നയം തയ്യാറാക്കുന്നതിന് മുന്നോടിയായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ച നീളുന്നു; ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമ കോണ്‍ക്ലേവ് ഫെബ്രുവരിയിലേക്ക് നീളും
കൊച്ചി: ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമ കോണ്‍ക്ലേവ് ഫെബ്രുവരിയിലേക്ക് നീളും. സിനിമാമേഖലയിലെ പ്രശ്‌നങ്ങളും പുതുതായി രൂപപ്പെടുത്തുന്ന സിനിമാനയവും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരാണ് ഈ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ആദ്യം നവംബര്‍ 24, 25 തീതികളില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഈ ദിവസങ്ങളില്‍ കേരളീയവും രാജ്യാന്തര ചലച്ചിത്രോല്‍സവവും നടക്കുന്നതിനാല്‍ മാറ്റേണ്ടി വന്നു.
തുടര്‍ന്ന് ഡിസംബറിലേക്ക് തീരുമാനിച്ചിരുന്നെങ്കിലും അന്ന് കേരളീയം നടക്കുന്നത്. ഇവയുടെ ഒരുക്കങ്ങളിലാകും ഉദ്യോഗസ്ഥരെന്നും അതുകൊണ്ട് തന്നെ മതിയായ ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്നതുമാണ് കാരണം. എന്നാല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്ന് പല പ്രധാന സിനിമാ സംഘടനകളും നിലപാടെടുത്ത സാഹചര്യം കൂടി സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു.
പിന്നീട് ജനുവരിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും അത് നീട്ടി ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. നയം തയ്യാറാക്കുന്നതിന് മുന്നോടിയായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ച നീളുന്നതാണ് കാരണം.
ആഭ്യന്തരം, നിയമം, സാംസ്‌കാരികം, തൊഴില്‍, ടൂറിസം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമേ നയത്തിന്റെ കരട് തയ്യാറാക്കാനാകൂ. ഷാജി എന്‍. കരുണ്‍ അധ്യക്ഷനായ നയരൂപവത്കരണസമിതി വിവിധ സിനിമാസംഘടനകളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി.
അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ചര്‍ച്ച നടത്തിയ സമിതി സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിലെ വിവിധ വിഭാഗങ്ങളില്‍നിന്നും അഭിപ്രായം സ്വരൂപിച്ചു. സമൂഹത്തിലെ വിവിധമേഖലകളില്‍നിന്നുള്ളവരുടെ അഭിപ്രായവും തേടി.
ഉദ്യോഗസ്ഥതലത്തിലുള്ള ചര്‍ച്ചമാത്രമാണ് ബാക്കിയെന്ന് ഷാജി എന്‍. കരുണ്‍ പറഞ്ഞു. അതിനുശേഷം കരട് തയ്യറാക്കി കോണ്‍ക്ലേവിന് മുമ്പായി നയരൂപവത്കരണത്തിനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു.