'തല്ലുന്നത് അയാള്‍ക്ക് ഹരംപോലെ'; തന്നെയും സുഹൃത്തിനെയും മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തെന്ന് വെളിപ്പെടുത്തി പാഞ്ഞാള്‍ സ്വദേശി; അസഭ്യം വിളിച്ചെന്ന പരാതിയുമായി നിയമ വിദ്യാര്‍ഥിനി; പോലീസ് സ്‌റ്റേഷനില്‍ വെച്ച് യുവതിയെ മര്‍ദിച്ച സിഐ പ്രതാപചന്ദ്രനെതിരേ കൂടുതല്‍ പരാതികള്‍; അന്വേഷണ വിധേയമായി നടപടികളും നേരിട്ടു

'തല്ലുന്നത് അയാള്‍ക്ക് ഹരംപോലെ'

Update: 2025-12-19 17:19 GMT

കൊച്ചി: എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ സിഐ കെ.ജി. പ്രതാപചന്ദ്രനെതിരേ കൂടുതല്‍ പരാതികള്‍. യുവതിയ്ക്ക് മര്‍ദനമേല്‍ക്കുന്നതിനു മുമ്പ് കാക്കനാട് സ്വദേശിയായ റിനീഷ്, നിയമവിദ്യാര്‍ഥിനിയായ പ്രീതി രാജ് എന്നിവര്‍ സിഐക്കെതിരേ കേസ് നല്‍കിയിരുന്നു. ഒരു സ്വിഗ്ഗി ഡെലിവറിക്കാരനും പരാതിയുമായി രംഗത്തുവന്നിരുന്നു.

തന്നെയും സുഹൃത്തിനെയും മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തെന്ന് വെളിപ്പെടുത്തി പാഞ്ഞാള്‍ സ്വദേശിയായ സനൂപും സിഐക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രതാപചന്ദ്രന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം ശരിയല്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഉണ്ടായിരുന്നതായാണ് വിവരം. 2024 ജൂണ്‍ 20ന് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍വെച്ച് കൊച്ചി സ്വദേശിനിയായ ഷൈമോള്‍ എന്ന യുവതിയെ സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രന്‍ മര്‍ദിച്ച ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഭര്‍ത്താവ് ബെന്‍ജോയെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയതിനെ തുടര്‍ന്നാണ് ഷൈമോള്‍ കൈക്കുഞ്ഞുങ്ങളുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയതിന് ഇവര്‍ക്കെതിരേ കേസുമെടുത്തിരുന്നു.

എന്നാല്‍, ഷൈമോളുടെയും ബെന്‍ജോയുടെയും ഒരു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വനിതാപോലീസുകാര്‍ നോക്കിനില്‍ക്കേ ഷൈമോളെ പ്രതാപചന്ദ്രന്‍ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേത്തുടര്‍ന്ന് പ്രതാപചന്ദ്രനെ ദക്ഷിണമേഖലാ ഐജി സസ്‌പെന്‍ഡ് ചെയ്തു. ഇതിനുപിന്നാലെയാണ് വിവാദ പോലീസുകാരനെതിരേയുള്ള കൂടുതല്‍ പരാതികള്‍ പുറത്തുവന്നിരിക്കുന്നത്.

2023ലാണ് നോര്‍ത്ത് പാലത്തിന് സമീപത്തുവെച്ച് കാക്കനാട് സ്വദേശി റിനീഷിനെ പ്രതാപചന്ദ്രന്‍ മര്‍ദിക്കുന്നത്. ഫീല്‍ഡ് ഓഫീസറായിരുന്ന താന്‍ ഉച്ച സമയത്ത് നോര്‍ത്ത് പാലത്തിനു സമീപം വിശ്രമിക്കുമ്പോള്‍ പ്രതാപചന്ദ്രന്‍ മര്‍ദിക്കുകയായിരുന്നെന്ന് റിനീഷ് പറഞ്ഞു. 'ആദ്യം മഫ്തിയിലുള്ള പോലീസുകാര്‍ വന്ന് ചോദ്യംചെയ്തു. അവരോട് സംസാരിക്കുമ്പോഴാണ് യൂണിഫോമില്‍ പ്രതാപചന്ദ്രന്‍ എത്തുന്നത്. ലാത്തി കൊണ്ട് മര്‍ദിച്ചപ്പോള്‍ അടിക്കുന്നത് എന്തിനെന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ മുഷ്ടി ചുരുട്ടി മുഖത്തിടിച്ചു. അയാള്‍ക്ക് അതൊരു ഹരം പോലെയായിരുന്നു. പരാതി നല്‍കിയാല്‍ കള്ളക്കേസ് കൊടുക്കുമെന്നും പറഞ്ഞു. എന്റെ പരാതിയില്‍ അന്വേഷണം നടക്കുകയും പ്രതാപചന്ദ്രന്‍ തല്ലിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍വീസില്‍ ബ്ലാക്ക് മാര്‍ക്ക് ഉണ്ടാകുമെന്ന് മാത്രമാണറിഞ്ഞത്'. റിനീഷ് വിശദമാക്കി.

സുഹൃത്തായ വനിതാ എസ്‌ഐയെ കാണാന്‍ നോര്‍ത്ത് പോലീസ് സ്റ്റേഷില്‍ എത്തിയപ്പോള്‍ പ്രതാപചന്ദ്രന്‍ അപമര്യാദയായി പെരുമാറിയെന്നാണ് നിയവിദ്യാര്‍ഥിനിയായ പ്രീതി രാജ് വെളിപ്പെടുത്തുന്നത്. ഇരുചക്രവാഹനത്തിലെത്തിയ തന്നെ മഫ്തിയിലായിരുന്ന പ്രതാപചന്ദ്രന്‍ കൈകാണിച്ചുനിര്‍ത്തി. ഹെല്‍മെറ്റില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ഫോട്ടോകളെടുത്തു. പല ആംഗിളുകളില്‍ നിന്ന് ഫോട്ടോ എടുത്തപ്പോള്‍ അത് പറ്റില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ അസഭ്യം പറയുകയായിരുന്നു. കമ്മിഷണര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്നും പ്രീതി പറഞ്ഞു.

പ്രതാപചന്ദ്രന്‍ ഉള്‍പ്പെടുന്ന പോലീസ് സംഘം കലൂരില്‍ വെച്ച് അക്രമിച്ചെന്ന് പാഞ്ഞാള്‍ സ്വദേശിയായ സനൂപും പറയുന്നു. കലൂരില്‍ വഴിയരികില്‍ നിന്ന തന്നെയും സുഹൃത്തിനെയും പോലീസ് ചോദ്യംചെയ്തു. പോലീസിന്റെ പെരുമാറ്റം ശരിയല്ലെന്ന് കണ്ടതോടെ വീഡിയോ എടുത്ത സുഹൃത്ത് രാഹുലിനെ പ്രതാപചന്ദ്രന്‍ തല്ലി. ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു. വഴിയരികില്‍ വെച്ചും പിന്നീട് സ്റ്റേഷനില്‍ കൊണ്ടുപോയും മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. അന്ന് പ്രതാപചന്ദ്രന്‍ കൈവശപ്പെടുത്തിയ തന്റെ ഐഫോണ്‍ എഫ്‌ഐആറില്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ഇതുവരെ തിരിച്ചുനല്‍കിയിട്ടില്ലെന്നും സനൂപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം അരൂര്‍ എസ്എച്ച്ഒ: കെ.ജി.പ്രതാപചന്ദ്രന്‍ മുന്‍പ് അരൂര്‍ എസ്‌ഐയായിരിക്കെ അന്വേഷണ വിധേയമായി നടപടി നേരിട്ടിട്ടുണ്ട്. 2016 പിണറായി മന്ത്രിസഭയില്‍ ആദ്യ നാളിലായിരുന്നു സംഭവം. അന്ന് അരൂര്‍ എസ്‌ഐയായിരുന്ന കെ.ജി.പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ പരിധിയിലെ പഞ്ചായത്തുകളിലെ ജനങ്ങള്‍ നേരിടുന്ന സാമൂഹിക വിരുദ്ധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ഇത്തരത്തില്‍ ഇരുന്നൂറിലധികം വനിതകളും വനിതാ ജനപ്രതിനിധികളടക്കമുള്ളവരും അംഗങ്ങളായിട്ടുള്ള 'വോയ്‌സ് ഓഫ് എഴുപുന്ന' എന്ന ഗ്രൂപ്പില്‍ സ്ഥിരമായി അംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു എസ്‌ഐ. എന്നാല്‍ ഈ ഗ്രൂപ്പില്‍ എസ്‌ഐയുടെ മൊബൈല്‍ ഫോണില്‍നിന്നു അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

തന്റെ മൊബൈലില്‍ കൈ തട്ടി അബദ്ധത്തില്‍ ഗ്രൂപ്പിലായതാണെന്ന് പറഞ്ഞ് ഗ്രൂപ്പ് അംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗ്രൂപ്പ് അംഗങ്ങളില്‍ ചിലര്‍ പരാതിയുമായി പോകുന്ന വിവരമറിഞ്ഞ് ഗ്രൂപ്പ് അഡ്മിനെ സ്വാധീനിച്ച് വാട്‌സാപ് ഗ്രൂപ്പ് തന്നെ പിരിച്ചുവിട്ടു. ചില അംഗങ്ങള്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വിഡിയോ സേവ് ചെയ്തും ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്ന് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി പ്രതാപ് ചന്ദ്രന് അനുകൂല റിപ്പോര്‍ട്ടാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിരുന്നത്.

Tags:    

Similar News