ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ മുഖ്യമന്ത്രി നടത്തിയത് 26 വിദേശ യാത്രകള്‍; ഏറ്റവും കൂടുതല്‍ തവണ യുഎഇയിലും, രണ്ടാമത് അമേരിക്കയിലും; ആകെ ആറുമാസത്തോളം വിദേശത്ത്; യാത്രകളില്‍ അനുഗമിച്ചവരില്‍ വീണ വിജയന്റെ പേരുമാത്രമില്ല; വിവരാവകാശ മറുപടിയിലെ വിവരങ്ങള്‍
മുഖ്യമന്ത്രി നടത്തിയത് 26 വിദേശ യാത്രകള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയും, ചെലവും സംബന്ധിച്ച് പലപ്പോഴും വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇന്നുവരെ മുഖ്യമന്ത്രി എത്ര വിദേശയാത്രകള്‍ നടത്തി? വിദേശയാത്രകളുടെ തീയതിയും സന്ദര്‍ശിച്ച രാജ്യങ്ങളും ഏതാണ്? വിദേശ യാത്രയ്ക്കായി സര്‍ക്കാരില്‍ നിന്ന് ചെലവഴിച്ച തുക? ഓരോ യാത്രയിലും മുഖ്യമന്ത്രിയെ അനുഗമിച്ചത് ആരെല്ലാം? ഈ ചോദ്യങ്ങള്‍ക്കെല്ലാം കെ പി സി സി സെക്രട്ടറിയും തിരുവനന്തപുരം അമരവിള സ്വദേശിയുമായ അഡ്വ. സി ആര്‍ പ്രാണ കുമാര്‍ വിവരാവകാശ അപേക്ഷയിലൂടെ ഉത്തരങ്ങള്‍ തേടി.
മുഖ്യമന്ത്രി വിദേശയാത്രങ്ങള്‍ നടത്തിയത് 26 തവണയാണെന്നാണ് വിവരാവകാശ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത്. പിണറായി വിജയന്‍ വിദേശത്ത് ചെലവഴിച്ചത് 6 മാസമായിരുന്നു. 173 ദിവസത്തോളം പിണറായി വിദേശ യാത്രയില്‍ ആയിരുന്നു.പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗമാണ് മറുപടി നല്‍കിയത്. സെപ്റ്റംബര്‍ 4 വരെ വകുപ്പില്‍ ലഭ്യമായ മറുപടിയാണിത്.
2016, 2017, 2018, 2019, 2022, 2023, 2024 എന്നീ 7 വര്‍ഷങ്ങളില്‍ ആയിരുന്നു പിണറായിയുടെ 6 മാസത്തെ വിദേശ യാത്ര. കോവിഡ് മഹാമാരിയുടെ കാലത്ത് 2020 ലും 2021 ലും പിണറായി വിദേശ യാത്ര നടത്തിയില്ല. 2016 ല്‍ യു.എ.ഇ യിലേക്കായിരുന്നു മുഖ്യമന്ത്രിയായതിനു ശേഷമുള്ള പിണറായിയുടെ ആദ്യ വിദേശ യാത്ര. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ യാത്രയില്‍ പിണറായിയെ അനുഗമിച്ചിരുന്നു.
ഏറ്റവും കൂടുതല്‍ തവണ പോയത് യുഎഇയിലേക്കാണ്. 8 തവണ. ആറ് തവണ അമേരിക്കയിലും പോയി.2017 ല്‍ പിണറായി 5 ദിവസം ബഹറിന്‍ സന്ദര്‍ശിച്ചു. നളിനി നെറ്റോ ഈ യാത്രയിലും പിണറായിയെ അനുഗമിച്ചു. 2018 ല്‍ 3 തവണ അമേരിക്കയും ഒരു തവണ യു.എ.ഇയും സന്ദര്‍ശിച്ചു. 2019 ല്‍ നെതര്‍ലന്റ്‌സ്, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, യു.കെ, ജപ്പാന്‍ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2 തവണ യു.എ. ഇയും സന്ദര്‍ശിച്ചു.
2022 ല്‍ അമേരിക്കയില്‍ രണ്ട് തവണയും യു.എ. ഇ യില്‍ രണ്ട് തവണയും സന്ദര്‍ശിച്ചു. കൂടാതെ 2022 ല്‍ നോര്‍വെ, യു.കെ യിലും സന്ദര്‍ശിച്ചു. 2023 ല്‍ അമേരിക്ക, ക്യൂബ, യു.എ. ഇ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച പിണറായി 2024 ല്‍ പറന്നത് ഇന്തോനേഷ്യ, സിംഗപ്പൂര്‍, യു.എ. ഇ എന്നിവിടങ്ങളിലേക്കായിരുന്നു.
മിക്ക യാത്രയിലും ഭാര്യ കമല, കൊച്ചു മകന്‍ ഇഷാന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ പിണറായിയെ അനുഗമിച്ചിരുന്നു. എന്നാല്‍ വിവരവകാശ മറുപടിയില്‍ പിണറായിയെ അനുഗമിച്ചവരുടെ ലിസ്റ്റില്‍ മകള്‍ വീണ വിജയന്റെ പേര് അപ്രത്യക്ഷമായി. മാസപ്പടി കേസില്‍ വീണ വിജയന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ വീണ വിജയന്റെ പേര് അപ്രത്യക്ഷമായതില്‍ ദുരൂഹത ഉണ്ടെന്നാണ് അഡ്വ.സി.ആര്‍ പ്രാണകുമാര്‍ ആരോപിക്കുന്നത്.
പിണറായിയോടൊത്തുള്ള വിദേശ യാത്രയില്‍ വീണ വിജയന്‍ തന്റെ കമ്പനി എക്‌സാ ലോജിക്കിനു വേണ്ടി എന്തെങ്കിലും ബിസിനസ് ഇടപാട് നടത്തിയോ എന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. അതിനിടയിലാണ് പിണറായിയെ അനുഗമിച്ചവരുടെ ലിസ്റ്റില്‍ നിന്ന് മകള്‍ വീണ വിജയന്‍ അപ്രത്യക്ഷമായത്.
വിദേശയാത്രയക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുക സംബന്ധിച്ച അപേക്ഷയിലെ വിവരം ലഭ്യമാക്കാന്‍ പൊതുഭരണ വകുപ്പിലെ
അക്കൗണ്ട്‌സ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൈമാറിയെന്നും മറുപടിയില്‍ പറയുന്നു.