ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല; ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഇല്ല; സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് ഒരിടത്തുമില്ല; അഡ്ജസ്റ്റുമെന്റിന് ആളെ ചോദിക്കുന്നവരുമുണ്ട്; മലയാള സീരിയലില്‍ നടക്കുന്നത് എന്ത്? ചിത്രാഞ്ജലിയിലെ അതിജീവിത നടന്നത് പറയുമ്പോള്‍

Update: 2025-01-11 08:19 GMT

തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയില്‍വെച്ച് അസീം ഫാസി എന്ന സീരിയല്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മോശമായി പെരുമാറിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്ററുടെ വെളിപ്പെടുത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉപദ്രവിക്കുന്ന സമയത്ത് അസീം നന്നായി മദ്യപിച്ചിരുന്നുവെന്നും ഇയാള്‍ പിന്നിലൂടെ കയറിപ്പിടിക്കുകയായിരുന്നുവെന്നും അതിജീവിത വെളിപ്പെടുത്തി. ഇപ്പോഴും സെറ്റുകളില്‍ സ്ത്രീകളെ അഡ്ജസ്റ്റ്‌മെന്റിന് പ്രേരിപ്പിക്കാറുണ്ട്. ഒരു വര്‍ക്ക് ഏല്‍പ്പിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്‌മെന്റിന് ആളെ തരുമോ എന്നാണെന്നും അവര്‍ വ്യക്തമാക്കി.

ഇപ്പോഴും സെറ്റുകളില്‍ സ്ത്രീകളെ അഡ്ജസ്റ്റ്‌മെന്റിന് പ്രരിപ്പിക്കാറുണ്ട്. ഒരു വര്‍ക്ക് ഏല്‍പ്പിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്‌മെന്റിന് ആളെ തരുമോയെന്നാണ്. അതിജീവിത പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെ പറ്റി നിര്‍മാതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ അസീമിനെതിരേ ഇപ്പോള്‍ പരാതി കൊടുക്കേണ്ട അവനെ പുറത്താക്കിക്കോളാമെന്നാണ് നിര്‍മാതാവ് പറഞ്ഞത്. തനിക്ക് സംഭവിച്ചത് മറ്റൊരാള്‍ക്കും സംഭവിക്കരുതെന്ന ഉദ്ദേശത്തോടെയാണ് തിരുവല്ലം പൊലീസിന് പരാതി നല്‍കിയതെന്നും ഇപ്പോഴും ലൊക്കേഷനുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യങ്ങളോയില്ലെന്നും അവര്‍ പറഞ്ഞു.

'അന്ന് കുതറിയോടി തന്റെ കൂടെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. തന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് കാര്യമന്വേഷിച്ചവരോട് ഉണ്ടായ കാര്യങ്ങള്‍ വിശദീകരിച്ചു. നിര്‍മാതാവിനോടും ദുരനുഭവത്തേക്കുറിച്ച് പറഞ്ഞു. ഇപ്പോള്‍ പരാതിയൊന്നും കൊടുക്കേണ്ടെന്നും അസീമിനെ പുറത്താക്കിക്കോളാം എന്നുമാണ് നിര്‍മാതാവ് അപ്പോള്‍ പറഞ്ഞത്. എന്നാല്‍ ഇതേ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവിന്റെ ഉപദ്രവം പിന്നീടും തുടര്‍ന്നു. എനിക്കൊപ്പമുള്ള വനിതാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അന്വേഷിച്ചുവരും. കൊടുത്തില്ലെങ്കില്‍ എന്നെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തും. ഒരു സീരിയലിലും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. വീണ്ടും പരാതിയുമായി നിര്‍മാതാവിനെ സമീപിച്ചപ്പോള്‍ അദ്ദേഹം അസീമിനെ ആ സീരിയലില്‍നിന്ന് മാറ്റിനിര്‍ത്തി. എന്നാലിപ്പോള്‍ അയാള്‍ വീണ്ടും ഇതേ സീരിയലില്‍ ജോലിക്ക് കയറിയിരിക്കുകയാണ്-അതിജീവിത മാതൃഭൂമി ന്യൂസിനോട് വിശദീകരിച്ചത് ഇങ്ങനെയാണ്.

എനിക്ക് സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത് എന്ന ഉദ്ദേശത്തോടെ തിരുവല്ലം പോലീസിന് പരാതി കൊടുത്തു. കഴിഞ്ഞ ജൂലൈ 19-നാണ് സംഭവമുണ്ടായത്. രാത്രി പന്ത്രണ്ടരയ്ക്ക്. നൈറ്റ് ഷൂട്ടായിരുന്നു അന്നുണ്ടായത്. നിര്‍മാതാവ് പറഞ്ഞതുകൊണ്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്. അയാളെ മാറ്റാമെന്ന് സാര്‍ പറയുകയും രണ്ട് സീരിയലുകളില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. മാറ്റിനിര്‍ത്തിയശേഷവും ഇതേ വ്യക്തി പെണ്ണുവേണം എന്നുപറഞ്ഞ് വിളിച്ചുകൊണ്ടിരിക്കുകയാണ്. സെറ്റുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിതരണം ചെയ്ത് ജീവിക്കുന്നവരാണ് എന്നെപ്പോലുള്ളവര്‍. അവരെ ഉപയോഗിച്ച് ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരല്ല. ഇപ്പോഴും സെറ്റുകളില്‍ അഡ്ജസ്റ്റ്‌മെന്റ് എന്ന പരിപാടിയുണ്ട്. ഒരു വര്‍ക്ക് ഏല്‍പ്പിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്‌മെന്റിന് ആളെ തരുമോ എന്നാണ്. പല കണ്‍ട്രോളര്‍മാരും അങ്ങനെ ചോദിക്കാറുണ്ട്. അത് പലപ്പോഴും നിര്‍മാതാവിനോ സംവിധായകനോ കണ്‍ട്രോളര്‍മാര്‍ക്കോ വേണ്ടിയായിരിക്കും. അങ്ങനെ ചെയ്താല്‍ ഉയരങ്ങളിലെത്തിക്കാം എന്നുവരെ എന്നോടുപറഞ്ഞ കണ്‍ട്രോളര്‍മാരുണ്ട്-ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അതിജീവിത നടത്തുന്നത്.

ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല. ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഇല്ല. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അങ്ങനെയൊന്നും ഒരിടത്തുമില്ലെന്നും അവര്‍ ആരോപിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ചിത്രാഞ്ജലി സ്റ്റൂഡിയോ. ആ സ്റ്റുഡിയോയിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെതിരായ വിമര്‍ശനം കൂടിയാണ് അതിജീവിത ഉയര്‍ത്തുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് അതിക്രമം നടന്നത്. കഴിഞ്ഞദിവസമാണ് അതിജീവിത തിരുവല്ലം പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തു. അതേസമയം, സംഭവത്തില്‍ ഫെഫ്ക എംഡിടിവി പ്രാഥമിക അംഗത്വത്തില്‍ നിന്ന് അസീം ഫാസിയെ പുറത്താക്കിയതായി ഫെഫ്ക അറിയിച്ചു. മൂന്ന് യുവതികളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി ഫെഫ്ക നേതൃത്വത്തെ സമീപിച്ചത്. ഇതില്‍ ഒരാളാണ് പൊലീസില്‍ പരാതി നല്‍കിയത്.

Tags:    

Similar News