എട്ട് വർഷത്തിനിടെ സസ്പെൻഡ് ചെയ്തത് ഒമ്പതോളം ഫേസ്ബുക്ക് അക്കൗണ്ടുകൾ; നഷ്ടമായത് ആയിരക്കണക്കിന് ഡോളർ; കമ്പനി ഇമെയില്‍ ക്ഷമാപണം നടത്തിയിട്ടും നിരന്തരം അക്കൗണ്ടുകൾ നീക്കം ചെയ്തു; സക്കര്‍ബര്‍ഗിനെതിരെ പരാതിയുമായി മറ്റൊരു സക്കര്‍ബര്‍ഗ്

Update: 2025-09-06 13:19 GMT

വാഷിംഗ്ടൺ: മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തൻ്റെ പേര് ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ടുകൾ തുടർച്ചയായി ബ്ലോക്ക് ചെയ്യുന്നതിനെതിരെ അമേരിക്കൻ അഭിഭാഷകൻ മാർക്ക് സക്കർബർഗ് നിയമനടപടി ആരംഭിച്ചു. പേരുപയോഗിക്കുന്നതിലെ സാമ്യം കാരണം ആൾമാറാട്ടം ആരോപിച്ച് ഫേസ്ബുക്ക് തൻ്റെ അക്കൗണ്ടുകൾ തടയുന്നതായി അഭിഭാഷകൻ പരാതിയിൽ പറയുന്നു.

ഇൻ്റാന സ്വദേശിയായ അഭിഭാഷകൻ്റെ വെളിപ്പെടുത്തലുകൾ പ്രകാരം, കഴിഞ്ഞ എട്ട് വർഷത്തിനിടെ ഫേസ്ബുക്ക് അദ്ദേഹത്തിൻ്റെ അഞ്ച് പ്രൊഫഷണൽ അക്കൗണ്ടുകളും നാല് വ്യക്തിഗത അക്കൗണ്ടുകളും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ വിലക്കുകൾ തൻ്റെ നിയമപരമായ പ്രവർത്തനങ്ങളെയും കക്ഷികളുമായുള്ള ആശയവിനിമയത്തെയും സാരമായി ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. വർഷങ്ങളായി ഈ പ്രശ്നം നിലനിൽക്കുന്നു. ഓരോ തവണയും ഫേസ്ബുക്കുമായി ബന്ധപ്പെട്ടിട്ടും, അവർ ഇമെയിൽ വഴി ക്ഷമാപണം നടത്തിയെങ്കിലും അക്കൗണ്ടുകൾ വീണ്ടും തടയുകയായിരുന്നു,' അഭിഭാഷകൻ പറഞ്ഞു. തൻ്റെ നിയമ സ്ഥാപനത്തിൻ്റെ പരസ്യങ്ങൾക്കായി മുടക്കിയ ആയിരക്കണക്കിന് ഡോളർ നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം മെയ് മാസത്തിൽ തൻ്റെ സ്ഥാപനത്തിൻ്റെ ബിസിനസ് പേജ് നീക്കം ചെയ്തതിലൂടെ മാത്രം 11,000 ഡോളറിൻ്റെ നഷ്ടമുണ്ടായതായി അദ്ദേഹം വ്യക്തമാക്കി.

തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് സ്ഥിരമായി പുനഃസ്ഥാപിക്കണമെന്നും, അഭിഭാഷകന് ഉണ്ടായ പ്രതിസന്ധിക്കും പരസ്യങ്ങൾക്കായി നഷ്ടപ്പെട്ട പണത്തിനും നഷ്ടപരിഹാരം നൽകണമെന്നുമാണ് മാർക്ക് സക്കർബർഗ് മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

Tags:    

Similar News