ഉദ്യോഗസ്ഥര്‍ മദ്യത്തിനും സിഗരറ്റിനും ഭക്ഷണത്തിനുമായി അമിതമായി പണം ചെലവഴിക്കരുത്; രണ്ടുവര്‍ഷത്തിനിടെ രണ്ടാം തവണയും ചെലവുചുരുക്കലുമായി ചൈന; പാക്കിസ്ഥാനോട് പഴയതുപോലെ ചങ്ങാത്തം കൂടാത്തതിന് പിന്നിലും സാമ്പത്തിക പ്രതിസന്ധി; ചൈനയില്‍ മാന്ദ്യം മണക്കുമ്പോള്‍!

ചൈനയില്‍ മാന്ദ്യം മണക്കുമ്പോള്‍!

Update: 2025-05-21 17:19 GMT

ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന് കരുതപ്പെടുന്ന കമ്യൂണിസ്റ്റ് ചൈനയില്‍ സാമ്പത്തിക പ്രതിസന്ധിയോ? ബ്ലൂംബംര്‍ഗ് അടക്കമുള്ള അന്താരാഷ്ട്ര സാമ്പത്തിക അവലോകന ഗ്രൂപ്പുകള്‍ക്ക് ഈ സംശയം ഇല്ലാതില്ല. രണ്ടുവര്‍ഷത്തിനിടെ രണ്ടാം തവണയും ചെലവുചുരുക്കലുമായി ചൈന രംഗത്ത് എത്തിയതാണ് സംശയം ബലപ്പെടുത്തുന്നത്. എന്നാല്‍ കമ്യൂണിസ്റ്റ് ഇരുമ്പുമറക്ക് അകത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങളില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ചെലവു ചുരുക്കല്‍ വേഗത്തിലാക്കണമെന്ന്, ചൈന നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. യുഎസുമായുള്ള വ്യാപാരയുദ്ധവും, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ചയും, ചൈനീസ് സമ്പദ്രംഗത്തിന് കടുത്ത സമ്മര്‍ദമാണ് എല്‍പ്പിക്കുന്നത്. ഉദ്യോഗസ്ഥരോട് മദ്യത്തിനും സിഗരറ്റിനും ഭക്ഷണത്തിനുമായി അമിതമായി പണം ചെലവഴിക്കരുതെന്നാണ് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചെലവ് ചുരുക്കല്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് ഉദ്യോഗ്സ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചതായി മറ്റ് രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൈനീസ് സമ്പദ്വ്യവസ്ഥ അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല, ഇപ്പോള്‍ കടന്നുപോവുന്നത്. ട്രംപുമായുള്ള വ്യാപാരയുദ്ധത്തിന്റെ ഭാഗമായി, യുഎസ് തീരുവ വര്‍ധിപ്പിച്ചത് ചൈനയെ വന്‍തോതില്‍ ബാധിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പലതും വലിയ പ്രതിസന്ധി നേരിടുന്നതായും, കൂട്ടപ്പിരിച്ചുവിടല്‍ തുടങ്ങിയെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് രംഗം കടുത്ത പ്രതിസന്ധിയിലായത് ചൈനക്ക് വലിയ ക്ഷീണം ചെയ്തു. പ്രാദേശിക ഭരണകൂടങ്ങള്‍ പലതും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതാണ് ചെലവ് ചുരുക്കല്‍ നിര്‍ദേശം, കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ചൈനീസ് ഓഹരി വിപണിയില്‍, വലിയ ഇടിവാണ് അടുത്തകാലത്ത് രേഖപ്പെടുത്തുന്നത്.

ബാങ്കിങ് -റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധി

രണ്ടുവര്‍ഷംമുമ്പ് ചൈനയില്‍ വലിയതോതിലുള്ള ബാങ്കിംങ് -റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിയുണ്ടായിരുന്നു. റീജിയണല്‍ ബാങ്കുകളും റിയല്‍ എസ്റ്റേറ്റ് കമ്പനികളും പാപ്പരാവുന്നുത് സോഷ്യല്‍ മീഡിയയിലുടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച പ്രക്ഷോഭങ്ങളുടെ ഭാഗമായി, 1989 ലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിനുശേഷം ചൈനീസ് നഗരങ്ങളില്‍ ആര്‍മി ടാങ്കുകള്‍ ഇറങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനയിലെ പല പ്രാദേശിക ബാങ്കുകളും നമ്മുടെ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയിലേക്കാണ് മാറിയത്. നിക്ഷേപകര്‍ക്ക് പണം കൊടുക്കാന്‍ കഴിയാതെ അവ പൊളിഞ്ഞു. ഇതേതുടര്‍ന്ന് തെരുവുകളില്‍ ജനം പ്രതിഷേധിക്കുന്നതിന്റെയും അത് അടിച്ചൊതുക്കുന്നതിന്റെയും ചിത്രങ്ങള്‍ രണ്ടുവര്‍ഷംമുമ്പ് സോഷ്യല്‍ മീഡിയയിലും അതുവഴി അന്താരാഷ്ട്ര മാധ്യമങ്ങളിലും വന്നിരുന്നു.

ചൈനയിലെ ഗോസ്റ്റ് ടൗണുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ അമ്പരന്നുപോവും. ഒരിടത്ത് ആയിരിക്കണക്കിന് അപ്പാര്‍ട്‌മെന്റ്കള്‍ ആളൊഴിഞ്ഞ്, ആരും വാങ്ങിക്കാന്‍ തയാറില്ലാതെ കിടക്കുന്നു. ഷാങ്ങ്ഹായിലും ബെയ്ജിങ്ങിലുമൊക്കെ വന്‍ ടൗണ്‍ഷിപ്പുകളാണ് ഇങ്ങനെ ആളൊഴിഞ്ഞു കിടക്കുന്നത്. ഒന്നും രണ്ടുമല്ല. അനേകം ടൗണ്‍ഷിപ്പുകള്‍ ആളൊഴിഞ്ഞു കിടക്കുന്നു. ലക്ഷക്കണക്കിന് അപ്പാര്‍ട്ട്മെന്റുകളാണ് ഇങ്ങനെ വെറുതെ കിടക്കുന്നത്. ദ ബിസിനസ്് ഇന്‍സഡൈറിന്റെ കണക്ക് പ്രകാരം ആറരക്കോടി അപ്പാര്‍ട്ടുമെന്റുകള്‍ ആണ് വാങ്ങാന്‍ ആളില്ലാതെ വെറുതെ കിടക്കുന്നത്. ഈ ആറരക്കോടിയെന്നത് ഫ്രാന്‍സിന്റെ മൊത്തം ജനസംഖ്യക്ക് തുല്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വേറൊരിടത്താണെങ്കില്‍ ലക്ഷക്കണക്കിന് അപ്പാര്‍ട്‌മെന്റ്കള്‍, പൊതുജനത്തില്‍ നിന്ന് മാസ ഗഡുക്കള്‍ വാങ്ങിച്ചുകൊണ്ടിരുന്നിട്ടും മുഴുമിപ്പിക്കപ്പെടുന്നില്ല. കെട്ടിട പണി നടത്തേണ്ട പല കമ്പനികളും പാപ്പരായി. ഇതോടെ പ്രതിഷേധിക്കാന്‍ അവകാശങ്ങളില്ലാത്ത ജനത സോഷ്യല്‍ മീഡിയകളിലൂടെ സംഘടിച്ച് പ്രതിഷേധിക്കയാണ്. മാസ ഗഡുക്കള്‍ ഇവര്‍ അടക്കാതിരിക്കയാണ്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് 8,70,000 പേര്‍ മാസ ഗഡുക്കള്‍ അടക്കുന്നത് നിര്‍ത്തി എന്നാണ്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയെ മാത്രമല്ല ബാങ്കിങ് വ്യവസ്ഥയെയും സാരമായി ബാധിക്കയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ചൈനീസ് ഭരണകൂടം നേരിട്ട് ഇടപെട്ട് കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചത്്. പലരുടെയും ജീവിത സാമ്പാദ്യം ബാങ്കില്‍ ചെന്നാല്‍ ലഭ്യമല്ല.

ചില ബാങ്കുകള്‍ പാപ്പരായി. പല ചൈനീസ് ലോക്കല്‍ ഗവര്‍ന്മെന്റ്കളും പാപ്പരാണത്രെ. പക്ഷേ ചൈനയില്‍നിന്ന് ഒരിക്കലും നിങ്ങള്‍ക്ക് ഇതിന്റെ യഥാര്‍ഥ കണക്ക് കിട്ടാറില്ല. ആ പ്രതിസന്ധിയില്‍നിന്ന് ചൈന പൂര്‍ണ്ണമായും കരകയറുന്നതിന് മുമ്പാണ് അമേരിക്കയുമായുള്ള താരിഫ് യുദ്ധം വന്നത്. അതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നു.

പാക്കിസ്ഥാന് അന്ധമായ പിന്തുണയില്ല

ചൈനയിലെ ഈ സാമ്പത്തിക മാന്ദ്യം, ഉര്‍വശീശാപം പോലെ ഇന്ത്യക്ക് ഉപകാരമായിരിക്കയാണ്. എക്കാലവും പാക്കിസ്ഥാന് ഒപ്പമാണ് ചൈന നിന്നത്. പക്ഷേ പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ, ഓപ്പറേഷന്‍ സിന്ദുര്‍ വിജയിപ്പിച്ച്, പാക്കിസ്ഥാനെ വിറപ്പിച്ചപ്പോള്‍, ചൈന തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത്. തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് കരുതിയിരുന്ന ഒരു രാജ്യം ഈ രീതിയില്‍ പ്രതികരിച്ചത് ശരിക്കും പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. പാക്കിസ്ഥാന് ഒപ്പമാണെങ്കിലും ചൈന ഒരിക്കലും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. കാരണം അവര്‍ക്ക് കോടികളുടെ നിക്ഷേപമാണ് പാക്കിസ്ഥാനിനുള്ളത്.

പാക്കിസ്ഥാനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും വലിയ നിക്ഷേപമാണ് ചൈനക്കുള്ളത്. വിവിധ റോഡ് നിര്‍മ്മാണത്തിനും തുറമുഖ നിര്‍മ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനില്‍ എത്തിയ ചൈന ഇപ്പോള്‍ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്നപോലെ ചൈന തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന സ്ഥലങ്ങളില്‍ ഔട്ട്‌പോസ്റ്റുകളും ചെക്ക് പോസ്റ്റുകളും വെച്ചിരിക്കയാണ്.

അവിടെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ബലൂചികള്‍ക്ക് ചൈനയുടെ പരിശോധന കൂടാതെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പോകാന്‍ കഴിയില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. കടക്കെണിയിലായ പാക്കിസ്ഥാന് ആകട്ടെ ഇതില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ഒരു യുദ്ധം ഉണ്ടായാല്‍ ബില്‍ട്ട് റോഡ് പദ്ധതിയില്‍ അടക്കം തങ്ങള്‍ നിക്ഷേപിച്ച കോടികള്‍ വെള്ളത്തിലാവുമെന്ന് ചൈനക്ക് നന്നായി അറിയാം. അതോടൊപ്പം ദുര്‍ബലമായ തങ്ങളുടെ സാമ്പത്തിക രംഗം ഒന്നുകൂടി മോശമാവുമെന്നും അവര്‍ക്കറിയാം. ഒരു നേരിട്ടുള്ള യുദ്ധത്തില്‍നിന്ന് ഇതൊക്കെ ചൈനയെ വിലക്കുകയാണ്

Tags:    

Similar News