'മുട്ട നല്ലതാണ്... പക്ഷെ ചീമുട്ടയായാല്‍...?' കോഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളായിരിക്കും; അരുണ്‍കുമാറിനേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുകൂടി സാമാന്യ മര്യാദകള്‍ പുലര്‍ത്തുന്നത് നല്ലതാണെന്ന് വി ടി ബല്‍റാം; കോണ്‍ഗ്രസുകാര്‍ പ്രതിഷേധം തുടരുന്നു

'മുട്ട നല്ലതാണ്... പക്ഷെ ചീമുട്ടയായാല്‍...?'

Update: 2025-07-24 05:53 GMT

തിരുവനന്തപുരം: വിഎസിന്റെ സംസ്‌ക്കാര ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചു സംസാരിച്ച റിപ്പോര്‍ട്ടര്‍ ടിവി അവതാരകന്‍ ഡോ. അരുണ്‍കുമാറിനെതിരെ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം തുടരുന്നു. നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ രേഖപ്പെടുത്തുന്നത്. 'മുട്ട നല്ലതാണ്... പക്ഷെ ചീമുട്ടയായാല്‍...?'എന്നു പറഞ്ഞ് കോഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്താണ്് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതിഷേധിച്ചത്. വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധേം രേഖപ്പെടുത്തി.

ഡോ. അരുണ്‍കുമാറിനേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുകൂടി സാമാന്യ മര്യാദകള്‍ പുലര്‍ത്തുന്നത് നല്ലതാണെന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളായിരിക്കും. ചിലര്‍ മുഷ്ടി ചുരുട്ടും, ചിലര്‍ മുദ്രാവാക്യം വിളിക്കും, ചിലര്‍ പൂക്കളര്‍പ്പിക്കും, ചിലര്‍ മെഴുകുതിരി കത്തിക്കും, ചിലര്‍ മൗനമായി നില്‍ക്കും, ചിലര്‍ നോമ്പ് നോല്‍ക്കും, ചിലര്‍ ബലിയിടും, ചിലര്‍ അനുസ്മരണ സമ്മേളനം നടത്തും, ചിലര്‍ അന്നദാനമോ ചാരിറ്റി പ്രവര്‍ത്തനങ്ങളോ നടത്തും.

അവരവരുടെ വിശ്വാസവും ശീലങ്ങളുമൊക്കെയായിരിക്കും ഈ ഓരോ രീതികളിലേക്കും അവരെ നയിക്കുന്നത്. മറ്റുള്ളവരെ നേരിട്ട് ബുദ്ധിമുട്ടിക്കാത്തിടത്തോളം അതിലെ ശരിതെറ്റുകളും യുക്തിയുമൊക്കെ അത് ചെയ്യുന്നവര്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. പുറത്തുനിന്ന് ഒരാള്‍ ഇതിലൊക്കെ ഇടപെടുന്നതും വിധി പ്രഖ്യാപിക്കുന്നതും പരിഹസിക്കുന്നതും അല്‍പ്പത്തരവും ജനാധിപത്യ വിരുദ്ധവുമാണ്.

ഡോ. അരുണ്‍കുമാറിനേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുകൂടി സാമാന്യ മര്യാദകള്‍ പുലര്‍ത്തുന്നത് നല്ലതാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് ഇങ്ങനെ:

ആള്‍ക്കൂട്ടമായി ഒരാള്‍. ഉമ്മന്‍ചാണ്ടി സാറിനെ പറ്റി ജീവിച്ചിരുന്ന കാലത്ത് പറയാറുണ്ട് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ സാറാണെന്ന്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ രണ്ടാം അനുസ്മരണ സമ്മേളനം പുതുപ്പള്ളി പള്ളിയുടെ മുറ്റത്ത് വെച്ച് നടന്നത്. കെപിസിസി ഒരു അനുസ്മരണ സമ്മേളനം പ്രഖ്യാപിച്ച് പന്തല്‍ കെട്ടി ശ്രീ രാഹുല്‍ ഗാന്ധി ഉത്ഘാടനം ചെയ്ത പരിപാടിയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പതിനായിരക്കണക്കിന് മനുഷ്യരാണ് എത്തിയത്.

ഏതെങ്കിലും മണ്ഡലം കമ്മിറ്റി ആളെ കൂട്ടിയിട്ട് വാഹനം ക്രമീകരിച്ചു വന്ന ജനാവലി അല്ല അത്. ആ വന്നവര്‍ അത്രയും ഉമ്മന്‍ ചാണ്ടി എന്ന വലിയ മനുഷ്യനോടുള്ള അടങ്ങാത്ത സ്‌നേഹം കൊണ്ട് വന്നതാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരണ ശേഷവും കേരളത്തിലെ ഏറ്റവും വലിയ crowd puller ഉമ്മന്‍ ചാണ്ടി സാറാണ് എന്ന് തെളിയിക്കപ്പെട്ട ദിവസമായിരുന്നു അത്.

സാറിന്റെ ഓര്‍മ ദിവസം മാത്രമല്ല എല്ലാ ദിവസവും നൂറു കണക്കിന് മനുഷ്യര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുതുപ്പള്ളിയിലെ സാറിന്റെ കല്ലറയിലേക്ക് ഒഴുകി എത്താറുണ്ട്. ചിലര്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കുന്നത് കാണാം, ചിലര്‍ നിറകണ്ണുകളോടെ നില്ക്കുന്നത് കാണാം , ചിലര്‍ കൈ കൂപ്പി ഇരിക്കുന്നത് കാണാം അങ്ങനെ അങ്ങനെ ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് സാറിനെ അനുസ്മരിക്കുന്നത് .

എന്നാല്‍ ഏറ്റവും കൗതുകമായി തോന്നിയിട്ടുള്ളത് ചിലര്‍ സാറിന്റെ കല്ലറയില്‍ എത്തി അവരുടെ ആവലാതികള്‍ അപേക്ഷകളായി സമര്‍പ്പിക്കുന്നത് കാണുമ്പോഴാണ്. അങ്ങനെ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വിവേകശൂന്യരായിട്ടല്ല , ഒരുപക്ഷേ അതവര്‍ക്ക് ഒരു ആശ്വാസമായിരിക്കാം അതല്ലങ്കില്‍ ക്രിസ്തീയ വിശ്വാസമനുസരിച്ച് വിശുദ്ധ ജീവിതം നയിച്ച് ഇവിടെ നിന്ന് കടന്ന് പോയവര്‍ക്ക് ദൈവ സന്നിധിയില്‍ മദ്ധ്യസ്ഥത യാചിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരിക്കാം.

ജീവിച്ചിരിക്കുന്ന ഭരണാധികാരിയേക്കാള്‍ ജനത്തിന് വിശ്വാസം മരണപ്പെട്ട മുന്‍ മുഖ്യമന്ത്രിയെയായത് കൊണ്ടാകാം ആ മനുഷ്യന്റെ കല്ലറയിലേക്ക് ജനങ്ങള്‍ പ്രവഹിക്കുന്നതും അസൂയാലുക്കള്‍ വിഷം വസിപ്പിക്കുന്നതും. ഉമ്മന്‍ ചാണ്ടി സാറിനെ മരണ ശേഷവും ആശ്രയിക്കുന്ന മനുഷ്യര്‍ക്ക് മുന്നിലേക്ക് നിങ്ങള്‍ എത്ര paid അപരാധങ്ങള്‍ പറഞ്ഞാലും അവരുടെ മുന്നില്‍ നിങ്ങള്‍ അപഹാസ്യരാവുകയെ ഒള്ളു...

ഉമ്മന്‍ ചാണ്ടി എന്ന സ്‌നേഹ സാമ്രാജ്യത്തെ തകര്‍ക്കാന്‍ നിങ്ങളുടെ TRP ക്ക് കരുത്ത് ഉണ്ടാകില്ല.

എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിന്‍'

വി.മത്തായി-5.11

വിശദീകരണവുമായി അരുണ്‍കുമാര്‍

ഉമ്മന്‍ചാണ്ടിയെ അവഹേളിച്ചെന്ന ആരോപണം കടുത്തതോടെ ആരോപണത്തിന് മറുപടി നല്‍കി അരുണ്‍കുമാര്‍ രംഗത്തുവന്നു. താന്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരുവാക്ക് പറഞ്ഞിട്ടില്ലെന്നാണ് അരുണ്‍കുമാര്‍ ഇന്ന് വിശദീകരിച്ചത്. തനിക്ക് അയച്ചുതന്ന ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റ് വായിക്കുകയാണ് ചെയ്തത്. തികച്ചും ഭൗതികവാദിയായ വിഎസിനെ കുറിച്ചാണ് പറഞ്ഞത്. മുമ്പ് വിഎസിന് ദൈവത്തില്‍ വിശ്വാസമുണ്ടോ എന്നു അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതിന് വിഎസ് മറുപടി നല്‍കിയത് അമ്മയും അച്ഛനും ചെറുബാല്യത്തില്‍ നഷ്ടമയപ്പോള്‍ പിന്നെ ഈശ്വരനെ വിളിച്ചിട്ട് കാര്യമുണ്ടോ എന്നായിരുന്നു.

വിഎസിന്റ മരണ ശേഷം ഭൗതികവാദിയായ അദ്ദേഹത്തിന്റെ സ്മൃതി കൂടീരത്തില്‍ ഭക്തിയോടെ ആരും വരില്ലെന്നാണ് ഉദ്ദേശിച്ചത്. നേതാവിന്റെ ഭക്തന്‍മാരുകുന്നത് അടിമത്തതിന്റെ ലക്ഷണമാണെന്നാണ് അംബേദ്കര്‍ സൂചിപ്പിച്ചത്. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ക്ക് പ്രചോദനമല്ലേ. അതിന്റെപേരില്‍ ആരാധനാലയങ്ങല്‍ ഉയരുന്നതും അതൊരു ഭക്തിയായ മാറുന്നതും അടിമത്താണ്. ആ നിലപാടാണ് തനിക്കുള്ളത്. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് അങ്ങനെയുമാകാമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. താന്‍ പറഞ്ഞത് വിഎസിനെ കുറിച്ച് മാത്രമാണ്. ഉമ്മന്‍ചാണ്ടി ജനങ്ങളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അരുണ്‍കുമാര്‍ മറുപടിയായി പറഞ്ഞു.

Tags:    

Similar News