ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലവ് എങ്കില്‍ എക്‌സലിനും ടാലിക്കും വേണ്ടി വീണാ വിജയനും എക്‌സാലോജിക്കും കര്‍ത്തായില്‍ നിന്ന് മാസം തോറും 8 ലക്ഷം രൂപ കൈപ്പറ്റിയത് ഒട്ടും കൂടുതലല്ല! വിടി ബല്‍റാമിന്റെ പോസ്റ്റ് വൈറല്‍; സോഷ്യല്‍ മീഡിയാ ടീം എന്തു ചെയ്യുന്നു? ഈ ശമ്പളം കൂട്ടല്‍ അനാവശ്യമോ?
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളം അഞ്ചു ശതമാനം കൂട്ടി. അവരെ സ്ഥിരപ്പെടുത്താനും അണിയറ നീക്കം സജീവം. ഇതിനിടെ ചില വസ്തുതകള്‍ ചര്‍ച്ചയാക്കുകായണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. സോഷ്യല്‍ മീഡിയാ ടീമിന് ശമ്പളം നല്‍കുന്നത് എന്തിനെന്ന ചോദ്യമാണ് ബല്‍റാം ഉയര്‍ത്തുന്നത്. അതിന് വേണ്ട പണി അവര്‍ എടുക്കുന്നുണ്ടോ എന്നതാണ് ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം വര്‍ധിപ്പിച്ച ഉത്തരവ് പുറത്തു വന്നിട്ടുണ്ട്. 12 അംഗ ടീമിന്റെ ശമ്പളം അഞ്ച് ശതമാനം വീതമാണ് വര്‍ധിപ്പിച്ചത്. ശമ്പളം പരിഷ്‌കരിച്ചതോടെ ടീം ലീഡറുടെ ശമ്പളം 75,000ല്‍ നിന്ന് 78,750 ആയി. കരാര്‍ ജീവനക്കാരുടെ ശമ്പളം അഞ്ച് ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ദ്ധനവിന്റെ ആവശ്യകതയുണ്ടോ എന്ന ചോദ്യമാണ് ബല്‍റാം ഉയര്‍ത്തുന്നത്.
വിടി ബല്‍റാമിന്റെ പോസ്റ്റ് ഇങ്ങനെ
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, എന്നിവയിലെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളാണിവ. മലയാളികളായ നികുതിദായകര്‍ ദയവായി ഇവയൊന്ന് പരിശോധിക്കുക:
ഫേസ്ബുക്കില്‍ പിണറായി വിജയന്റേതായി ഇന്ന് നിലമ്പൂരിലെ രണ്ട് ഇലക്ഷന്‍ പരിപാടികളുടെ വിഡിയോ ഉണ്ട്. ഇന്നലെ ആകെയുള്ളത് അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചനമറിയിച്ചു കൊണ്ടുള്ള നാലുവരി പോസ്റ്റ്. അതിന് മുന്നത്തെ ദിവസം തിരുവനന്തപുരം മെട്രോയുടെ അലൈന്‍മെന്റ് ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ച 'സുപ്രധാന ചുവടുവയ്പ്' പോസ്റ്റ്. അതിന് മുന്നത്തെ ദിവസം ഒരു പോസ്റ്റ് പോലുമില്ല. അതിന് മുന്‍പ് ചരക്കുകപ്പല്‍ തീരത്തണഞ്ഞതിലെ സന്തോഷ പോസ്റ്റ്. അതിന് മുന്‍പ് രണ്ട് ദിവസം ഒറ്റ പോസ്റ്റുമില്ല. അതായത് കഴിഞ്ഞ ഒരാഴ്ചയില്‍, അതായത് 7 ദിവസത്തിനുള്ളില്‍ ആകെയുള്ളത് 5 ഫേസ്ബുക് പോസ്റ്റ്. ചീഫ് മിനിസ്റ്ററുടെ പേരിലുള്ള മറ്റൊരു ഫേസ്ബുക്ക് പേജില്‍ ഈ കാലയളവില്‍ 2 പോസ്റ്റുകളാണ് ഉള്ളത്.
ഇനി Xല്‍ നോക്കിയാല്‍ കഴിഞ്ഞ 7 ദിവസത്തിനുള്ളില്‍ വെറും 4 ട്വീറ്റ് മാത്രം.
ഇന്‍സ്റ്റയില്‍ കഴിഞ്ഞ 7 ദിവസത്തിനുള്ളില്‍ ആകെയുള്ളത് നേരത്തെ ഫേസ്ബുക്കില്‍ ഇട്ട ആ കപ്പല്‍ പോസ്റ്റ് മാത്രം. cmokerala എന്ന ഔദ്യോഗിക (?) ഇന്‍സ്റ്റ പേജിലാകട്ടെ മെയ് 28 ന് ശേഷം ഒറ്റ പോസ്റ്റ് പോലുമില്ല. യൂട്യൂബില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ഔദ്യോഗിക ചാനലുകള്‍ ഉണ്ടോ എന്നറിയില്ല. സെര്‍ച്ച് ചെയ്യുമ്പോള്‍ മറ്റ് മാധ്യമങ്ങളിലെ പിണറായി വാര്‍ത്തകളാണ് വരുന്നത്.
ഇതിവിടെ പറയാന്‍ കാരണം 'ബഹു.മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പരിപാലിക്കുന്നതിനാവശ്യമായ മനുഷ്യവിഭവശേഷി വിഭാഗത്തിന്റെ വേതനം വര്‍ദ്ധിപ്പിച്ചുകൊണ്ട്' ഒരു സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. എന്താണിവര്‍ ചെയ്യുന്ന പണി എന്ന് ജസ്റ്റ് ഒന്ന് പരിശോധിച്ചു എന്നേയുള്ളൂ. 12 പേരാണ് (മുഴുവന്‍ പുരുഷന്മാര്‍) ഈ മനുഷ്യവിഭവശേഷി വിഭാഗത്തിലുള്ളത്. അതിലെ ടീം ലീഡറുടെ ശമ്പളം നിലവിലെ 75,000ല്‍ നിന്ന് ഇനി മുതല്‍ 78,500 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരില്‍ 7 പേര്‍ക്കും 50000ല്‍ കൂടുതല്‍ മാസശമ്പളം ഉണ്ട്. മറ്റ് മൂന്ന് പേര്‍ക്ക് അതിനോടടുത്ത പ്രതിഫലവും. ഇവര്‍ എല്ലാവരുടേയും ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്.
ഈപ്പറയുന്ന 12 പേരേയും 2022 മെയ് മാസം മുതല്‍ 6 മാസ കാലയളവിലേക്ക് താത്കാലികമായി കരാര്‍ അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളത്. പിന്നീട് പല പല അവസരങ്ങളിലായി അവരുടെ കാലവധി നീട്ടിക്കൊടുത്തുകൊണ്ടേയിരിക്കുകയാണ് സര്‍ക്കാര്‍. ഒരു മര്യാദയും ഉളുപ്പുമില്ലാതെ ഖജനാവിലെ പണമെടുത്ത് 12 ഡിവൈഎഫ്‌ഐക്കാര്‍ക്ക് വര്‍ഷങ്ങളായി വാരിക്കോരി കൊടുത്തുകൊണ്ടിരിക്കുകയാണ് പിണറായി വിജയന്‍ എന്ന് സാരം. ഈ ശമ്പളത്തിന്റെ വിഹിതം ലെവിയായി സിപിഎം പാര്‍ട്ടി ഫണ്ടിലും എത്തുന്നുണ്ടാവും.
ഏതായാലും ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചെലവുകള്‍ എങ്കില്‍ മൈക്രോസോഫ്റ്റ് എക്‌സലിനും ടാലിക്കും വേണ്ടി വീണാ വിജയനും എക്‌സാലോജിക്കും കരിമണല്‍ കര്‍ത്തായില്‍ നിന്ന് മാസം തോറും 8 ലക്ഷം രൂപ കൈപ്പറ്റിയത് ഒട്ടും കൂടുതലല്ല എന്ന് തന്നെ പറയേണ്ടി വരും.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ ടീമിന്റ ശമ്പള വര്‍ദ്ധന കണക്ക് ഇങ്ങനെ
കണ്ടന്റ് മാനേജര്‍ (പഴയത്: 70,000- പുതിയത്: 73,500)
സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ (പഴയത്: 65,000- പുതിയത്: 68,250)
സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ (പഴയത്: 65,000- പുതിയത്: 68,250)
കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് ( പഴയത്: 65,000- പുതിയത്: 68,250)
ഡെലിവറി മാനേജര്‍ ( പഴയത്:56,000- പുതിയത്: 58,800)
റിസര്‍ച്ച് ഫെലോ ( പഴയത്: 53,000- പുതിയത്: 55,650)
കണ്ടന്റ് ഡെവലപ്പര്‍ ( പഴയത്: 53,000- പുതിയത്: 55,650)
കണ്ടന്റ് അഗ്രഗേറ്റര്‍ ( പഴയത്: 53,000- പുതിയത്: 55,650)
ഡാറ്റാ റിപ്പോസിറ്ററി മാനേജര്‍ ( പഴയത്: 45,000- പുതിയത്: 47,250)
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ( പഴയത്: 22,290- പുതിയത്: 23,405)