ഇങ്ങനെ പോയാല്‍ മൂന്നാമതും പുറത്തിരിക്കേണ്ടി വരുമെന്ന സുനില്‍ കനുഗോലുവിന്റെയും ദീപ ദാസ് മുന്‍ഷിയുടെയും റിപ്പോര്‍ട്ടുകള്‍ കണ്ട് ഹൈക്കമാന്‍ഡും വിരണ്ടതോടെ സുധാകരന് സ്ഥാനചലനം; സാമുദായിക സന്തുലിതാവസ്ഥയും യുവജനപ്രാതിനിധ്യവും ഉറപ്പാക്കിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഇനി പുതിയ ദിശയില്‍ സഞ്ചരിക്കുമോ?
സംസ്ഥാനത്തെ കോണ്‍ഗ്രസ് ഇനി പുതിയ ദിശയില്‍ സഞ്ചരിക്കുമോ?
തിരുവനന്തപുരം: സംസ്ഥാനത്ത കോണ്‍ഗ്രസില്‍ പുതിയ അദ്ധ്യക്ഷനായി സണ്ണി ജോസഫ് വന്നതോടെ പാര്‍ട്ടി കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമോ? ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുന്ന നേതാവാണോ സണ്ണി? മലബാറില്‍ മാത്രം അറിയപ്പെടുന്ന നേതാവെന്ന ആക്ഷേപം കണ്ണൂരുകാരനായ സണ്ണി ജോസഫിനെ കുറിച്ചും പലരും ഉന്നയിച്ചിരുന്നു. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് പോലെ തിരഞ്ഞെടുപ്പ് സ്‌പെഷലിസ്റ്റുകളുടെ ഒരു ടീമിനെയാണ് ഹൈക്കമാന്റ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് ഇതിനെല്ലാം മുന്നോടിയായി പാര്‍ട്ടിയെ ഉഷാറാക്കാനും ഭരണം പിടിക്കാനും പുതിയ അദ്ധ്യക്ഷന്‍ വരണമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയത്.
കെ സുധാകരന് കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ അവസാനഘട്ടത്തില്‍ വിമുഖത ഉണ്ടായിരുന്നെങ്കിലും മാറ്റം അനിവാര്യമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ മനസ്സിലിരുപ്പ്. അതല്ലാതെ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ സാധ്യമല്ലെന്ന റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും മുഖവിലയ്ക്ക് എടുത്തു. കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുളള അകല്‍ച്ച സംഘടനാ സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ തടസ്സമാകുന്നതായും വിലയിരുത്തല്‍ വന്നിരുന്നു. പ്രധാന വിഷയങ്ങളില്‍ പോലും സംയുക്ത തീരുമാനമെടുത്ത് നിലപാട് പ്രഖ്യാപിക്കാന്‍ സാധിച്ചിരുന്നില്ല. ക്രൈസ്തവ സഭയെ അടുപ്പിക്കുന്നതിന്റെ ഭാഗമായി ആ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ അദ്ധ്യക്ഷനാക്കണമെന്ന തീരുമാനം കൂടി വന്നതോടെ, ആന്റോ അന്റണി അല്ലെങ്കില്‍ സണ്ണി ജോസഫ് എന്നായി കാര്യങ്ങള്‍.
കെ സുധാകരന്‍ അടക്കം പിന്തുണച്ചത് സണ്ണി ജോസഫിനെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസിസി അദ്ധ്യക്ഷനെന്ന നിലയില്‍ മികച്ച പ്രകടനമാണ് സണ്ണി ജോസഫ് കാഴ്ചവച്ചിട്ടുള്ളത്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്ന കാര്യം എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കെ സുധാകരനെ നേരിട്ട് അറിയിക്കുകയായിരുന്നു.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായം പ്രബലമായതിന്റെ അടിസ്ഥാനത്തിലാണ് സണ്ണി ജോസഫിന്റെ തിരഞ്ഞടുപ്പ്.. എ.കെ. ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് മുന്‍നിര നേതാക്കളില്ലെന്ന കാര്യം പരിഗണിക്കെപ്പെട്ടു. മുനമ്പം അടക്കം സമീപകാല സംഭവങ്ങളില്‍ കോണ്‍ഗ്രസിനോട് അകന്ന ക്രൈസ്തവ സഭയെയും വിഭാഗത്തെയും ചേര്‍ത്തുനിര്‍ത്തുക എന്ന ആലോചനയും ഇതിനുപിന്നിലുണ്ട്. അതേസമയം, കെ.സുധാകരനെ മാറ്റുമ്പോള്‍ ഈഴവ പ്രാതിനിധ്യം ഇല്ലാതാകുന്നത് കണക്കിലെടുത്ത് അടൂര്‍ പ്രകാശിന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കുകയും ചെയ്തു.
പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരാക്കിയതോടെ കെപിസിസിയില്‍ യുവജനപ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തു. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍, ടി. സിദ്ദീഖ് എന്നിവര്‍ക്ക് പകരമാണ് നിയമനം.
യുവാക്കളെ അടക്കം പരിഗണിക്കുന്ന നല്ലൊരു പട്ടികയാണ് പുറത്തുവന്നതെന്ന് രമേശ് ചെന്നിത്തല മതിപ്പ് രേഖപ്പെടുത്തിയപ്പോള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷം എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. ഒരു സാധാരണ പ്രവര്‍ത്തകനെ ആവേശത്തിലാക്കുന്ന ഉജ്ജ്വലമായ തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്.
'കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളരെ ധീരമായി നയിച്ച, കോണ്‍ഗ്രസിന്റെ ഓരോ കോണിലുള്ള പ്രവര്‍ത്തകന്റെ വിശ്വാസവും ആത്മാഭിമാനവും ഉയര്‍ത്തിയ കെ സുധാകരന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറുമ്പോള്‍ അദ്ദേഹത്തിനെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കെപിസിസിയുടെ പ്രസിഡന്റായി കണ്ണൂരില്‍ നിന്ന് തന്നെയാണ് ഒരാളെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
യുവ നേതാക്കളില്‍ ഉണര്‍ന്ന ഉത്സാഹം കെടുത്താതെ പുതിയ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ചുമുന്നോട്ടുപോവുക എന്നതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുന്നിലെ വഴി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവായാലും, ദീപദാസ് മുന്‍ഷിയായാലും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് നേതൃമാറ്റം അനിവാര്യമെന്നാണ് വ്യക്തമായി പറഞ്ഞിരുന്നത്. അഭിപ്രായ ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കാനാവാത്ത സാഹചര്യത്തില്‍ പുതിയ നേതൃത്വം വരികയല്ലാതെ തരമില്ലെന്ന സന്ദേശം ഹൈക്കമാന്‍ഡും ഉള്‍ക്കൊണ്ടതോടെ സുധാകരന്റെ ചെറുത്തുനില്‍പ്പിനെയും മാറ്റിനിര്‍ത്തി പുതിയ പട്ടികയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു.