കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് കോര്‍പ്പറേഷന്റെ നോട്ടീസ്; അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം; ദിവ്യാ ഉണ്ണിയില്‍ നിന്നും മൊഴിയെടുക്കും
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് കോര്‍പ്പറേഷന്റെ നോട്ടീസ്
കൊച്ചി: ഉമാ തോമസ് എംഎല്‍എക്ക് മാരക പരിക്കേറ്റ കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ്. അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചുമാണ് നോട്ടീസ് അയച്ചത്. മൃദംഗ വിഷന്‍ എന്ന സംഘടനക്കാണ് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്ക് സാധാരണഗതിയില്‍ കോര്‍പറേഷന്റെ പിപിആര്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. പിപിആര്‍ ലൈസന്‍സ് എടുക്കാതെ ഗ്യാലറിയില്‍ സ്റ്റേജ് നിര്‍മിച്ച് പരിപാടി നടത്തിയതിന്റെ കാരണം വിശദീകരിക്കണമെന്നാണ് റവന്യൂ വിഭാഗം നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. വിനോദ നികുതി വെട്ടിച്ചതിനാണ് രണ്ടാമത്തെ നോട്ടീസ്.
പരിപാടി കാണാന്‍ എത്തിയവര്‍ക്ക് പണം വാങ്ങി വിറ്റ ടിക്കറ്റുകളുടെ എണ്ണം, ടിക്കറ്റുകളുടെ നിരക്ക്, ലഭിച്ച പണം എത്ര തുടങ്ങിയ വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് രണ്ടാമത്തെ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. വയനാട് ആസ്ഥാനമായ മൃദംഗവിഷന്‍ എന്ന സംഘടനക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. കലാകാരന്‍മാര്‍ അടക്കം 30,000 പേര്‍ പങ്കെടുത്ത നൃത്ത പരിപാടി ഒരു അനുമതിയും വാങ്ങാതെ നടത്തിയെന്നാണ് കോര്‍പറേഷന്റെ വാദം.
അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യും. ഇവരെ കൂടാതെ സംഘാടകരായ മൃദംഗ വിഷന്‍ രക്ഷാധികാരി നടന്‍ സിജോയ് വര്‍ഗീസില്‍നിന്നും വിവരങ്ങള്‍ തേടും. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തണമോയെന്ന് തീരുമാനിക്കും. പരിപാടിയുടെ സംഘാടനത്തില്‍ ഇവരുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുക. മൃദംഗ വിഷനുമായി ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ആരോപണങ്ങളും അന്വേഷിക്കും.
അതിനിടെ, കോര്‍പറേഷന്റെ അനുമതി തേടാതെയാണ് നൃത്ത പരിപാടി സംഘടിപ്പിച്ചതെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. സംഘാടകര്‍ കോര്‍പറേഷനെ സമീപിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തില്ല. വിനോദ നികുതിയും അടച്ചില്ല. മര്യാദയില്ലാത്ത സമീപമാണ് അവര്‍ സ്വീകരിച്ചത്. തന്നെ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്. വരില്ല എന്ന് അപ്പോള്‍തന്നെ പറഞ്ഞിരുന്നു.
അവിടെ നടന്നത് ടിക്കറ്റ് വെച്ച് പണം പിരിച്ചുള്ള പരിപാടിയാണ്. അതിന് ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ല. കോര്‍പറേഷന്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംഘാടകര്‍ക്ക് നോട്ടീസ് അയക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.