത പ്രത്യേകം അഭിനന്ദിക്കുന്നു. മുമ്പൊരിക്കല്‍ മന്നത്തിന് ഒരാള്‍ ഊന്നുവടികൊടുത്തപ്പോള്‍ അദ്ദേഹത്തിന് വയസ്സായിട്ടാണ് ഇത് കൊടുത്തതെങ്കില്‍ തെറ്റി, മന്നത്തിന് വയസ്സാവുകയില്ല. സമുദായത്തിന് വരുന്ന തല്ല് പകരം കൊടുക്കാന്‍ ഈ വടി സ്വീകരിക്കുന്നുവെന്നായിരുന്നു മറുപടി. അദൃശ്യമായി ഒരു വടി ജി സുകുമാരന്‍ നായരുടെ കൈയ്യില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എന്‍എസ്എസ് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.