പത്തനംതിട്ട ബിജെപിയില്‍ അടി തുടരുന്നു; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഭിപ്രായമെഴുതിയത് കാണിച്ചില്ല; ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ സുരേന്ദ്രന്‍ പക്ഷം മര്‍ദിച്ചു; പരുക്കേറ്റ ബിനോയി കെ. മാത്യു സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കി

പത്തനംതിട്ട ബിജെപിയില്‍ അടി തുടരുന്നു

Update: 2025-01-13 16:20 GMT

പത്തനംതിട്ട: മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി നടന്ന സമവായ ചര്‍ച്ചയിലും അടി. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റിനെ സുരേന്ദ്രന്‍ പക്ഷത്തെ നേതാക്കള്‍ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി. നാഭിക്ക് മര്‍ദനമേറ്റ കൈപ്പട്ടൂര്‍ കൊറ്റോടിയില്‍ ബിനോയ് കെ. മാത്യു സംസ്ഥാന കോര്‍ കമ്മിറ്റിയംഗങ്ങളായ കെ. സുരേന്ദ്രന്‍, വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് നിതിന്‍ കെ. ശിവ മര്‍ദിച്ചുവെന്നും നിലവിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് വധഭീഷണി മുഴക്കിയെന്നും ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍ തന്നെ മര്‍ദിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സമവായ ചര്‍ച്ച രാവിലെ ജില്ലാ കമ്മറ്റി ഓഫീസിലാണ് നടന്നത്. നിരീക്ഷകരായി വി.ടി. രമ, കരമന ജയന്‍, ടി.പി. സിന്ധുമോള്‍ എന്നിവരാണ് എത്തിയത്. സമവായ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞതിന് ശേഷം ഇവര്‍ ഇരിക്കുന്ന മുറിയില്‍ താന്‍ എത്തിയെന്ന് ബിനോയി പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കുന്നതിനായി സീല്‍ ചെയ്ത പേപ്പര്‍ നല്‍കുകയും തൊട്ടടുത്തുള്ള മുറിയില്‍ കയറി എഴുതിയതിനു ശേഷം തിരികെ വന്നു പെട്ടിയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് നിധിന്‍ ശിവ പേര് രേഖപ്പെടുത്തിയതിന്റെ ഫോട്ടോ മൊബൈലില്‍ എടുത്ത് വാട്സാപ്പില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്ന് ബിനോയി പരാതിയില്‍ സൂചിപ്പിച്ചു. ഇങ്ങനെ ഫോട്ടോ എടുത്തു തരണമെന്ന് അവിടെ എത്തിയ പലരോടും പറയുന്നുണ്ടായിരുന്നു. പേര് രേഖപ്പെടുത്തിയ സ്ലിപ്പ് പെട്ടിയില്‍ നിക്ഷേപിച്ചു തിരികെ എത്തിയ തന്നോട് നിധിന്‍ ശിവ ഫോട്ടോ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ മൊബൈല്‍ ഫോണ്‍ കേടാണ് ഫോട്ടോ എടുത്തില്ല എന്നു പറഞ്ഞു. അപ്പോള്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് മുട്ടുകാല്‍ കൊണ്ട് നാഭിയില്‍ തൊഴിച്ചുവെന്നാണ് പരാതി.

ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് നീ വീട്ടില്‍ കിടന്ന് ഉറങ്ങില്ലെടാ എന്നു ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ജില്ലാ ജനറല്‍സെക്രട്ടറി പ്രദീപ് അയിരൂര്‍ തന്നെ മര്‍ദിക്കാന്‍ കൂടെയുള്ളവരോട് പറഞ്ഞു. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്ന് ബിനോയ് പറഞ്ഞു.

നിലവിലെ പ്രസിഡന്റ് വി.എ. സൂരജും വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. റാന്നിയില്‍ നിന്നുള്ള പി.വി. അനോജ്കുമാറും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, വിജയകുമാറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അനോജ് പിന്മാറി. നിലവില്‍ സുരേന്ദ്രന്‍ പക്ഷമാണ് ജില്ലയില്‍ പ്രബലമായിട്ടുള്ളത്. കഴിഞ്ഞ മാസം നടന്ന മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ പക്ഷം എതിര്‍പക്ഷത്തെ മര്‍ദിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. കോന്നി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സെക്രട്ടറി പി.എസ്. അരുണിനെയും ഏനാദിമംഗലം പഞ്ചായത്ത് മൂന്‍ ബി.ജെ.പി പ്രസിഡന്റുമായ സതീഷ്‌കുമാറിനെയും കൈയേറ്റം ചെയ്തുവെന്നായിരുന്നു പരാതി. നിലവില്‍ സുരേന്ദ്രന്‍ പക്ഷത്തിന്റെ കൈയില്‍ ഭൂരിപക്ഷം സ്ഥാനങ്ങളുമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നാണ് എതിര്‍പക്ഷത്തിന്റെ പരാതി.


Tags:    

Similar News