ആദ്യ ആഴ്ചയിൽ തന്നെ കിട്ടിയത് മുന്നൂറിലധികം പരാതികൾ; ഫേസ്ബുക്കിൽ ഒരൊറ്റ കമെന്റ് മാത്രം മതി; മറുപടി ഉറപ്പാണ്; പരിഹാരം കാണാനുള്ള നടപടികളും സ്വീകരിക്കും; വിഗ്നേശ്വരിയുടെ പുതിയ ആശയം വൻ വിജയം; കണക്ട് വിത് കളക്ടർ പരിപാടി സൂപ്പറെന്ന് ജനങ്ങൾ!
ഇടുക്കി: ഇടുക്കിയുടെ നാല്പത്തിയൊന്നാമത് ജില്ലാ കളക്ടറായി ചുമതയേറ്റ വ്യക്തിത്വമാണ് വി. വിഗ്‌നേശ്വരി ഐ.എ.എസ്. ജില്ലയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ പരമാവധി പ്രയത്നിക്കുമെന്ന് കളക്ടർ പറഞ്ഞിരുന്നു. മികച്ച പുരോഗതി നേടുന്നതിന് ജനങ്ങൾ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ച് ജില്ലയിൽ വികസനം ഉറപ്പാക്കിയും കളക്ടറുടെ യാത്ര തുടരുന്നു.
2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. തമിഴ്നാട് മധുര സ്വദേശി. കെ.ടി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിക്കുകയും. കോട്ടയം ജില്ലാ കളക്ടർ പദവിയിൽ നിന്നാണ് ഇടുക്കിയിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ, 'കണക്ട് വിത് കളക്ടർ' എന്ന പരിപാടി വൻ വിജയമെന്ന് വിവരങ്ങൾ. ആദ്യ ആഴ്ചയിൽ 300 പരാതികൾ ലഭിച്ചെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി പരാതികൾ ഉന്നയിക്കാം. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കളക്ടറെ നേരിട്ട് കാണാതെ തന്നെ പ്രശ്നങ്ങളും വികസന കാര്യങ്ങളും പങ്കുവെക്കാനുള്ള ലളിതമായ അവസരമാണിതെന്ന് കളക്ടർ പറയുന്നു.
ഓരോ ബുധനാഴ്ചയുമാണ് പരാതികൾ പരിഗണിക്കുന്നത്.വൈകിട്ട് 6 മണിക്ക് കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കും. അതിന്റെ കമന്‍റായി പരാതികൾ, പ്രശ്നങ്ങൾ, നിർദേശങ്ങൾ എന്നിവ രേഖപ്പെടുത്താം. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പരിഹാരം കാണുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.
ആദ്യ ദിവസം ലഭിച്ച 300 സന്ദേശങ്ങൾ വ്യത്യസ്ത വിഷയങ്ങൾ ആയതിനാൽ ഓരോന്നും ആലോചിച്ചു പ്രതികരിക്കാൻ കുറച്ചു സമയം ആവശ്യമാണെന്ന് കളക്ടർ വ്യക്തമാക്കി. അതിനാൽ അടുത്ത രണ്ട് ദിവസത്തിനകം സന്ദേശത്തിന് വ്യക്തിഗതമായി മറുപടി നൽകുമെന്നും കളക്ടർ ഉറപ്പ് നൽകുകയും ചെയ്തു.
ജനങ്ങളും ഭരണകൂടവും തമ്മിലുള്ള അകലം കുറയ്ക്കാനും ഒരു പരാതി പോലും ശ്രദ്ധയിൽപെടാതെ പോകാതെ നോക്കാനും ജനസൗഹൃദ ഭരണത്തിന്റെ ഭാഗമാകാനുമാണ് ഈ പുതിയ തുടക്കമെന്ന് കളക്ടർ പറയുന്നു. പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഒരു മാധ്യമമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പൊതുജന പരാതി പരിഹാര സംവിധാനത്തിൽ വാട്ട്‌സ്ആപ്പിനെ സംയോജിപ്പിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണെന്നും കളക്ടർ വ്യക്തമാക്കി.
ഇതിനിടെ, കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റും വൈറലായിരുന്നു. കുറിപ്പ് ഇങ്ങനെ...
കുറച്ചുനാളായി ഫേസ്ബുക്ക് റെഗുലറായി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല. അത്യാവശ്യം തിരക്കുണ്ട്. ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമായും കൃത്യമായും ചെയ്യണമല്ലോ. അല്ലാതെ വെറുതെ എന്തെങ്കിലും കുത്തികുറിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഇടവേളകൾ ഉണ്ടാകുന്നത്.
ഞാൻ ഇപ്പോൾ വന്നത് ഒരു പ്രധാനകാര്യം പറയാനാണ്. ഏപ്രിൽ 9 മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് നേരിട്ട് തത്സമയം മറുപടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പത്രങ്ങൾ വഴി നിങ്ങൾ വിവരം അറിഞ്ഞിട്ടുണ്ടകും എന്നറിയാം. എങ്കിലും നിങ്ങളോട് നേരിട്ട് പറയണമല്ലോ. അതുകൊണ്ടാ.
പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും വിവരങ്ങൾ അറിയിക്കാം. പരമാവധി വിഷയങ്ങളിൽ തത്സമയം മറുപടി നൽകാൻ ശ്രമിക്കും. എന്നാൽ കൂടുതൽ വിവരം ശേഖരിക്കേണ്ട കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ അന്വേഷിച്ച ശേഷം പരിഹാരം കാണാൻ മാത്രമേ സാധിക്കൂ.
പലർക്കും കളക്ടറെ നേരിട്ട് വന്ന് കണ്ട് പരാതികൾ പറയാനോ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനോ കഴിയാറില്ല. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ കുടുംബത്തിന്റെ അന്നം മുടങ്ങും. അങ്ങനെയുള്ളവർ തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളും നീതിയും ചോദിച്ചു വാങ്ങാൻ പലപ്പോഴും മുതിരാറില്ല. അത്തരക്കാർക്കാണ് ഫേസ്ബുക്ക് വഴി അവസരമൊരുക്കുന്നത്. അനാവശ്യ ചോദ്യങ്ങളും കോടതി സംബന്ധമായ വിഷയങ്ങളും ഒഴിവാക്കി സാധാരണക്കാരന്‍റെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ എന്നെ നിങ്ങൾ സഹായിക്കണം.
കുറിപ്പ് സോഷ്യൽ മീഡിയയിൽ സഹിതം ജനങ്ങൾ ശ്രദ്ധിക്കപ്പെടുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്കിടയിൽ പുതിയൊരു ആശയം പങ്ക് വച്ച് ഇടുക്കി കളക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് മുന്നോട്ട് വരുന്നത്.