ശശി തരൂരിനെ കോണ്‍ഗ്രസ് മാറ്റിനിര്‍ത്തിയപ്പോള്‍ കൂടെ നിര്‍ത്തി ബിജെപി; ഇ ടിക്ക് വേണ്ടി സ്വന്തം മണ്ഡലത്തിലെ സ്ഥാപനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ എംപിക്ക് അതൃപ്തി; കണ്ടറിഞ്ഞ് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് ബോഡി തിരഞ്ഞെടുപ്പില്‍ തരൂരിന് വേണ്ടി മാറി കൊടുത്ത് ബിജെപിയുടെ രാഷ്ട്രീയനീക്കം
ശശി തരൂരിനെ കോണ്‍ഗ്രസ് മാറ്റിനിര്‍ത്തിയപ്പോള്‍ കൂടെ നിര്‍ത്തി ബിജെപി
മലപ്പുറം: ശശി തരൂരിനെ കോണ്‍ഗ്രസ് മാറ്റിനിര്‍ത്തിയപ്പോള്‍ മികച്ച രീതിയില്‍ പരിഗണിച്ച് ബിജെപി. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് ബോഡി തിരഞ്ഞെടുപ്പിലാണ് സ്ഥലം എം.പികൂടിയായ ശശി തരൂരിനു വേണ്ടി ബിജെപി മാറിക്കൊടുത്തത്. കഴിഞ്ഞ ഗവേണിങ് ബോഡിയില്‍ ബിജെപിയുടെ ഉമേഷ് ജി. ജാദവ് എംപിയായിരുന്നു ബിജെപിയുടെ പ്രതിനിധി. ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീര്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണ ശശി തരൂരിനെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയത്.
പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ പത്രിക നല്‍കിയത്. സ്വന്തം മണ്ഡലത്തിലെ അഭിമാനമായ സ്ഥാപനത്തില്‍ നിലവിലുള്ള പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ ശശി തരൂരിന് അതൃപ്തിയുണ്ടായിരുന്നു. കീഴ് വഴക്കമനുസരിച്ച് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരോ അംഗങ്ങളെ തിരഞ്ഞെടുക്കാനാണ് കഴിയുക.
നിലവില്‍ ബിജെപിയുടെ പിന്തുണയോടെ ശശി തരൂരും പ്രതിപക്ഷ പ്രതിനിധിയായി ഇ.ടി. മുഹമ്മദ് ബഷീറും ഗവേണിങ് ബോഡി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഗവേണിങ് ബോഡിയിലേക്ക് മല്‍സരിച്ച 3 സ്വതന്ത്ര എംപിമാര്‍ പത്രിക പിന്‍വലിച്ചിരുന്നു. ഇ.ടി.മുഹമ്മദ് ബഷീറിനു വേണ്ടി മുസ്ലിംലീഗ് രംഗത്തുവന്നതോടെയാണു തരൂരിനെ വെട്ടി ഇ.ടിയെ കോണ്‍ഗ്രസ് പിന്തുണച്ചത്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണു ശശിതരൂരിനോടു ഇ.ടിക്കുവേണ്ടി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. തന്റെ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗവേഷണ സ്ഥാപനത്തില്‍നിന്നും തരൂര്‍ മാറി നില്‍ക്കേണ്ട ഘട്ടത്തിലാണു തന്റെ അതൃപ്തി കോണ്‍ഗ്രസ് നേതാക്കളെ തരൂര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇത് മനസ്സിലാക്കിയ ബി.ജെ.പി ദേശീയ നേതൃത്വമാണു ഇടപെടല്‍ നടത്തി തരൂരിനെ പിന്തുണച്ചത്.
ബി.ജെ.പിയുടെ നോമിനിയായി തരൂരിനെ വിജയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് ഒരാളും ഭരണ പക്ഷത്തുനിന്നും ഒരാളുമായിരുന്നു സാധാരണ കീഴ്വഴക്ക പ്രകാരം ഗവേണിംഗ് ബോഡിയിലേക്കു വരാറുള്ളത്. തരൂരിനെ വിജയിപ്പിക്കാന്‍ പിന്തുണ നല്‍കിയതു ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നുവരെ ആരോപണമുയര്‍ന്നിട്ടുള്ളത്. നിലവില്‍ കേരളത്തില്‍ നിന്നും ലോകസഭയിലേക്കു ബി.ജെ.പി പ്രതിനിധിയായ സുരേഷ്ഗോപി വിജയിച്ചിട്ടും അദ്ദേഹത്തെ പരിഗണിക്കാതെ യു.ഡി.എഫ് ലോകസഭാ പ്രതിനിധിയെ ബി.ജെ.പി പിന്തുണച്ചതിന്റെ പിന്നിലെ രഹസ്യം അന്വേഷിക്കുകയാണു കോണ്‍ഗ്രസ്നേതാക്കളും.
തരൂരിന്റെ രാഷ്ട്രീയ നീക്കത്തിന്റെ മാറ്റമാണോ ഇതൊന്നും സംശയങ്ങളുയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തെ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു ഇ.ടി.മുഹമ്മദ് ബഷീര്‍ ആയതിനാല്‍ കൂടുതല്‍ ഇടപെടലുകളുടെ ആവശ്യമുണ്ടെന്നുമാണു ഇ.ടിയെ ഈ പദവിയിലെത്തിക്കാന്‍ ലീഗ് ചൂണ്ടിക്കാട്ടുന്നത്.