കേരളത്തിലും കോള്‍ഡ്രിഫ് ബ്രാന്‍ഡിന്റെ വില്‍പ്പന നിരോധിച്ച് സര്‍ക്കാര്‍; കഫ് സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍; ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും വ്യാപക പരിശോധന; മധ്യപ്രദേശില്‍ രണ്ട് മരണം കൂടി; ഇതുവരെ മരിച്ചത് 14 കുട്ടികള്‍
ന്യൂഡല്‍ഹി: ചുമമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. രാജ്യത്ത് ആകെ 14 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഇന്നലെയാണ് മധ്യപ്രദേശിലെ രണ്ടിടങ്ങളില്‍ കൂടി കുട്ടികളുടെ മരണം സംഭവിച്ചത്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആശങ്ക വ്യാപകമായി. അതേസമയം, തെലങ്കാന സര്‍ക്കാര്‍ ഇതിനിടെ ''കോള്‍ഡ്രിഫ്'' എന്ന ചുമമരുന്നിന്റെ വില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തി. മരുന്നില്‍ അപകടകാരിയായ ഘടകം കണ്ടെത്തിയതോടെയാണ് നടപടി. തമിഴ്‌നാട്ടില്‍ നിര്‍മിച്ച ഈ കഫ് സിറപ്പില്‍ അനുവദനീയമായതിലും കൂടുതല്‍ ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ ഉള്ളതായി കേന്ദ്ര പരിശോധനാ സംഘം കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. സെപ്റ്റംബര്‍ രണ്ടുമുതല്‍ അസാധാരണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടി വൈകിയതെന്തെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുന്നോട്ട് വന്നു. കുട്ടികള്‍ക്ക് ബ്രേക്ക് ഓയില്‍ ചേര്‍ന്ന മരുന്ന് നല്‍കിയെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചകള്‍ക്കിപ്പുറം മാത്രമാണ് മരിച്ച കുട്ടികളില്‍ കിഡ്നി തകരാറാണ് കാരണം എന്ന് കണ്ടെത്തിയത്. നാഗ്പൂരില്‍നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിന് ശേഷമാണ് അധികൃതര്‍ അന്വേഷണ നടപടികള്‍ ആരംഭിച്ചത്. ചില കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുക്കള്‍ അനുമതി നല്‍കിയില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തിലും കോള്‍ഡ്രിഫ് ബ്രാന്‍ഡിന്റെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആര്‍ 13 എന്ന ബാച്ച് കേരളത്തില്‍ വില്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം. സംസ്ഥാനത്ത് ഈ ബ്രാന്‍ഡിന്റെ മരുന്നുകള്‍ ആശുപത്രികളിലും ഫാര്‍മസികളിലും എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗം പ്രത്യേക സംഘം നിയോഗിച്ചിട്ടുണ്ട്.
ഈ ബ്രാന്‍ഡിന്റെ വില്‍പന തടയാനായി ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കഫ് സിറപ്പിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തുമെന്നും ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചു. മറ്റ് ബ്രാന്‍ഡുകളുടെ സാമ്പിളുകളും ശേഖരിക്കും. കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡുകളുടെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.