ഇസ്രായേല്‍- ഫ്രഞ്ച് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ അലങ്കോലമായി പാരീസിലെ ആകാംഷയോടെ കാത്തിരുന്ന ഫുട്ബാള്‍ മാച്ച്; ആംസ്റ്റര്‍ഡാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇറക്കിയ 6000 പൊലീസുകാരെ നോക്കുകുത്തുകളാക്കി അടിപിടി

ഇസ്രായേല്‍- ഫ്രഞ്ച് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയ

Update: 2024-11-15 00:44 GMT

പാരീസ്: പാരീസില്‍ ഇന്നലെ നടന്ന അക്രമസംഭവങ്ങളുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇസ്രയേലി ഫുട്‌ബോള്‍ ആരാധകര്‍, ഫ്രഞ്ച് ആരാധകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അതീവ സുരക്ഷയോടെ കളി നടക്കുന്നതിനിടയിലായിരുന്നു സംഭവം. ബഹളം മൂത്തതോടെ കാണികള്‍ സ്റ്റേഡിയത്തില്‍ നിന്നും ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മുഖംമൂടികളും ബാലാക്ലാവകളും, പുറകുവശത്തായി ഡേവിഡിന്റെ പതാകയിലെ നീല നക്ഷത്രം ആലേഖനം ചെയ്ത വസ്ത്രങ്ങളും ധരിച്ച യുവാക്കള്‍ സീറ്റുകള്‍ക്കിടയിലേക്ക് ഓടിവരികയും ഇരകളെ ഇടിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമില്‍ ഇസ്രയിലേലില്‍ മക്കാബി ടെല്‍ അവീവ് കളിച്ചപ്പോള്‍ ഉണ്ടായ അക്രമങ്ങളുടെ വെളിച്ചത്തില്‍ കനത്ത സുരക്ഷയായിരുന്നു സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്. എന്നിരുന്നിട്ടും സ്റ്റേഡിയത്തിനകത്തെ അന്തരീക്ഷം സംഘര്‍ഷം ഉറഞ്ഞുകൂടിയതായിരുന്നു. ഇസ്രയേലിന്റെ ദേശീയഗാനം ആലപിക്കുന്നതിനിടയില്‍ ആരൊക്കെയോ വിസല്‍ മുഴക്കിയതാണ് ഇസ്രയേലി ആരാധകരെ പ്രകോപിപ്പിച്ചത് എന്നാണ് കരുതുന്നത്. ഫ്രാന്‍സിന്റെ ത്രിവര്‍ണ്ണ പതാകയും ഇസ്രയേലിന്റെ സ്റ്റാര്‍ ഓഫ് ഡേവിഡും മാത്രമായിരുന്നു സ്റ്റേഡിയത്തിനകത്ത് അനുവദിച്ചിരുന്നതെങ്കിലും, ചില ഫ്രഞ്ച് ആരാധകര്‍ ഇടയില്‍ രണ്ട് പാലസ്തീന്‍ പതാകകള്‍ കൂടി വീശിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

പുറത്തായ മറ്റൊരു ചിത്രത്തില്‍, ഗുരുതരമായി പരിക്കേറ്റ് എന്ന് തോന്നുന്നി വിധത്തില്‍ നിലത്ത് കിടക്കുന്ന ഒരു ഫ്രഞ്ച് ആരാധകന് ചുറ്റും ഇസ്രയേലി ആരാധകര്‍ കൂട്ടംകൂടുന്നതും കാണാം. സ്റ്റേഡിയത്തിന്റെ അകത്തു നിന്നും എടുത്തതാണ് ഈ ചിത്രം. ഇസ്രയേലി ആരാധകര്‍ അക്രമം അഴിച്ചു വിട്ടതോടെ ഫ്രഞ്ച് ആരാധകര്‍ തിരിച്ചടിക്കുകയായിരുന്നു എന്ന് ചില ദൃക്സാക്ഷികള്‍ പറയുന്നു. ഇരു കൂട്ടര്‍ക്കും ഇടയില്‍ കുടുങ്ങിപ്പോയ, നിഷ്പക്ഷരായ ചിലര്‍ പറയുന്നത് ഇരു കൂട്ടരും തമ്മില്‍ അട്ടഹാസം മുഴക്കിയിരുന്നെന്നും അതില്‍ ചിലത് ഗാസയിലെ കൊലപാതകങ്ങളെ കുറിച്ചായിരുന്നു എന്നുമാണ്.

സംഘര്‍ഷം മൂത്തതോടെ സ്റ്റിവാര്‍ഡുകള്‍ രംഗത്തെത്തുകയും ഇരു കൂട്ടരെയും അകറ്റി നിര്‍ത്തി അവര്‍ക്കിടയില്‍ മനുഷ്യമതില്‍ തീര്‍ക്കുകയും ചെയ്തു. ആരാധകരുടെ കൂട്ടത്തില്‍ ഇസ്രയേലി ഡിഫന്‍സ് ഫോഴ്സിന്റെ ടി ഷര്‍ട്ട് അണിഞ്ഞ ഒരാളെങ്കിലും ഉണ്ടായിരുന്നു എന്നാണ് മെയില്‍ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ ഫുട്‌ബോള്‍ ആസ്വദിക്കാന്‍ എത്തിയതാണെന്നും, നേരത്തെ ഐ ഡി എഫിനൊപ്പം താന്‍ ലെബനനില്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു എന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അയാള്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ തനിക്ക് താത്പര്യമില്ലെന്നും അയാള്‍ വ്യക്തമാക്കി. ഏകദേശം 37 വയസ്സുള്ള അയാള്‍, സംഘര്‍ഷത്തില്‍ പങ്കുചേരാതെ നേരത്തേ തന്നെ സ്റ്റേഡിയം വിട്ടു പോയെന്നും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ, നാഷണല്‍ ലീഗ് മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍ക്കാന്‍ സംഘാടകര്‍ ഏറെ ക്ലേശിച്ചിരുന്നു. 13,000 സീറ്റുകള്‍ മാത്രമാണ് റിസര്‍വ് ചെയ്യപ്പെട്ടത്. അവിടെ 6500 പേരുള്ള സുരക്ഷാ സൈന്യത്തെയാണ് ഏര്‍പ്പാടാക്കിയിരുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രണ്ട് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വീതം. അതീവ ആശങ്കയുളവാക്കുന്നതാണ് പാരീസ് ഗെയിമിലെ സുരക്ഷ എന്ന് നേരത്തെ പാരിസ് പോലീസ് മേധാവി പറഞ്ഞിരുന്നു.

അതേസമയം, ഇസ്രയേലി സെക്യൂരിറ്റി ഫോഴ്സും മൊസാദിന്റെ ഏജന്റുമാരും സ്റ്റേഡിയത്തിനകത്ത് ഉണ്ടായിരുന്നതായി ഫ്രഞ്ച് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കളി, മൂന്നാമത് ഒരു രാജ്യത്ത് വെച്ച് നടത്തണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അത് ചെവികൊണ്ടില്ല. ഫ്രഞ്ച് പ്രസിഡണ്ടും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ ഇന്നലെ കളി കാണാന്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലി ആരാധകര്‍ക്ക് നേരെ ആംസ്റ്റര്‍ഡാമില്‍ നടന്ന അക്രമത്തിന്റെ വെളിച്ചത്തില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. നിലവിലെ ഇസ്രയേല്‍ - പാലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സംഘര്‍ഷത്തില്‍ 52 ഡച്ച് പൗരന്മാരും 10 ഇസ്രയേലി പൗരന്മാരും അറസ്റ്റിലായിരുന്നു.

ചില പ്രാദേശിക സംഘങ്ങള്‍, ഇസ്രയേലില്‍ നിന്നെത്തുന്ന ആരാധകരെ ഉന്നം വയ്ക്കുന്നുണ്ട്. യഹൂദ വിരുദ്ധതയാണ് അതിനു പുറകിലെന്നു അധികൃതര്‍ പറഞ്ഞിരുന്നു. അതിനിടയിലെ, ഇസ്രയേലി ആരാധകര്‍ വംശീയ വെറി വെളിവാക്കുന്ന മുദ്രാവാക്യങ്ങളും മുഴക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പാലസ്തീന്‍ അനുകൂലികള്‍ പാരീസില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ പാരീസില്‍ സംഘടിപ്പിച്ച ഒരു ഇസ്രയേല്‍ ഇവന്റിനെതിരെയായിരുന്നു പ്രകടനം.

ഇസ്രയേല്‍ ഇസ് ഫോര്‍ എവര്‍ എന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ ധനകാര്യ മന്ത്രി വരുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ഇസ്രയേല്‍ പാലസ്തീനില്‍ നിന്നും പിടിച്ചെടുത്ത പ്രദേശത്താണ് അദ്ദേഹം താമസിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഇത് നിയമവിരുദ്ധമായതിനാല്‍, ഫ്രാന്‍സ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചേക്കും എന്ന ആശങ്കയാല്‍ സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു.

Tags:    

Similar News