ബാംഗളൂരില്‍ സെന്റിന് 6000 രൂപ മുടക്കി വാങ്ങിയ ഭൂമിയുടെ വില ഉയര്‍ന്നത് ആറ് ലക്ഷമായി; തിരുവനന്തപുരത്ത് 35000 ത്തിന് വാങ്ങിയത് പത്ത് ലക്ഷമായി; റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കേണ്ടത് എങ്ങനെയെന്ന് മലയാളികളെ പഠിപ്പിച്ചു: സ്വയം വെടിവച്ച് മരിക്കാന്‍ പ്രകോപനമായത് എന്തെന്ന് ഇപ്പോള്‍ അവ്യക്തം

റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കേണ്ടത് എങ്ങനെയെന്ന് മലയാളികളെ പഠിപ്പിച്ചു

Update: 2026-01-30 15:54 GMT

ബെംഗളൂരു: ഭാവിയെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്ന ഒരു ബിസിനസ്സ് മാന്ത്രികന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ദക്ഷിണേന്ത്യയിലെ ബിസിനസ്സ് ലോകം. കൊച്ചി സ്വദേശിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ മരണം കേവലം ഒരു ആത്മഹത്യയല്ല, മറിച്ച് റിയല്‍ എസ്റ്റേറ്റ് വിപണിയിലെ ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണ്. ബെംഗളൂരു അശോക് നഗറിലെ കമ്പനി ആസ്ഥാനത്ത്, ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നതിനിടെ സ്വന്തം തോക്കില്‍ നിന്നുള്ള വെടിയുണ്ടയ്ക്ക് അദ്ദേഹം ഇരയായപ്പോള്‍ ബാക്കിയാകുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്.

സര്‍ജാപൂരിന്റെ വിധി മാറ്റിയെഴുതിയ 'വിഷന്‍'

വെറുമൊരു ബില്‍ഡര്‍ എന്നതിലുപരി ഭൂമിയുടെ മൂല്യം പ്രവചിക്കുന്നതില്‍ അദ്ദേഹത്തിന് അസാമാന്യ സിദ്ധി ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവിലെ സര്‍ജാപൂരില്‍ സെന്റിന് 6000 രൂപ മാത്രം വിലയുള്ള കാലത്ത് അദ്ദേഹം അവിടെ വന്‍തോതില്‍ ഭൂമി വാരിക്കൂട്ടി. ഏക്കറിന് 6 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമിക്ക് ഇന്ന് ഏക്കറിന് 12 കോടി രൂപയിലേറെയാണ് വില. 'റിയല്‍ എസ്റ്റേറ്റില്‍ ഇറങ്ങേണ്ടത് ഈയൊരു ദീര്‍ഘവീക്ഷണത്തോടെ ആയിരിക്കണം' എന്ന് ഒരു സ്വകാര്യ അഭിമുഖത്തില്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്തെ മീനങ്കുളത്തെ മാന്ത്രികന്‍

കേരളത്തിലും ഈ വിജയഗാഥ അദ്ദേഹം ആവര്‍ത്തിച്ചു. തിരുവനന്തപുരം മീനങ്കുളത്ത് സെന്റിന് വെറും 35,000 രൂപയ്ക്ക് അദ്ദേഹം വാങ്ങിയ ഭൂമി, വികസനം വന്നതോടെ ഇന്ന് സെന്റിന് 10 ലക്ഷത്തിന് മുകളിലാണ് വിലമതിക്കുന്നത്. എവിടെ വികസനം വരുമെന്നും എവിടെ നിക്ഷേപിക്കണമെന്നും കൃത്യമായി അറിയാമായിരുന്ന ഒരു 'അകക്കണ്ണ്' അദ്ദേഹത്തിനുണ്ടായിരുന്നു.


ബിസിനസ് ഗുരു മാതാവ്

ജനിച്ചത് കേരളത്തിലാണെങ്കിലും ഡോ റോയ് വളര്‍ന്നത് ബംഗളൂരുവിലായിരുന്നു. പിതാവ്, കെ.യു. ചാക്കോ. മാതാവ്: മേരി ചാക്കോ. മാതാവിന്റെ സംരംഭകത്വമാണ് തന്നെ ബിസിനസ്സിലേക്ക് നയിച്ചതെന്ന് അദ്ദേഹം പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ചെറിയ വീടുകള്‍ പണിത് വില്‍ക്കുന്ന ജോലി ചെയ്തിരുന്ന അമ്മയുടെ സഹായിയായും അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചാണ് അദ്ദേഹം നിര്‍മ്മാണ മേഖലയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. അദ്ദേഹത്തിന്റെ അച്ഛനും ഒരു സംരംഭകരായിരുന്നു.

തൃശൂര്‍ സ്വദേശിയാണെങ്കിലും കൊച്ചിയിലെ പനമ്പിള്ളി നഗറിലും അദ്ദേഹത്തിന് അടുത്ത ബന്ധങ്ങളുണ്ടായിരുന്നു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയില്‍ കൊച്ചിയെ ഒരു പ്രധാന കേന്ദ്രമായി റോയ് കണ്ടിരുന്നു.സഹോദരനായ സി.ജെ. കോശി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായി പ്രവര്‍ത്തിക്കുന്നു. മക്കളായ രോഹിത് റോയിയും റിയ റോയിയും വിദേശത്താണ് തങ്ങളുടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രോഹിത് ലണ്ടനിലെ പ്രമുഖ സര്‍വ്വകലാശാലയില്‍ നിന്നാണ് ബിസിനസ് മാനേജ്‌മെന്റ് പഠിച്ചത്.

ഇന്ത്യയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ റോയി പിന്നീട് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് (ഡിബിഎ) നേടി.

ബിസിനസ്സിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാര്‍ഡില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയിലായിരുന്നു അദ്ദേഹം. 1997-ല്‍ ജോലി രാജിവെച്ചാണ് സ്വന്തം സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഒരു അഭിമുഖത്തില്‍ ഡോ റോയ് ഇങ്ങനെ പറയുന്നു. 'അന്ന് എനിക്ക് ലക്ഷങ്ങളുടെ മോഹശമ്പളമായിരുന്നു കിട്ടിയത്. അത് ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങുക എന്ന് പറഞ്ഞപ്പോള്‍ പലരും നെറ്റി ചുളിച്ചു. എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞവര്‍ വരെയുണ്ട്. പക്ഷേ ഭ്രാന്തന്‍മ്മാരാണ് ചരിത്രം തിരുത്തുന്നത് എന്നാണ് ഞാന്‍ തിരിച്ച് പറഞ്ഞത്''- ഡോ റോയ് പറയുന്നു.

വേട്ടയാടിയ പരിശോധനകള്‍; തളര്‍ന്ന ആത്മവിശ്വാസം

പതിനായിരക്കണക്കിന് ആളുകള്‍ക്ക് തണലൊരുക്കിയ ഒരു ബിസിനസ്സ് ഭീമന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് (IT) നടത്തിയ പരിശോധനകളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയതെന്ന് പറയപ്പെടുന്നു. പരിശോധന നടക്കുന്നതിനിടെ തന്നെ അദ്ദേഹം തോക്കെടുത്ത് ജീവിതം അവസാനിപ്പിച്ചു എന്നത് വിശ്വസിക്കാന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

അശോക് നഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒരുപക്ഷേ, കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഒരാളെ ആത്മഹത്യയിലേക്ക് നയിക്കാന്‍ മാത്രം കരുത്തുള്ള സമ്മര്‍ദ്ദങ്ങള്‍ എന്തായിരുന്നു എന്നതാണ് ഇനി പുറത്തുവരാനുള്ളത്.

Tags:    

Similar News