ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ; വിജയ്‌ക്കെതിരെ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു; കരൂരിലെ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരണ സംഖ്യ ഉയരുമെന്ന് ആശങ്ക
ചെന്നൈ: കരൂരിൽ നടന്ന തമിഴഗ വെട്രി കഴകം പാർട്ടിയുടെ വിജയ് നയിച്ച പ്രചാരണ റാലിയിലെ തിക്കിലും തിരക്കിലുമുണ്ടായ വൻ ദുരന്തത്തെ തുടർന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 36 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുണ്ട്. തിക്കിലും തിരക്കിലും പെട്ട് അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ മുൻ മന്ത്രി വി. സെന്തിൽബാലാജി, ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ, ജില്ലാ കളക്ടർ എന്നിവർക്ക് നിർദ്ദേശം നൽകി.
സേലത്ത് നിന്നും നാമക്കലിൽ നിന്നുമുള്ള ഡോക്ടർമാരെ കരൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് മുൻ മന്ത്രി സെന്തിൽബാലാജി മാധ്യമപ്രവർത്തകരെ അറിയിച്ചു. 'നിരവധി ആളുകളെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ രോഗികളിൽ നിന്ന് പണം ഈടാക്കരുതെന്ന് അധികൃതരോട് പറഞ്ഞിട്ടുണ്ട്. ചെലവുകൾ സർക്കാർ വഹിക്കും,' അദ്ദേഹം പറഞ്ഞു.
മരിച്ചവർക്ക് രാഷ്ട്രപതി മുർമു അനുശോചനം രേഖപ്പെടുത്തി. 'തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ എന്റെ അഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു' എന്നായിരുന്നു സാമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
'തമിഴ്‌നാട്ടിലെ കരൂരിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ ദുഃഖം താങ്ങാനുള്ള ശക്തി അവർക്ക് നൽകാനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും ഞാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു,' എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
റാലിയില്‍ ഉണ്ടായ കനത്ത തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 36 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. 58 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായി കരൂരില്‍ സംഘടിപ്പിച്ച റാലിയിലാണ് ഈ ദാരുണമായ സംഭവം.